നിറയെ യാത്രക്കാരുമായി പറക്കാൻ തയ്യാറായി ടേക്കോഫ് ടാക്‌സിവേയിൽ കാത്തുകിടന്ന നാല് വിമാനങ്ങൾക്കിടയിലേക്ക് എയർ കാനഡയുടെ വിമാനം ലാൻഡ് ചെയ്യാൻ പറന്നിറങ്ങിയപ്പോൾ, സാൻഫ്രാൻസിസ്‌കോ വിമാനത്താവളം അക്ഷരാർഥത്തിൽ നടുങ്ങി. റൺവേയിലിറങ്ങേണ്ട വിമാനം തൊട്ടരികിലെ ടാക്‌സിവേ ലക്ഷ്യമിട്ട് വന്നതാണ് പ്രശ്‌നത്തിനിടയാക്കിയത്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറിയേക്കാമായിരുന്ന നിമിഷം തലനാരിഴയ്്ക്ക് അകന്നുപോവുകയായിരുന്നു.

സാൻഫ്രാൻസിസ്‌കോ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ പിഴവാണ് ആയിരത്തിലേറെ മനുഷ്യരുടെ ജീവൻ പോലും അപകടത്തിലാക്കുമായിരുന്ന ദുരന്ത നിമിഷത്തിന് കാരണമായത്. എയർ കാനഡയുടെ എ.സി.759 വിമാനമാണ് ടാക്‌സിവേയിലേക്ക് പറന്നിറങ്ങിയത്. വെള്ളിയാഴ്ച രാത്രി 11.56നായിരുന്നു സംഭവം. എയർ കാനഡയുടെ എയർബസ് 320 വിഭാഗത്തിൽപ്പെട്ട വിമാനമാണ് ലാൻഡ് ചെയ്യാനെത്തിയത്. ഇതിൽ 135 യാത്രക്കാരും അഞ്ച് ജീവനക്കാരുമുണ്ടായിരുന്നു.

സാൻഫ്രാൻസിസ്‌കോ വിമാനത്താവളത്തിലിറങ്ങുന്ന അന്താരാഷ്ട്ര വിമാനങ്ങൾ 28ആർ അല്ലെങ്കിൽ 28എൽ റൺവേയിലാണ് ലാൻഡ് ചെയ്യാറ്. ലാൻഡ് ചെയ്യാനൊരുങ്ങിയ വിമാനത്തിന്റെ പൈലറ്റ്, താൻ ലാൻഡ് ചെയ്യുന്നത് സുരക്ഷിതമായാണോ എന്ന് ട്രാഫിക് കൺടോളിൽ ചോദിച്ചിരുന്നു. 28ആർ റൺവേയിൽ മറ്റാരുമില്ലെന്നും സുരക്ഷിതമായി ഇറങ്ങാമെന്നും ട്രാഫിക് കൺട്രോളിൽനിന്ന് മറുപടിയും ലഭിച്ചു. എന്നാൽ, വിമാനം റൺവേയിലേക്കല്ല വന്നുകൊണ്ടിരുന്നതെന്ന് എയർ ട്രാഫിക് കൺട്രോളിലുണ്ടായിരുന്നവർക്ക് മനസ്സിലാക്കാനായില്ല.

28ആർ റൺവേയ്ക്ക് സമാന്തരമായുള്ള ടാക്‌സിവേ സിയിലേക്കാണ് അതുവന്നുകൊണ്ടിരുന്നത്. ഇതിൽ നാല് വിമാനങ്ങൾ ടേക്കോഫിന് കാത്തുകിടന്നിരുന്നു. ഏതൊക്കെ വിമാനങ്ങളാണ് കിടന്നിരുന്നതെന്ന് വ്യക്തമല്ലെങ്കിലും ഓരോന്നിലും 200 മുതൽ 480 യാത്രക്കാർ വരെയുണ്ടായിരുന്നു. ലാൻഡിങ്ങിന് തൊട്ടുമുമ്പ്, എയർ ട്രാഫിക് കൺട്രോളിൽ വിമാനം വരുന്നത് ടാക്‌സിവേയിലേക്കാണെന്ന് മറ്റൊരു പൈലറ്റ് അറിയിക്കുകയായിരുന്നു.

 

തുടർന്ന്, ലാൻഡ് ചെയ്യരുതെന്നും ചുറ്റിക്കറങ്ങി റൺവേയിലേക്ക് തിരിച്ചെത്താനും എയർകാനഡ വിമാനത്തിന് ട്രാഫിക് കൺട്രോൾ നിർദ്ദേശം നൽകി. ഇതോടെയാണ് വലിയൊരു ദുരന്തം വഴിമാറിപ്പോയത്. എയർ കാനഡ വിമാനം തങ്ങളുടെ നേർക്കാണ് പറന്നുവന്നതെന്ന് പൈലറ്റുമാർ ട്രാഫിക് കൺട്രോളിൽ അറിയിക്കുന്നതിന്റെ ഓഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരുനിമിഷം വൈകിയിരുന്നെങ്കിൽ, ലാൻഡ് ചെയ്യുന്ന വിമാനം ടേക്കോഫിന് കാത്തുകിടന്ന നാല് വിമാനങ്ങൾക്കുമേൽ പതിക്കുകയും ആയിരങ്ങൾ കത്തിച്ചാമ്പലാവുകയും ചെയ്‌തേനെ.