- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് വരെയുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ക്വാറന്റൈൻ നിർബന്ധമില്ല; സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കോവിഡ് നിബന്ധനകൾ പാലിക്കുമെന്ന് ഉറപ്പ് നൽകണം; കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച അന്താരാഷ്ട്ര യാത്രികർക്കുള്ള പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ
വിദേശങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നവർക്കായുള്ള പുതിയ കോവിഡ് നിർദ്ദേശങ്ങൾ ഇന്ത്യൻ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ചു. യൂറോപ്പിൽ കൊറോണയുടെ രണ്ടാം വരവ് കനത്തതിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ നിർദ്ദേശങ്ങൾ. യാത്രയ്ക്ക് മുൻപ്, 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തി നെഗറ്റീവ് ആർടി- പി സി ആർ റിപ്പോർട്ട് സമർപ്പിക്കുന്നവർക്ക് ഇന്ത്യയിലെത്തിയാൽ ഹോം ക്വാറന്റൈനോ ഇൻസ്റ്റിറ്റിയുഷണൽ ക്വാറന്റൈനോ ആവശ്യം വരില്ല.
അതുമാത്രമല്ല, ബന്ധപ്പെട്ട സർക്കാർ ഏജൻസിയുടെ നിർദ്ദേശാനുസരണം, ആവശ്യമെങ്കിൽ 14 ദിവസത്തെ ക്വാറന്റൈനോ സെൽഫ് ഐസൊലേഷനോ പോകാൻ തയ്യാറാണെന്ന സമ്മതിപത്രം യാതയ്ക്ക് മുൻപായി തന്നെ എയർലൈൻസ് വഴി സിവിൽ വ്യോമയാന മന്ത്രാലയത്തിന് സമർപ്പിക്കണം. ക്വാറന്റൈൻ ഒഴിവാക്കുവാൻ ആഗ്രഹിക്കുന്നവർ, യാത്ര തുടങ്ങുന്നതിന് 72 മണിക്കൂർ മുൻപായി സെൽഫ്-ഡിക്ലറേഷൻ ഫോം ഓൺലൈൻ വഴി സമർപ്പിക്കണം.
ക്വാറന്റൈൻ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുകയും എന്നാൽ, യാത്ര തുടങ്ങുന്നതിനു മുൻപ് ആർടി- പി സി ആർ പരിശോധന നടത്താൻ സാധിക്കാതെ വരികയും ചെയ്താൽ, അത്തരക്കാർക്ക് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുള്ള പരിശോധനാ സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്. മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ വിമാനത്താവളങ്ങളിൽ പരിശോധനാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര യാത്രികർ ക്വാറന്റൈൻ ഒഴിവാക്കുവാൻ നിർബന്ധമായും നെഗറ്റീവ് ആർടി- പി സി ആർ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റ് ഇല്ലാതെ വരികയും, വിമാനത്താവളത്തിലെ പരിശോധനാ സംവിധാനം ഉപയോഗിക്കാൻ തയാറാകാതെ ഇരിക്കുകയോ പരിശോധന സംവിധാനം ഇല്ലാത്ത വിമാനത്താവളത്തിൽ ഇറങ്ങുകയോ ചെയ്താൽ ഏഴു ദിവസത്തെ ഇൻസ്റ്റിറ്റിയുഷണൽ ക്വാറന്റൈനും ഏഴു ദിവസത്തെ ഹോം ക്വാറന്റൈനും നിർബന്ധമാണ്.
ഇതുകൂടാതെ ഓരോ സംസ്ഥാനങ്ങൾക്കും അവിടങ്ങളിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ അടിസ്ഥാനമാക്കി കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാവുന്നതാണ്. ഇതനുസരിച്ച്, ക്വാറന്റൈൻ വ്യവസ്ഥകൾ ചില സംസ്ഥാനങ്ങളിൽ വ്യത്യസ്തമായേക്കാം.
മറുനാടന് മലയാളി ബ്യൂറോ