മനാമ: വിസയില്ലാതെ ബഹറിനിൽ കഴിയുന്ന പ്രവാസികൾക്ക് നിയമ വിധേയമായി തൊഴിലെടുക്കാൻ സാഹചര്യമൊരുക്കുന്ന ഫ്‌ളക്‌സിബിൾ വർക്ക് പെർമിറ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ അൽ അബ്‌സി അറിയിച്ചു. നിയമവിരുദ്ധമായി കഴിയുന്ന ഏകദേശം 48,000 ത്തോളം പ്രവാസി തൊഴിലാളികൾക്കാണ് ഇതുവഴി നിയമാനുസൃതമായി ജോലി ചെയ്യാനുള്ള അവസരം ഒരുങ്ങുന്നത്.

2016 സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ തൊഴിലുടമ വിസ പുതുക്കി നൽകാ തിരിക്കുകയോ, വിസ റദ്ദാക്കുകയോ ചെയ്തിട്ടും രാജ്യത്തു തുടരുന്ന തൊഴിലാളികൾക്കാണ് അപേക്ഷ നൽകാൻ യോഗ്യതയുണ്ടാവുകയെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റിയുടെ ആസ്ഥാന മന്ദിരത്തിൽ നടന്ന പ്രസ് കോൺഫറൻസിൽ അദ്ദേഹം വ്യക്തമാക്കി. എൽ.എം.ആർ.എ സ്ഥാപിതമായതിന്റെ 10ാം വാർഷികവേളയിൽ നടപ്പാക്കുന്ന ഈ നടപടിയിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും തൊഴിൽ വിപണിയെയും ചടുലമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഫ്‌ളെക്‌സിബ്ൾ വർക്‌പെർമിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ കീഴിലും ജോലിചെയ്യാം. പാർടൈം ആയോ, മുഴുവൻ സമയമോ ഒരു തൊഴിലുടമയുടെയോ ഒന്നിലധികം പേരുടെയോ കീഴിൽ പ്രവർത്തിക്കാം. തൊഴിലാളി തന്നെയാണ് ഫ്‌ളെക്‌സിബ്ൾ വർക് പെർമിറ്റിന് അപേക്ഷിക്കേണ്ടത്. പെർമിറ്റ് എടുക്കുന്നവർക്ക് തിരിച്ചറിയൽ കാർഡും അനുവദിക്കും. 200 ദിനാറാണ് ഫ്‌ളെകസിബ്ൾ വർക് പെർമിറ്റ് ഫീസ്. രണ്ടുവർഷത്തേക്കാണ് ഇത് അനുവദിക്കുക. ഹെൽത് കെയർ ഇനത്തിൽ 144 ദിനാറും പ്രതിമാസം ഫീസായി 30 ദിനാർ വീതവും ഗോസി തുകയും അടക്കണം. കൂടാതെ നാട്ടിലേക്ക് മടങ്ങാനുള്ള വിമാനടിക്കറ്റിനുള്ള പണവും ഡെപ്പോസിറ്റ് ആയി നൽകേണ്ടി വരും

ഫ്‌ളെക്‌സിബ്ൾ വർക്കർ, ഫ്‌ളെക്‌സിബ്ൾ ഹോസ്പിറ്റാലിറ്റി വർക്കർ എന്നിങ്ങനെ രണ്ടു തരം വർക്‌പെർമിറ്റുകളാണ് അനുവദിക്കുക. ഹോസ്പിറ്റാലിറ്റി വർക്ക് പെർമിറ്റ് ആവശ്യമുള്ള തൊഴിലാളികൾക്ക് പ്രത്യേക വൈദ്യപരിശോധനകളും ഉണ്ടായിരിക്കും. ഹോസ്പിറ്റൽ, ക്ലിനിക്, ഹോട്ടൽ, സലൂൺ, റെസ്റ്റോറന്റ്, തുടങ്ങിയ ജോലികൾ ചെയ്യുന്നവർക്കാണ് ഈ പെർമിറ്റ് ആവശ്യമായുള്ളത്. ഇവരുടെ കായികക്ഷമത പരിശോധിച്ച ശേഷമേ പെർമിറ്റ് നൽകുകയുള്ളൂ. വിവിധ അഥോറിറ്റികളുടെ രജിസ്‌ട്രേഷൻ ആവശ്യമുള്ള മെഡിക്കൽ, എഞ്ചിനിയറിങ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലെ ജോലികൾ ചെയ്യാനായി ഫ്‌ളെക്‌സിബ്ൾ വർക് പെർമിറ്റ് ഉള്ളവരെ അനുവദിക്കില്ല. ഫ്‌ളക്‌സിബിൾ വർക്ക് പെർമിറ്റുള്ള തൊഴിലാളികൾ രാജ്യത്തെ നിയമവ്യവസ്ഥിതിയെ മാനിച്ചു കൊണ്ട് തന്നെ ജോലി
ചെയ്യണം. നിയമലംഘനം നടത്തുന്നവരെ നാട് കടത്തുമെന്നും അവർക്കു മറ്റൊരു അവസരം നൽകില്ലായെന്നും ഉസാമ അൽ അബ്‌സി പറഞ്ഞു.

നിയമാനുസൃതമായ രേഖകളോടെ ജോലി ചെയ്യുന്നവർക്കും, തദ്ദേശീയരായ തൊഴിലാളികൾക്കും, തൊഴിലുടമകളെ അറിയിക്കാതെ ഓടിപ്പോയവർക്കും, വിസിറ്റ് വിസിയിലെത്തിയവർക്കും, റൺ എവേ കേസ് ഉള്ളവർക്കും ഈ സേവനം ലഭിക്കുകയില്ല. ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി വഴി നൽകപ്പെടുന്ന ഫ്‌ളക്‌സിബിൾ വർക്ക് പെർമിറ്റിനുള്ള അപേക്ഷകൾ 2017 ജൂൺ മാസം വരെ സമർപ്പിക്കാം. മിഡിൽഈസ്റ്റിൽ ആദ്യമായി നടപ്പാക്കുന്ന ഈ നിയമം പ്രവാസികൾ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.