വിമാനത്തിൽ മറ്റുയാത്രക്കാരെ അസ്വസ്ഥരാക്കുന്ന തരത്തിൽ നിലമറന്ന് പെരുമാറിയ യുവാവ്, ആറുമാസം ഭാര്യയെ വീട്ടിലിരുത്തിയശേഷം ഉല്ലാസയാത്ര നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. ഒപ്പം ചേർന്ന് വിമാനത്തിൽ ലൈംഗികചേഷ്ടകളിലേർപ്പെട്ട യുവതിയെ യാത്രയ്ക്കിടെ ഇയാൾ പരിചയപ്പെട്ടതാണെന്നും വ്യക്തമായി. റെയ്‌നയറിലായിരുന്നു വിചിത്രമായ ഈ സംഭവങ്ങൾ അരങ്ങേറിയത്.

വെള്ളിയാഴ്ച മാഞ്ചസ്റ്ററിൽനിന്ന് ഇബിസയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് 31-കാരനായ ഷോൺ എഡ്മണ്ട്‌സണും സഹയാത്രികയും നിലവിട്ട് പെരുമാറിയത്. ഇവരുടെ ചേഷ്ടകൾ സഹയാത്രികർതന്നെ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഷോണിന്റെ ദേഹത്ത് കയറിയിരുന്ന യുവതി, അടുത്തുള്ള യാത്രക്കാരോട് ഗർഭനിരോധന ഉറ കിട്ടുമോ എന്ന് അന്വേഷിക്കുകയും ചെയ്തു.

വിമാനം പുറപ്പെട്ട് ഒരുമണിക്കൂർ കഴിഞ്ഞപ്പോഴാണ് ഇരുവരും കേളികളിൽ ഏർപ്പെട്ടത്. സ്ത്രീകളെ വളയ്ക്കുന്നതിൽ മിടുക്കനാണ് ഷോണെന്ന് സുഹൃത്തുക്കൾ പറയുന്നു. യാത്രയ്ക്കിടെ പരിചയപ്പെട്ട യുവതിയെ ചുരുങ്ങിയ സമയംകൊണ്ട് ഈ രീതിയിലേക്ക് എത്തിക്കാൻ ഷോണിന് കഴിഞ്ഞതിൽ അവർക്ക് അത്ഭുതവുമില്ല. തന്റെ ഗർഭിണിയായ പങ്കാളി ജെന്ന റോസ് വീട്ടിലുണ്ടെന്നത് ഷോണിന് പ്രശ്‌നമല്ലെന്നും അവർ പറയുന്നു.

രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നുവെന്ന് ഇതേ വിമാനത്തിലെ യാത്രക്കാരിയായിരുന്ന കെയ്‌റൻ വില്യംസ് പറഞ്ഞു. ആദ്യമൊക്കെ എല്ലാവരും കരുതിയത് തമാശയാണെന്നാണ്. എന്നാൽ, പതുക്കെ കളി കാര്യമായി മാറുന്നത് കണ്ടപ്പോൾ യാത്രക്കാർ അസ്വസ്ഥരായെന്നും കെയ്‌റൻ പറഞ്ഞു. ഷോണിന്റെ ദേഹത്ത് കയറിയിരുന്ന യുവതി തന്റെ വസ്ത്രങ്ങൾ അഴിച്ചുകളഞ്ഞതായും അവർ പറഞ്ഞു.

തൊട്ടരികിലിരുന്ന സ്ത്രീ വിമാനജീവനക്കാരോട് ഇതേക്കുറിച്ച് പരാതി പറഞ്ഞെങ്കിലും ഷോണിനെയും യുവതിയെയും പിന്തിരിപ്പിക്കാനോ അവരെ താക്കീത് ചെയ്യാനോ ജീവനക്കാർ തയ്യാറായില്ലെന്നും കെയ്‌റൻ പറഞ്ഞു. എന്നാൽ, സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് റെയ്‌നയർ വക്താവ് പറഞ്ഞു.