ലണ്ടൻ: മാഞ്ചസ്റ്റർ അരീനയിലെ ചാവേറാക്രണത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ സുരക്ഷ പതിന്മടങ്ങ് വർധിപ്പിച്ചിരിക്കുകയാണ്. ബീച്ചുകളിലും തീംപാർക്കുകളിലും റിസോർട്ടുകളിലും സുപ്രധാന കേന്ദ്രങ്ങളിലുമൊക്കെ പൊലീസും സൈന്യവും നിറഞ്ഞിരിക്കുന്നു. സുരക്ഷാഭീഷണി ഏറ്റവും ഉയർന്ന തലത്തിലായതുകൊണ്ട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് സർക്കാർ. ബാങ്ക് ഹോളിഡേ ഇന്നാരംഭിക്കാനിരിക്കെ, ബ്രിട്ടനിലെ കാര്യങ്ങളൊക്കെ താറുമാറായിരിക്കുകയാണ്.

യാത്രയെയാണ് സുരക്ഷാ ഏർപ്പാടുകൾ കാര്യമായി ബാധിച്ചിട്ടുള്ളത്. മുമ്പുണ്ടായിരുന്നതിനെക്കാൾ കൂടുതൽ സമയം സുരക്ഷാ പരിശോധനയ്ക്കായി ചെലവിടുന്നതിനാൽ വിമാനങ്ങളെല്ലാം വൈകിയാണ് പറക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷാ പരിശോധനയ്ക്കായി നീണ്ട ക്യൂ കാണാം. മാത്രമല്ല, ചൂട് കൂടിയതും തീവണ്ടി ഗതാഗഗത്തെ ബാധിച്ചിട്ടുണ്ട് ചൂട് 30 ഡിഗ്രി സെൽഷ്യസിലെത്തിയതിനാൽ, വണ്ടികൾ വൈകുമെന്ന് നാഷണൽ റെയിൽ വ്യക്തമാക്കി.

ബാങ്ക് ഹോളിഡേ കൂടി തുടങ്ങുന്നതിനാൽ, ബ്രിട്ടനിലെ റോഡുകളെല്ലാം ഏറെക്കുറെ നിശ്ചലമാകുമെന്നാണ് കരുതുന്നത്.. 1.65 കോടി വാഹനങ്ങൾ നിരത്തിലുണ്ടാകുമെന്നാണ് സൂചന. മിക്കവാറും മോട്ടോർവേകളിൽ ഗതാഗതക്കുരുക്ക് രൂഷമാണ്. എം25 വിവിധ സ്ഥലങ്ങളിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എം4-ൽ ബ്രിസ്ര്‌റ്റോളിലാണ് കനത്ത ഗതാഗതക്കുരുക്ക്.. ബർമ്മിങ്ങാമിലും മാഞ്ചസ്റ്ററിലും ഗതാഗതക്കുരുക്കുണ്ട്. രാജ്യമെമ്പാടും വാഹനങ്ങളുടെ ശരാശരി വേഗം മണിക്കൂറിൽ 21 മൈൽ മാത്രമാണ്.

ഗാറ്റ്‌വിക്കിൽ കൺവേയർ ബെൽറ്റ് പൊട്ടിയതിനെത്തുടർന്ന് രാവിലത്തെ വിമാനങ്ങളെല്ലാം ക്യാൻസൽ ചെയ്തു. ഉച്ചകഴിഞ്ഞും സർവീകൾ കൃത്യമായിട്ടില്ല. യാത്രക്കാരുടെ പ്രതിഷേധപ്രകടനം കൂടിയായതോടെ, ഗാറ്റ്‌വിക്ക് വിമാനത്താവളം സംഘർഷഭരിതമായി.

ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നതിനാൽ, കഴിവതും യാത്ര ഒഴിവാക്കേണ്ട സമയക്രമം അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടും. ഞായറാഴ്ചയും ഇതേസമയത്ത് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നുമുതൽ വൈിട്ട് ആറുവരെ കടുത്ത നിയന്ത്രണമുണ്ടാകും.

പൊലീസ് പട്രോളിങ്ങിന്റെ എണ്ണം കൂട്ടിയതും ഗതാഗതക്കുരുക്ക് വർധിക്കാൻ കാരണമായി. റോഡുകളിൽ അസ്വാഭാവികമായെന്തെങ്കിലും അനുഭവപ്പെട്ടാൽ സ്വന്തം സുരക്ഷ ഉറപ്പാക്കിയശേഷം അദികൃതരെ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്. എല്ലാ സ്റ്റേഷനുകളിലും ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസും നിലയുറപ്പിച്ചുണ്ട്.