ചുരുങ്ങിയ തുകയ്ക്ക് നഗരങ്ങളിൽ നടത്തിയ ടാക്‌സി സർവീസിലൂടെയാണ് ഊബറടക്കമുള്ള സേവനങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. ഇപ്പോഴിതാ സ്വകാര്യ വിമാനങ്ങളിൽ അതേ രീതിയിൽ പറന്നുനടക്കാനും അവസരമൊരുങ്ങുന്നു. വിങ്ലി എന്ന മൊബൈൽ ആപ്പാണ് യൂറോപ്യൻ നഗരങ്ങൾക്കിടയിൽ സ്വകാര്യ ജെറ്റിൽ കൈയിലൊതുങ്ങാവുന്ന തുകയ്ക്ക് യാത്രയൊരുക്കുന്നത്.

വിങ്ലി എന്ന ആപ്പിലൂടെ ആളുകൾക്ക് സ്വകാര്യ വിമാനങ്ങളിലെ പൈലറ്റുമാരെ ബന്ധപ്പെടാനാവും. അവർമുഖേന യാത്ര പ്ലാൻ ചെയ്യാനുമാകും. വിങ്ലിയനുസരിച്ച് ലണ്ടനിൽനിന്ന് വടക്കൻ ഫ്രാൻസിലെ ലെ ടോക്കുവരെ യാത്ര ചെയ്യുന്നതിന് വെറും 61 പൗണ്ട് മതി. കാനിൽനിന്ന് മയോർക്കയിലേക്ക് 31 പൗണ്ടും!

ചുരുങ്ങിയ പണത്തിന് വിമാനയാത്ര. അതാണ് വിങ്ലി ഓഫർ ചെയ്യുന്നത്. പൈലറ്റുമാർ അവരുടെ വിമാനത്തിന്റെ വിവരങ്ങൾ ആപ്പിൽ പോസ്റ്റ് ചെയ്യും. സീറ്റുകളുടെ വിശദാംശങ്ങളും അതിലുണ്ടാവും.. യാത്രക്കാർക്ക് ആപ്പ് നോക്കി നിശ്ചയിക്കാം. ഓസ്ട്രിയയിലെ ലിൻസിൽനിന്് ക്രൊയേഷ്യയിലെ കടലോര നഗരമായ മാലി ലോസിഞ്ജിലേക്ക് 170 പൗണ്ടിനും ജർമനിയിലെ മ്യൂണിക്കിൽനിന്ന് സാൽസ്ബർഗിലേക്ക് 42 പൗണ്ടിനും യാത്ര ചെയ്യാനാകും.

ബ്രിട്ടനുള്ളിൽ പല റൂട്ടിലും പറക്കുന്നതിന് ട്രെയിനെക്കാൾ ചെലവുകുറവാണ്. ലണ്ടനിൽനിന്ന് ന്യൂകാസിലിലേക്ക് 43 പൗണ്ടിനും ലണ്ടനിൽനിന്് ജേഴ്‌സിയിലേക്ക് 38 പൗണ്ടിനും യാത്ര ചെയ്യാം. ഇറ്റലിയിലെ വെനീസിലേക്ക് ഓസ്ട്രിയയിൽനിന്നും ചെക്ക് റിപ്പബ്ലിക്കിൽനിന്നു 82 പൗണ്ടിന് ടിക്കറ്റുണ്ട്.

സ്വകാര്യ ജെറ്റ് പൈലറ്റുമാരെ ഉപയോഗിച്ചുള്ള സർവീസ് ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. മുവ്വായിരത്തിലേറെ സ്വകാര്യ ജെറ്റുകൾ ഈ സംവിധാനത്തിനുകീഴിലുണ്ട്. അടുത്തുതന്നെ കരീബിയൻസിലും സമാന സർവീസിന് തുടക്കം കുറിക്കും. നിലവിൽ ആൻഗ്വില്ലയിൽനിന്ന് ഗ്വാദലോപ്പിലേക്ക് 114 പൗണ്ടിനും ഗ്വാദലോപ്പിൽനിന്ന് മാർട്ടിനിക്കിലേക്ക് 66 പൗണ്ടിനും വിമാനങ്ങൾ ലഭ്യമാണ്.

ഈ സർവീസ് നടത്തുന്ന വിമാനങ്ങൾ ഏതെന്നത് ഓരോ യാത്രയെയും ആശ്രയിച്ചിരിക്കും. രണ്ടുമുതൽ ആറുപേർക്കുവരെ ഇരിക്കാവുന്ന പ്രൊപ്പല്ലർ പ്ലെയിനുകളാണ് കൂടുതലായുമുള്ളത്.