വിമാനം 40,000 അടി ഉയരത്തിൽ പറക്കുമ്പോൾ യാത്രക്കാരിലൊരാൾക്ക് ഭ്രാന്തിളകിയാൽ എന്തായിരിക്കും അവസ്ഥ....?അത്തരമൊരു ഭീതിദമായ അവസ്ഥയാണ് ഒക്ടോബർ 26ന് മാഞ്ചസ്റ്ററിൽ ലാൻഡ് ചെയ്ത ദോഹയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാർക്ക് അനുഭവിക്കേണ്ടി വന്നത്. അമിതമായി മദ്യപിച്ചതിനെ തുടർന്ന് ഇയാൾ ഭ്രാന്തമായ അവസ്ഥയിലെത്തുകയും ആക്രമം നടത്താനാരംഭിക്കുകയുമായിരുന്നു. നിർണായകമായ ആ അവസ്ഥയിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്തിരുന്ന ഈ 45കാരനെ സഹയാത്രികരും ക്രൂവും കൂടി ബലമായി കേബിൾ ഉപയോഗിച്ച് പിടിച്ച് കെട്ടി ഫ്‌ലൈറ്റിന്റെ പുറകിൽ ഇട്ടാണ് കൊണ്ടു വന്നത്. ഖത്തർ എയർവേസിന്റെ ബോയിങ് 787 വിമാനത്തിലാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്.

മദ്യം തലയ്ക്ക് പിടിച്ച ഇയാൾ പലവിധ സാധനങ്ങൾ വലിച്ചെറിയുകയും തന്റെ തല വിമാനത്തിന്റെ വിൻഡോയ്ക്കിട്ട് ശക്തമായി ഇടിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇയാളെ കെട്ടിയിടാൻ ക്രൂ നിർബന്ധിതരായത്. ഇയാൾ വിമാനത്തിൽ വൻ ഭീഷണിയാണ് സൃഷ്ടിച്ചിരുന്നതെന്നാണ് സഹയാത്രക്കാരിലൊരാളായ ആൻഡ്രൂ നോർമാൻ സ്മിത്ത് പേടിയോടെ ഓർക്കുന്നത്. വിമാനത്തിൽ കയറുന്നതിന് മുമ്പ് തന്നെ ഇയാൾ തന്നായി മദ്യപിച്ചിരുന്നുെന്നും വിമാനത്തിൽ വച്ച് വീണ്ടും കഴിച്ചിരുന്നുവെന്നുമാണ് ഖത്തർ എയർവേസ് വെളിപ്പെടുത്തുന്നത്.

ആദ്യം വിചിത്രമായ ഒരു ശബ്ദം പുറപ്പെടുവിച്ചാണ് ഇയാൾ വിമാനത്തിനുള്ളിലെ തന്റെ കലാപരിപാടികൾ ആരംഭിച്ചിരുന്നതെന്ന് സഹയാത്രികർ വെളിപ്പെടുത്തുന്നു. തുടർന്ന് അടുത്തുള്ള യാത്രക്കാരനെ പിടിച്ച് വലിക്കാനും ഇയാൾ ശ്രമിച്ചിരുന്നു. വിമാനം മുഴുവൻ ഓടി നടന്ന് ഇയാൾ ആക്രമം നടത്തിയതിനാൽ സുരക്ഷിതമായി നിലത്തിറങ്ങാൻ സാധിക്കില്ലേയെന്ന് വരെ ചില യാത്രക്കാർ ആശങ്കപ്പെട്ടിരുന്നുവെന്ന് വെളിപ്പെട്ടിട്ടുണ്ട്. അയാളോട് അടങ്ങിയിരിക്കാൻ കാബിൻക്രൂ തുടർച്ചയായി മുന്നറിയിപ്പേകിയിട്ടും വഴങ്ങാത്തതിനെ തുടർന്നാണ് അവർ മറ്റ് യാത്രക്കാരുടെ സഹായത്തോടെ ആക്രമിയെ കേബിൾ കൊണ്ട് ബന്ധിച്ച് കെട്ടിയിട്ടത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ വർധിച്ച് വരുന്നതിനാൽ എയർലൈനുകൾ വിമാനങ്ങൾക്കുള്ളിൽ മദ്യം നൽകുന്നത് നിർത്തണമെന്നാണ് നോർമൻ സ്മിത്ത് ആവശ്യപ്പെടുന്നത്. മാഞ്ചസ്റ്ററിൽ വിമാനം ലാൻഡ് ചെയ്ത ഉടൻ ഇയാളെ പൊലീസിന് കൈാറുകയായിരുന്നു. ഈ വിമാനത്തിന്റെ ക്യാപ്റ്റർ ഗ്രൗണ്ട് സ്റ്റാഫിനെ വിവരം അറിയിക്കുകയും അത് പ്രകാരം തങ്ങൾ എയർപോർട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് കടുത്ത മുന്നറിയിപ്പും താക്കീതുമേകി ഇയാളെ പൊലീസ് വിട്ടയക്കുകയും ചെയ്തു.