മനാമ: ഇന്ത്യയിൽനിന്ന് പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ ബഹ്‌റൈനിലെത്താം. എമിറേറ്റ്‌സ് വിമാനത്തിൽ ദുബൈ വഴി കണക്ഷൻ ഫൈ്‌ലറ്റിൽ യാത്രക്കാരെ കൊണ്ടുവരുന്നതിന് ഇന്ത്യയിൽനിന്ന് അനുമതി ലഭിച്ചതോടെയാണ് കുറഞ്ഞ ചെലവിൽ ബഹ്‌റൈനിൽ എത്താൻ അവസരം ഒരുങ്ങുന്നത്. കൊച്ചിയിൽനിന്ന് അടുത്ത ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലും തിരുവനന്തപുരത്തുനിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ സർവ്വീസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ബംഗളൂരു, ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിൽനിന്നും സർവിസ് നടത്തുന്നുണ്ട്. കൊച്ചിയിൽനിന്ന് 125 ദീനാറാണ് അടിസ്ഥാന നിരക്ക്. നിലവിൽ ഗൾഫ് എയർ, എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളിൽ ഉയർന്ന നിരക്ക് നൽകി വരേണ്ട അവസ്ഥയാണുള്ളത്. ഇതിന് പരിഹാരമാവുകയാണ് എമിറേറ്റ്‌സ് സർവിസ്. ഗൾഫ് എയറിന് കേരളത്തിൽനിന്ന് 415 ദീനാർ വരെ നിരക്ക് ഉയർന്നിരുന്നു. എയർ ഇന്ത്യ എക്സ്‌പ്രസിന് 208 ദീനാറാണ് ശരാശരി നിരക്ക്.

എമിറേറ്റ്‌സ് വിമാനത്തിൽ ബഹ്‌റൈനിലേക്കുള്ള യാത്രക്കാർ 96 മണിക്കൂറിനുള്ളിൽ കോവിഡ് പി.സി.ആർ ടെസ്റ്റ് നടത്തി റിസൽട്ട് കരുതണമെന്ന വ്യവസ്ഥയുണ്ട്. ദുബൈയിലേക്ക് സന്ദർശക വിസയോ ട്രാൻസിറ്റ് വിസയോ എടുക്കാതെ തന്നെ നേരിട്ട് ബഹ്‌റൈനിലേക്ക് ടിക്കറ്റ് എടുക്കാമെന്നതാണ് ഈ സർവിസിന്റെ മെച്ചം. ദുബൈയിൽ ഒന്നര മണിക്കൂർ മാത്രമേ കാത്തിരിക്കേണ്ടി വരുന്നുള്ളൂ. എന്തെങ്കിലും കാരണത്താൽ ടിക്കറ്റ് റദ്ദാക്കേണ്ടിവന്നാൽ ഫുൾ റീഫണ്ട് നൽകും.

അല്ലെങ്കിൽ രണ്ടു വർഷത്തിനുള്ളിൽ ഈ ടിക്കറ്റ് ഉപയോഗിക്കാനും കഴിയും. ബഹ്‌റൈനിൽനിന്ന് കേരളത്തിലേക്കും ഇതേ രീതിയിൽ സർവിസുണ്ട്. 98 ദീനാറാണ് ഇതിന് നിരക്ക്.