2014 മാർച്ച് 8ന് കൊലാലംപൂരിൽ നിന്നും ബീജിംഗിലേക്കുള്ള യാത്രക്കിടെ ദുരൂഹമായ സാഹചര്യത്തിൽ കാണാതായ വിമാനത്തിന് എന്ത് സംഭവിച്ചുവെന്നത് ഇപ്പോഴും നിഗൂഢമായി തുടരുന്നുവെന്ന സ്ഥിരീകരണത്തിലാണ് ദി ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ എത്തിയിരിക്കുന്നത്. 227 യാത്രക്കാരും 12 ക്രൂ മെമ്പർമാരുമായിട്ടായിരുന്നു ഈ വിമാനം അപ്രത്യക്ഷമായത്. മൂന്നര വർഷം മുമ്പ് കാണാതായ വിമാനം കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങൾ ഔദ്യോഗികമായി ആറ് മാസങ്ങൾക്ക് മുമ്പെ അവസാനിപ്പിച്ചിരുന്നു. എന്നാൽ ആ 239 പേർക്ക് എന്ത് സംഭവിച്ചു എന്ന് അറിയാൻ അവരുടെ ഉറ്റവർക്ക് അവകാശമില്ലേ എന്ന ചോദ്യം ഇപ്പോഴും ഉച്ചത്തിൽ മുഴങ്ങുന്നുമുണ്ട്.

വിമാനം കണ്ടെത്തുന്നതിനായി 1046 ദിവസം നീണ്ട തെരച്ചിലാണ് മലേഷ്യ, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഗവൺമെന്റുകളുടെ നേതൃത്വത്തിൽ നടന്നിരുന്നത്. ആധുനിക മാർഗങ്ങൽ അവലംബിച്ച് കൊണ്ട് ഇത്രയും കാലം തെരഞ്ഞിട്ടും കാര്യമായ ഫലമൊന്നും ഇല്ലാത്തതിനെ തുടർന്ന് ഈ അന്വേഷണം ഈ വർഷം ജനുവരിയിൽ അവസാനിപ്പിക്കുകയായിരുന്നു. ബോയിങ് 777 എംഎച്ച് 370 വിമാനത്തിനായിരുന്നു നിഗൂഢമായ ഈ ദുർവിധിയുണ്ടായത്. വിമാനം കണ്ടെത്തുന്നത് വരെ അതിന് സംഭവിച്ച ദുരന്തത്തിന്റെ കാരണങ്ങൾ അവലോകനം ചെയ്യാൻ സാധിക്കില്ലെന്നാണ് ഇത് സംബന്ധിച്ച 440 പേജ് വരുന്ന റിപ്പോർട്ടിന്റെ രത്‌നച്ചുരുക്കം.

കമേഴ്‌സ്യൽ എയർക്രാഫ്ര്റ്റുകളിൽ പത്ത് മില്യൺ പേർ പ്രതിദിനം യാത്ര ചെയ്യുന്ന സാഹചര്യത്തിൽ നിറയെ യാത്രക്കാരുള്ള ഒരു വിമാനം പെട്ടെന്ന് കാണാതാവുകയും അതിന്റെ കാരണം പോലും കണ്ടെത്താൻ സാധിക്കാതെ വരുകയും ചെയ്യുന്ന അവസ്ഥ ഒരിക്കലും സ്വീകരിക്കാനാവാത്തതാണെന്നും അത് കടുത്ത ആശങ്ക ജനിപ്പിക്കുന്നുവെന്നും ഈ റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. വിമാനം എവിടെയാണ് കിടക്കുന്നതെന്ന് കണ്ടെത്തുകയാണ് അത് ഇതുവരെ കണ്ടെത്താത്തിനേക്കാൾ ഭേദമെന്നും ഈ റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. 2015ലും 2016ലും വിവിധ തീരങ്ങളിൽ അടിഞ്ഞ വിമാത്തിന്റെ അവശിഷ്ടങ്ങൾ ഗവേഷകർ വിശദമായി പരിശോധിച്ചിരുന്നു. വിമാനം യന്ത്രത്തകരാറുണ്ടായി വീണതല്ലെന്നും മറിച്ച് ഇന്ധനം തീർന്നതിനാൽ സമുദ്രത്തിൽ തകർന്ന് വീണതായിരിക്കാമെന്നും ഇതിനെ തുടർന്ന് അഭിപ്രായമുയരുകയും ചെയ്തിരുന്നു.

ഇതിന് പുറമെ അന്വേഷകസംഘം ഉപഗ്രഹചിത്രങ്ങളും പരിശോധിച്ചിരുന്നു. സമുദ്രത്തിൽ കാണപ്പെട്ട ചില അവശിഷ്ടങ്ങൾ എംഎച്ച് 370ന്റേത് ആവാൻ സാധ്യതയുണ്ടെന്ന ചില അനുമാനങ്ങളിലുമെത്തിയിരുന്നു. ഇതെല്ലാം കൂടി കണക്കിലെടുത്ത് 2016ൽ ഒരു റിവ്യൂ തയ്യാറാക്കിയിരുന്നു. ഇതനുസരിച്ച് സമുദ്രത്തിൽ 9650 ചതുരശ്രകിലോമീറ്റർ വരുന്ന വിശാലമായ ഭാഗത്താണ് വിമാനം വീണ് കിടക്കുന്നതെന്ന അനുമാനത്തിലുമെത്തിയിരുന്നു. യുഎസിലെ സ്‌റ്റേറ്റുകളിലൊന്നായ വെർമണ്ടിന്റെ അത്ര വലുപ്പമുള്ള പ്രദേശമാണിത്. മലേഷ്യൻ ഗവൺമെന്റ് ഇത് സംബന്ധിച്ച അന്വേഷണം തുടരുന്നുണ്ടെന്നും ബ്യൂറോ ജനുവരിയിൽ വ്യക്തമാക്കിയിരുന്നു.

വിമാനം കാണാതായതിനെ കുറിച്ച് അഭ്യൂഹങ്ങളും നിറം പിടിപ്പിച്ച കഥകളും റിപ്പോർട്ടുകളും വരെ പ്രചരിച്ചിരുന്നു. വിമാനം ഹൈജാക്ക് ചെയ്തതാണെന്നും പൈലറ്റുമാർ തന്നെ വിമാനം തട്ടിക്കൊണ്ടു പോയതാണെന്നും ബോംബ് സ്‌ഫോടനത്തിൽ വിമാനം തകർന്നതാണെന്നും അതല്ല ഇന്ധനം തീർന്ന് വിമാനംഅപകടത്തിൽ പെട്ടതാണെന്നും വിമാനത്തിൽ വൻ തോതിൽ ലിഥിയം ബാറ്ററിയുണ്ടായതിനാൽ പൊട്ടിത്തെറിയുണ്ടായതാണെന്നും സാങ്കേതിക തകരാറ് മൂലം വിമാനം തകർന്നതാണെന്നുമുള്ള അഭ്യൂഹങ്ങളും വാർത്തകളുമാണ് പ്രചരിച്ചിരുന്നത്. എന്തിനേറെ വിമാനം അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ട്‌പോയതാണെന്ന് വരെ ചിലർ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു