2014 മാർച്ച് എട്ടിന് ക്വാലാലംപൂരിൽ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രമധ്യേ 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ വിമാനം എംഎച്ച് 370നെപ്പറ്റിയുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നു. ആകാശത്ത് ദുരൂഹസാഹര്യത്തിൽ അപ്രത്യക്ഷമായ വിമാനം ഇപ്പോൾ മൗറീഷ്യസിൽ ഉണ്ടെന്ന അഭ്യൂഹമാണ് ശക്തമായിരിക്കുന്നത്. ഗൂഗിൾ എർത്ത് വഴി ഈ വിമാനം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഓസ്‌ട്രേലിയൻ മെക്കാനിക്കൽ എൻജിനീയർ പീറ്റർ മാക്മഹോനാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ 25 വർഷങ്ങളായി താൻ ക്രാഷ് ഇൻവെസ്റ്റിഗേഷനുകൾ നടത്തുന്നുണ്ടെന്നും എംഎച്ച് 370നെ മൗറീഷ്യസിൽ കണ്ടെത്തിയെന്നും ഈ 64 കാരൻ ആവർത്തിക്കുന്നു.

വിമാനം കാണാതായതിനെ തുടർന്ന് ചൈന, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ 115 മില്യൺ പൗണ്ട് ചെലവിട്ട് വൻ തെരച്ചിലാണ് നടത്തിയിരുന്നത്. എന്നാൽ അതിൽ പുരോഗതിയൊന്നുമുണ്ടാവാത്തതിനെ തുടർന്ന് 2017 ജനുവരിയിൽ തെരച്ചിൽ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. വിമാനം കാണാതായത് മുതൽ താൻ ഗൂഗിൾ മാപ്‌സ് ഇമേജ്, നാസ ഇമേജുകൾ തുടങ്ങിയവയുടെ സഹായത്തോടെ വിമാനത്തെ അന്വേഷിച്ച് വരുകയായിരുന്നുവെന്നും ഇപ്പോൾ അതിനെ മൗറീഷ്യസിന് വടക്ക് വശത്തുള്ള ചെറിയ ദ്വീപായ റൗണ്ട് ഐലന്റിന് 10 മൈൽ തെക്ക് മാറി വിമാനത്തെ കണ്ടെത്തിയെന്നും മാക്മഹോൻ വെളിപ്പെടുത്തുന്നു.

ഒരു ഫോട്ടോയിൽ വിമാനം വെള്ളത്തിനടിയിൽ കിടക്കുന്നത് തെളിഞ്ഞ് കാണാമെന്നും അദ്ദേഹം സമർത്ഥിക്കുന്നു. എംഎച്ച്370മായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾ നടത്തുന്നതിനായി നാല് അമേരിക്കക്കാരെ ഓസ്‌ട്രേലിയയിലേക്ക് അയച്ചിരുന്നുവെന്നും എന്നാൽ തങ്ങൾക്ക് വിമാനത്തെ കുറിച്ച് ലഭിച്ച വിവരങ്ങൾ പൊതുജനങ്ങളിൽ നിന്നും മറച്ച് വയ്ക്കാനായിരുന്നു അവർക്ക് ലഭിച്ച നിർദ്ദേശമെന്നും മാക്മഹോൻ ആരോപിക്കുന്നു. വെള്ളത്തിനടിയിൽ കണ്ടെത്തിയ വിമാനത്തിൽ വെടിയുണ്ടകളേറെ ഏറ്റിരുന്നുവെന്നും അത് പുറത്തറിഞ്ഞാൽ രണ്ടാമതൊരു അന്വേഷണം കൂടി നടത്താൻ അധികൃതർ നിർബന്ധിതരാവുമെന്നും അതിനാൽ എല്ലാം മറച്ച് വയ്ക്കുകയാണ് അധികൃതർ ചെയ്തിരിക്കുന്നെതെന്നും മാക്മഹോൻ ആരോപിക്കുന്നു.

ഈ വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് ഇതു വരെ സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെ അതുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. വിമാനം വെടിവച്ചിട്ടതാണെന്ന് വിശ്വസിക്കുന്ന നിരവധി പേർ അതിലുണ്ടായിരുന്ന യാത്രക്കാരുടെ ബന്ധുക്കളായുണ്ട്. ഇതിനിടെ ' ഫ്‌ളൈറ്റ് എംഎച്ച്370; ദി മിസ്റ്ററി' എന്ന പേരിൽ യുകെയിൽ ഒരു പുസ്തകം പുറത്തിറങ്ങിയിരുന്നു. യുഎസ്തായ് സ്‌ട്രൈക്ക് ഫൈറ്റർമാർ വിമാനത്തെ വെടിവച്ചിട്ടതാണെന്നാണീ പുസ്തകവും സമർത്ഥിക്കുന്നത്. സംയുക്ത സൈനിക അഭ്യാസത്തിനിടെ ഇവർ അബദ്ധത്തിൽ വിമാനം വെടിവച്ചിട്ട് പോവുകയായിരുന്നുവെന്നാണീ പ ുസ്തകം വെളിപ്പെടുത്തുന്നത്.

വിമാനത്തിലെ പൈലറ്റായിരുന്ന സഹാി അഹമ്മദിനോ അല്ലെങ്കിൽ സഹ പൈലറ്റ് ഫാറിക് അബ്ദുൾ ഹമീദിനോ മാനസികമായി പ്രശ്‌നങ്ങളുണ്ടായിരിക്കാമെന്നും അതിന്റെ ഭാഗമായി അവർ ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ വിമാനത്തെയും അപകടത്തിൽ പെടുത്തിയിരിക്കാമെന്നും പ്രവചനങ്ങളുണ്ടായിട്ടുണ്ട്. ഇതിന് പുറമെ യന്ത്രത്തകരാറ് മൂലമോ ഇന്ധനം തീർന്നതിനാലോ അല്ലെങ്കിൽ ബാറ്ററിയിൽ നിന്നും തീ കത്തിപ്പടർന്ന് തീ പിടിച്ചോ വിമാനം കടലിൽ വീണതാകാമെന്നുമുള്ള അനുമാനങ്ങളും ശക്തമാണ്. അഫ്ഗാൻ ഭീകരർ വിമാനം തട്ടിയെടുത്തതാണെന്നും അതല്ല അന്യഗ്രഹ ജീവികൾ വിമാനം തട്ടിയെടുത്തതാണെന്നുമുള്ള കണക്ക്കൂട്ടലും അതിനിടെ പുറത്ത് വന്നിരുന്നു.