ഹീത്രോവിലേക്ക് ബഹറിനിൽ നിന്നെത്തിയ ഗൾഫ് എയർ വിമാനത്തിലേക്ക് പൊലീസ് ഇരച്ച് കയറി 29 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തുവെന്ന് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കായിരുന്നു സംഭവം.തുടർന്ന് ഇയാളെ ചോദ്യം ചെയ്യുന്നതിനായി വെസ്റ്റ് ലണ്ടനിലെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. വിമാനം ഹീത്രോവിൽ ലാൻഡ് ചെയ്ത ഉടൻ പൊലീസ് അതിനടുത്തേക്ക് ഇരച്ചെത്തിയത് കണ്ട് യാത്രക്കാർ പകച്ച് പോയെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് വിമാനത്തിനകത്തേക്ക് കുതിച്ച് കയറി പൊലീസ് യുവാവിനെ കൈയോടെ പിടികൂടി കൈയാമം വച്ച് കൊണ്ട് പോവുകയായിരുന്നു. ഇയാളുടെ പേരിലുള്ള പഴയൊരു കേസിന്റെ പേരിലാണീ അറസ്റ്റെന്നാണ് സൂചന.

യുവാവ് ഒരു തട്ടിക്കൊണ്ട് പോകൽ കേസുമായി ബന്ധമുള്ള ആളാണെന്നും അതിന്റെ പേരിലാണ് അറസ്റ്റുണ്ടായിരിക്കുന്നതെന്നും സൂചനയുണ്ട്.കഴിഞ്ഞ വർഷം ഡിസംബർ 19നാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയിരിക്കുന്നതെന്നും എന്നാൽ ഇത് തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവമല്ലെന്നും സ്‌കോട്ട്‌ലൻഡ് യാർഡ് വെളിപ്പെടുത്തുന്നു. അറസ്റ്റിലായത് മിഡിൽ ഈസ്റ്റിലുള്ള ആളെ പോലുള്ള യുവാവാണെന്നാണ് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തുന്നത്. ഹീത്രോവിലെ ടെർമിനൽ 4ൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഗൾഫ് എയർ ഫ്‌ളൈറ്റ് ജിഎഫ്003ലേക്ക് കയറി പൊലീസ് മറ്റ് യാത്രക്കാരോട് അവിടെ തന്നെ ഇരിക്കാനാവശ്യപ്പെടുകയും അവർക്കിടയിൽ നിന്നും യുവാവിനെ തെരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മറ്റുള്ള യാത്രക്കാരോട് പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് പൊലീസ് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.