- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ല; ദുബായ് വഴി എത്തുന്നവരുടെ എണ്ണം വർധിക്കുന്നു
ജിദ്ദ: ഇന്ത്യയിൽ നിന്നും ഇപ്പോൾ സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബായ് വഴി സൗദിയിലേക്ക് തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണം കൂടി വരുന്നു. സൗദിയിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് 'വന്ദേ ഭാരത്' ഉൾപ്പെടെ വിമാന സർവീസ് ഉണ്ടെങ്കിലും തിരിച്ചു ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തത് കാരണം അവധിക്കു നാട്ടിൽ പോയ പ്രവാസികൾ തിരിച്ചു വരാൻ കഴിയാതെ വിഷമത്തിലാണ്.
ജനുവരി മുതൽ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ഉണ്ടാകുമെന്നു നേരത്തെ വാർത്ത വന്നിരുന്നുവെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ റിയാദിലെ ഇന്ത്യൻ എംബസി സൗദി അധികൃതരുമായി പല തവണ ചർച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. ജനുവരി മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് ഉണ്ടാകുമെന്ന പ്രതീക്ഷ ഇപ്പോൾ മങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദുബായ് വഴിയുള്ള മടങ്ങി വരവിന് തിരക്ക് കൂടുന്നത്.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുതലായതിനാൽ ഇന്ത്യയിൽ നിന്നും വരുന്നവർ രണ്ടാഴ്ച മറ്റൊരു രാജ്യത്ത് താമസിച്ചു കൊറോണ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ഉണ്ടെങ്കിൽ സൗദിയിലേക്ക് വരുന്നതിന് തടസം ഇല്ല. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് പ്രവാസികൾ ദുബായ് വഴി തിരിച്ചു വരുന്നത്. കുടുംബസമേതം കഴിഞ്ഞിരുന്ന പലരും കുടുംബത്തെ നാട്ടിൽ നിറുത്തി ഒറ്റയ്ക്കാണ് തിരിച്ചു വരുന്നത്. അധികം വൈകാതെ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുമെന്നും അപ്പോൾ കുടുംബത്തെ തിരികെ കൊണ്ട് വരാമെന്നുമാണ് പലരുടെയും കണക്ക് കൂട്ടൽ.
ഇപ്പോൾ വിവിധ ട്രാവൽ ഏജൻസികൾ കേരളത്തിൽ നിന്നും കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴി സൗദിയിലേക്ക് തിരിച്ചു വരാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്.അറുപത്തിനായിരത്തിനും എഴുപത്തിനായിരത്തിനും ഇടയിൽ വിവിധ പാക്കേജുകൾ ഇപ്പോൾ ലഭ്യമാണ്. ദുബായ് വഴിയുള്ള യാത്ര, താമസം, ഭക്ഷണം എന്നീ കാര്യങ്ങളെല്ലാം വളരെ മികച്ചതായിരുന്നുവെന്ന് ഒരു പ്രമുഖ ട്രാവൽ ഏജൻസിയുടെ കീഴിൽ ദുബായ് വഴി ജിദ്ദയിൽ എത്തിയ കാസർഗോഡ് സ്വദേശി മുഹമ്മദ് റബീഹ് പറഞ്ഞു.ദുബായിയിലെ രണ്ടാഴ്ചത്തെ താമസത്തിനിടയിൽ കുടുംബക്കാരെയും നിരവധി സുഹൃത്തുക്കളെയും കാണാൻ കഴിഞ്ഞതായും റബീഹ് പറഞ്ഞു. ദുബായ് വഴിയുള്ള യാത്ര വളരെ ആനന്ദകരവും അവിസ്മരണീയവും ആയിരുന്നുവെന്നു ദുബായ് വഴി റിയാദിൽ വന്നിറങ്ങിയ വളാഞ്ചേരി സി.കെ പാറ സ്വദേശി സൈനുദ്ധീൻ പറഞ്ഞു.
ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഉടനെ ഉണ്ടാവാനുള്ള സാധ്യത ഇല്ലാത്തതിനാൽ തല്ക്കാലം ദുബായ് വഴി മടങ്ങി വരിക എന്നത് മാത്രമാണ് നാട്ടിൽ പോയ പ്രവാസികൾക്ക് സൗദിയിലേക്ക് തിരിച്ചു വരാനുള്ള ഏക വഴി. എന്നാൽ പലർക്കും ഒരു വർഷത്തോളമായി നാട്ടിൽ ജോലിയും വരുമാനവും ഇല്ലാത്തതിനാൽ ഉയർന്ന സംഖ്യ കൊടുത്ത് ദുബായ് വഴി വരാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.