ലണ്ടൻ: ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേസ് വിമാനത്തിന് പറന്നുയർന്ന ഉടൻ മിന്നലേറ്റെങ്കിലും അത് കാര്യമാക്കാതെ വിമാനം ചെന്നൈയിലെത്തി. മിന്നൽ കാരണം ഏറ്റ ആഘാതം വകവയ്ക്കാതെ ഒമ്പത് മണിക്കൂർ പറന്നാണ് വിമാനം ചെന്നൈയിൽ എത്തിയത്. അപ്പോഴേക്കും വിമാനത്തിൽ 46 തുളകൾ വീണിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് അഞ്ച് ദിവസം കഴിഞ്ഞ് യാത്രക്കാരില്ലാതെ വിമാനം മടങ്ങിപ്പോവുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂലൈ 22നായിരുന്നു സംഭവം നടന്നത്.

ബോയിങ് 7878 ഡ്രീംലൈനർ വിമാനമായിരുന്നു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ചെന്നൈയിൽ ഇറങ്ങിയ വിമാനത്തിന് അന്നേ ദിവസം തിരിച്ച് പോകാൻ സാധിക്കാത്തതിനെ തുടർന്ന് ആവശ്യമായ അറ്റകുറ്റപ്പണികളും പരിശോധനകളും നടത്തിയതിന് ശേഷമായിരുന്നു ലണ്ടനിലേക്ക് തിരിച്ച് പോയത്. ഇതിൽ ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക് പകരം വിമാനം ഏർപ്പെടുത്തുകയായിരുന്നു. ലണ്ടനിൽ പോയി കൂടുതൽ പരിശോധനകൾ നടത്താനുള്ളതിനാലാണ് വിമാനത്തിൽ യാത്രക്കാരെ കയറ്റാതെ തിരിച്ച് പോയത്. തുടർന്ന് ഈ വിമാനം സർവീസിലേക്ക് തിരിച്ച് വരുകയും ചെയ്തിരുന്നു. 

തങ്ങളുടെ യാത്രക്കാരുടെയും ക്രൂവിന്റെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണനയേകുന്നതെന്ന് ബ്രിട്ടീഷ് എയർവേസ് വക്താവ് പ്രതികരിച്ചു. ഇടിമിന്നൽ വിമാനങ്ങൾക്ക് ഏൽക്കുന്നത് സർവസാധാരണമായ സംഭവമാണ്. വിമാനങ്ങൾ യാത്രക്കാർ പ്രതീക്ഷിക്കുന്നതിനേക്കാൾ ഇടിമിന്നൽ ബാധയ്ക്ക് വിധേരകാറുണ്ടെന്നാണ് പൈലറ്റായ പട്രിക്ക് സ്മിത്ത് അദ്ദേഹത്തിന്റെ പുസ്തകമായ കോക്ക്പിറ്റ് കോൺഫിഡൻഷ്യലിൽ വിവരിക്കുന്നത്. ഒരു ജെറ്റ് ലൈനറിന് രണ്ട് വർഷത്തിനിടെ ഒരു തവണയെങ്കിലും മിന്നൽ ഏൽക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ മിന്നൽ യാത്രക്കാർക്ക് ഏൽക്കില്ലെന്നും ഇതിന്റെ എനർജി പ്ലെയിനിന്റെ അലുമിനിയം സ്‌കിന്നിലൂടെ ഡിസ്ചാർജ് ചെയ്യപ്പെട്ട് പോകുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതൊരു നല്ല ഇലക്ട്രിക്കൽ കണ്ടക്ടറാണ്.