കാശച്ചുഴിയിൽപ്പെട്ട് വിമാനം കുലുങ്ങുമ്പോൾ ഉൾഭയം തോന്നാത്തവരുണ്ടാകില്ല. യഥാർഥത്തിൽ ആകാശച്ചുഴിയിൽ വിമാനം വീഴുമ്പോൾ ഇങ്ങനെ പേടിക്കേണ്ടതുണ്ടോ? വിമാനയാത്രക്കാർ ഏറ്റവും കൂടുതൽ പേടിക്കുന്ന സംഗതികളിലൊന്നാണിതെന്ന് പൈലറ്റുമാർ പറയുന്നു. യാത്രക്കിടെ പൈലറ്റുമാർ ഒഴിവാക്കാൻ ശ്രമിക്കുന്നതും ഇത്തരം ചുഴികളെയാണ്.

രണ്ടുതരത്തിലുള്ള ചുഴികളുണ്ടെന്ന് പൈലറ്റുമാർ പറയുന്നു. മുൻകൂട്ടി മനസ്സിലാക്കാനാവുന്നതും അല്ലാത്തതും. മഴയോ മഞ്ഞോ ആയാലാും ചില ചുഴികൾ തിരിച്ചറിയാനാകും. ലാൻഡിങ് പോലുള്ള സന്ദർഭങ്ങളല്ലെങ്കിൽ ഇത്തരം ചുഴികൾ ഒഴിവാക്കാനാണ് സാധാരണ പൈലറ്റുമാർ ശ്രദ്ധിക്കുക.

വിമാനം ഉയരത്തിൽ പറക്കുമ്പോഴാണ് കുലുക്കം കൂടുന്ന തരത്തിലുള്ള ചാട്ടമുണ്ടാവുക. ഭൂമിയെ ചുറ്റിസഞ്ചരിക്കുന്ന ഭൂഖണ്ഡാന്തര വായൂ പ്രവാഹങ്ങളാണ് ഇതിന് കാരണമാകുന്നത്. ഇത്തരം വായുപ്രവാഹങ്ങൾ കൂട്ടിമുട്ടുന്ന ഇടങ്ങളിൽ ചില ശൂന്യമായ സ്ഥലങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അവയാണ് ചുഴികളായി രൂപംമാറുക.

കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിച്ച് ഇവ മുൻകൂട്ടി അറിയാനാകും. എന്നാൽ ചില ചുഴികൾ ഇത്തരം മുൻകരുതലുകൾക്കും അപ്പുറമാകും. അത്തരം സന്ദർഭങ്ങളിലാണ് യാത്രക്കാരോട് സീറ്റിലേക്ക് തിരിച്ചുപോകാനും സീറ്റ് ബെൽറ്റ് ഇടാനും ആവശ്യപ്പെടേണ്ടിവരിക. അങ്ങനെ ചെയ്തില്ലെങ്കിൽ ചിലപ്പോൾ അവർ മറിഞ്ഞുവീണേക്കാം.

ചില വലിയ ചുഴികളിൽപ്പെട്ടാൽ ശക്തമായ എൻജിനുകളുള്ള ബോയിങ് 747-നുപോലും പിടിച്ചുനിൽക്കാനാവില്ലെന്ന് പൈലറ്റുമാർ പറയുന്നു. വേഗം നിയന്ത്രിച്ചും ആൾട്ടിറ്റിയൂഡ് മാറ്റിയും അതിനെ പ്രതിരോധിക്കാനാകും പൈലറ്റുമാർ ശ്രമിക്കുക. അപകടകരമായ സ്ഥിതിവിശേഷമായി ഇത്തരം സന്ദർഭങ്ങൾ മാറാമെന്നും പൈലറ്റുമാർ പറയുന്നു.

യാത്രക്കാർ ഏറ്റവുമധികം പേടിക്കുന്ന സന്ദർഭങ്ങൾ കൂടിയാണിതെന്ന് പൈലറ്റുമാർ പറയുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന തരത്തിലുള്ള തോന്നലാണ് ഇതുണ്ടാക്കുക. എത്രയധികം വിമാനയാത്ര ചെയ്തവർക്കും ഈ നിമിഷങ്ങളിലെ പേടി അതിജീവിക്കാൻ പ്രയാസമാണെന്നും അവർ പറയുന്നു.