വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ടൊറന്റോവിലെ പിയാർസൻ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടെ വെസ്റ്റ് ജെറ്റ് ഫ്‌ളൈറ്റ് ഇവിടെ നിർത്തിയിട്ടിയിരുന്ന സൺ വിങ് വിമാനവുമായി ഇടിച്ച് തീ പടർന്നുവെന്ന് റിപ്പോർട്ട്. മെക്‌സികോയിലെ കാൻകനിൽ നിന്നും ടൊറന്റോയിലെത്തിയ വെസ്റ്റ് ജെറ്റ് ബോയിങ് 737ൽ 168 യാത്രക്കാരുണ്ടായിരുന്നു. എന്നാൽ ഈ സമയത്ത് സൺവിങ് വിമാനത്തിൽ ആരുമുണ്ടായിരുന്നില്ല.കൂട്ടിയിടിയെ തുടർന്ന് സൺവിങ് വിമാനത്തിനാണ് തീപിടിച്ചിരിക്കുന്നത്. ഈ വിമാനത്തിന്റെ ചിറകുകളിൽ തീ പടരുന്നത് കണ്ട് വെസ്റ്റ്‌ജെറ്റിലെ യാത്രക്കാർ പരിഭ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ചില യാത്രക്കാർ പേടിച്ച് ഉച്ചത്തിൽ കരയുകയും ചെയ്തിരുന്നു.

തിപീടിത്തത്തിന്റെ ദൃശ്യങ്ങൾ വെസ്റ്റ് ജെറ്റിലെ യാത്രക്കാർ മൊബൈൽ ക്യാമറയിൽ പകർത്തുകയും അവ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിൽ ഒരു വീഡിയോയിൽ കുട്ടികൾ തീ കണ്ട് പരിഭ്രാന്തിയോടെ ചുറ്റും നോക്കുന്നതും നിർദേശങ്ങൾക്ക് ചെവിയോർക്കുന്നതും കാണാം. ഇത് തങ്ങളുടെ വിമാനത്തിനല്ല തീ പ ിടിച്ചതെന്നും അതിനാൽ ശാന്തരാകാനും ഈ വീഡിയോയിൽ ഒരാൾ നിർദേശിക്കുന്നത് കേൾക്കാം. വിമാനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് യാത്രക്കാർക്ക് കടുത്ത ശബ്ദവും കുലുക്കവും അനുഭവപ്പെട്ടിരുന്നുവെന്നാണ് വെസ്റ്റ്‌ജെറ്റിലെ യാത്രക്കാരിലൊരാളായ ഗുസ്റ്റാവോ ലോബോ വെളിപ്പെടുത്തുന്നത്.

മറ്റേ വിമാനത്തിൽ തീ പടരുന്നത് കണ്ട് പരിഭ്രാന്തരായി ഇളകി മറിഞ്ഞ യാത്രക്കാരെ ശാന്തരാക്കുന്നതിനായി വെസ്റ്റ് ജെറ്റിലെ അറ്റന്റന്റുമാർ ശബ്ദമുയർത്തിയിരുന്നു. ഇതിനെ തുടർന്ന് വെസ്റ്റ് ജെറ്റിലെ യാത്രക്കാരെ എമർജൻസി സ്ലൈഡ്‌സിലൂടെ പുറത്തിറക്കുകയായിരുന്നുവെന്നാണ് കമ്പനിയുടെ വക്താവ് വെളിപ്പെടുത്തുന്നത്. തുടർന്ന് അവരുടെ കസ്റ്റംസ് ക്ലിയറിങ് വേഗത്തിൽ നിർവഹിക്കുകയും ചെയ്തിരുന്നു.എമർജൻസി ക്രൂ ഈ പ്രവർത്തനങ്ങൾക്കായി ത്വരിതഗതിയിലാണ് പ്രതികരിച്ചിരുന്നത്. ഈ കൂട്ടിയിടി നടന്നുവെന്നും സൺവിംഗും സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവം നടക്കുമ്പോൾ തങ്ങളുടെ വിമാനത്തിൽ യാത്രക്കാരോ ക്രൂവോ ഉണ്ടായിരുന്നില്ലെന്നും കമ്പനി വക്താവ് പറയുന്നു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും അവ ലഭിച്ചാൽ വെളിപ്പെടുത്തുമെന്നും ട്വിറ്ററിലൂടെ സൺവിങ് വക്താവ് അറിയിക്കുന്നു. ഇത്തരത്തിൽ ഇരു വിമാനങ്ങൾ കൂട്ടിയിടിച്ച് തീപിടിത്തമുണ്ടായിരുന്നുവെന്നും ഇത് മൂലം ചില സർവീസുകളെ ബാധിച്ചിരുന്നുവെന്നുമാണ് ദി ഗ്രേറ്റർടൊറന്റോ എയർപോർട്‌സ് അഥോറിറ്റി പറയുന്നത്. സംഭവത്തെക്കുറിച്ച് കാനഡയിലെ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി അഥോറിറ്റി അന്വേഷിക്കുന്നതായിരിക്കും.