- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിലെ കാബിൻ ക്രൂവിന് വ്യക്തിസുരക്ഷാ സംവിധാനം ഇനി വേണ്ട; മാസ്ക് മാത്രം മതി; ഇനി ആകാശ യാത്രയിലും കോവിഡ് ഭീതി വേണ്ട; രാജ്യാന്തര സർവ്വീസുകൾ പഴയ രീതിയിലേക്ക്; നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ
ന്യൂഡൽഹി: ഇനി ആകാശയാത്രയിലും കോവിഡ് ഇല്ല. എല്ലാം പഴയതു പോലെ കോവിഡ് മൂലം രാജ്യാന്തര വിമാന സർവീസിനുണ്ടായിരുന്ന നിയന്ത്രണം ഒഴിവായി. ഇന്നു മുതൽ സർവീസുകൾ പുനരാരംഭിക്കും. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ എത്തുന്നതോടെ വ്യോമഗതാഗതം പഴയതു പോലെയാകും.
കോവിഡിനു മുൻപ് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്നായി പ്രതിവാരം 4700 സർവീസുകളുണ്ടായിരുന്നു. കോവിഡ് കാലത്ത് പ്രതിവാരം 2000ത്തോളം സർവീസ് മാത്രമായി. ഇതു ടിക്കറ്റ് നിരക്ക് കൂടാൻ ഇടയാക്കിയിരുന്നു. രാജ്യാന്തര വിമാന സർവീസ് പുനരാരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കുമെന്നാണു വിലയിരുത്തൽ. വിവിധ രാജ്യങ്ങളുമായുള്ള കരാർ പ്രകാരം (എയർ ബബ്ൾ) ആണ് സർവ്വീസുകൾ കുറച്ചത്. രോഗ വ്യാപനം കുറയ്ക്കാനായിരുന്നു ഇത്. പുതിയ സാഹചര്യത്തിൽ പുതിയ മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. വ്യോമ ഗതാഗതത്തെ കൂടുതൽ ശക്തമാക്കും.
രാജ്യാന്തര വിമാനയാത്രയ്ക്കും വിമാനത്താവങ്ങൾക്കുമുള്ള കോവിഡ് മാർഗരേഖയിലും കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.സാമൂഹിക അകലം ഉറപ്പാക്കാൻ സീറ്റുകൾ ഇനി ഒഴിച്ചിടേണ്ടതില്ല. വിമാനങ്ങളിലെ കാബിൻ ക്രൂ വ്യക്തിസുരക്ഷ സംവിധാനം (പിപിഇ കിറ്റ്) ഉറപ്പാക്കിയിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. വിമാനത്താവളങ്ങളിലെ സുരക്ഷാജീവനക്കാർക്കു ദേഹപരിശോധന നടത്താനും തടസ്സമില്ല. എന്നാൽ വിമാനത്താവളത്തിലും വിമാനത്തിലും മാസ്ക് ധരിക്കുന്നതു തുടരണം.
ഏപ്രിൽ 1 മുതൽ പ്രതിവാരം 170 വിമാന സർവീസുകൾ ഇന്ത്യൻ വിമാനത്താവളങ്ങളിലേക്ക് ആരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ഇതിൽ 14 എണ്ണം കൊച്ചിയിൽ നിന്നും ഏഴെണ്ണം തിരുവനന്തപുരത്തു നിന്നുമാണ്. യുകെയിലെ വെർജിൻ അറ്റ്ലാന്റിക് ഡൽഹിയിലേക്കു ജൂൺ മുതൽ ഒരു പ്രതിദിന സർവീസ് കൂടി ആരംഭിക്കും. ഇതോടെ സർവ്വീസുകളുടെ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.
കൊറോണ ആശങ്ക ഒഴിഞ്ഞതോടെയാണ് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനഃരാരംഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് മുടങ്ങിക്കിടന്നിരുന്ന വിമാന സർവ്വീസുകൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. 40 രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ ആണ് ഇന്ന് ആരംഭിക്കുന്നത്. 60 വിമാനക്കമ്പനികൾക്കാണ് സർവ്വീസ് നടത്താൻ അനുമതിയുള്ളത്. സമ്മർ ഷെഡ്യൂളുകളും ഇന്ന് ആരംഭിക്കും. ആറ് ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്കാണ് ഇതിന് അനുമതിയുള്ളത്. 27 രാജ്യങ്ങളിലെ 49 സ്ഥലങ്ങളിലേക്കാണ് വിമാനങ്ങൾ സർവ്വീസ് നടത്തുക.
കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ കേന്ദ്രസർക്കാർ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണ വ്യാപനം ആരംഭിച്ചതോടെ 2020 മാർച്ച് 23 നാണ് അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. തുടർന്ന് വന്ദേഭാരത് ദൗത്യത്തിലൂടെ കേന്ദ്രസർക്കാർ വിദേശത്ത് കുടുങ്ങിക്കിടന്നവരെ തിരികെ നാട്ടിൽ എത്തിച്ചിരുന്നു. പിന്നീട് എയർ ബബിൾ കരാറിലേർപ്പെട്ടിരുന്ന രാജ്യങ്ങളിലേക്ക് മാത്രമാണ് വിമാന സർവ്വീസുകൾ ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ