ബാറ്ററി പൊട്ടിത്തെറിക്കുമെന്ന ആശങ്കയെത്തുടർന്നാണ് ചെക്കിൻ ലഗേജുകളിൽ പവർ ബാങ്കുകൾ വിമാനക്കമ്പനികൾ പൂർണമായി നിരോധിചച്ചത്. ഇതേ നിരോധനം അടുത്തുതന്നെ ലാപ്‌ടോപ്പുകൾക്കും മൊബൈൽ ഫോണുകൾക്കും നിലവിൽ വന്നേക്കുമെന്നാണ് സൂചന. ഫോണുകളും ലാപ്‌ടോപ്പുകളും ഹാൻഡ് ലഗേജിൽ കൊണ്ടുപോകാൻ ഇപ്പോൾത്തന്നെ പല വിമാനക്കമ്പനികളും നിർദേശിക്കാറുണ്ട്. സമീപഭാവിയിൽത്തന്നെ അത് നിയമമായി നടപ്പിലായേക്കുമെന്നാണ് സൂചന.

കാർഗോയിൽ ഉള്ള വസ്തുക്കൾക്ക് തീപിടിച്ചാൽ അത് നിയന്ത്രിക്കുന്നത് ദുഷ്‌കരമാണെന്നതിനാലാണ് പവർബാങ്കുകൾ പോലുള്ളവ ചെക്കിൻ ലഗേജിൽ ഉൾക്കൊള്ളിക്കാൻ ഇപ്പോൾ അനുവദിക്കാത്തത്. എന്നാൽ, ലാപ്‌ടോപ്പുകൾക്കോ മൊബൈൽ ഫോണുകൾക്കോ നിലവിൽ ഈ നിയന്ത്രണമില്ല. പേഴ്‌സൺ ഇലക്ട്രോണിക് ഡിവൈസു(പിഇഡി)കൾക്ക് തീപിടിച്ചാൽത്തന്നെ കാബിനിലാണെങ്കിൽ അത് നിയന്ത്രണവിധേയമാക്കാനാകും. അതുകൊണ്ട് ഇത്തരം വസ്തുക്കളെല്ലാം ഹാൻഡ് ലഗേജിൽ കൊണ്ടുപോകാനാകും കമ്പനികൾ നിർദേശിക്കുക.

ഇത്തരം വസ്തുക്കൾ എത്രയെണ്ണം യാത്രചെയ്യുമ്പോൾ കൂടെ കരുതാമെന്നതുസംബന്ധിച്ചും നിയന്ത്രണം വന്നേക്കും. ഓരോരുത്തരുടെയും ഉപയോഗത്തിനുവേണ്ടിയാമ് ഈ വസ്തുക്കൾ കൊണ്ടുപോകുന്നത്. എന്നാൽ, ബാറ്ററികളുള്ള വസ്തുക്കൾ ആവശ്യത്തിൽക്കൂടുതൽ കൈയിൽ കരുതുന്നത് സംശയത്തിനിടയാക്കും. അത് തടയാൻ ചിലപ്പോൾ സുരക്ഷാവിഭാഗം ശ്രമിച്ചെന്നുമിരിക്കുമെന്ന് ഒരു വിമാനക്കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു.

പവർബാങ്കുകളൊഴികയുള്ള പി.ഇ.ഡികൾ ചെക്കിൻ ബാഗിൽ കൊണ്ടുപോകുന്നത് സംബന്ധിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ ഇതുവരെ നിർദേശങ്ങളൊന്നും നൽകിയിട്ടില്ല. ലാപ്‌ടോപ്പുകൾ പോലെ വലിയ പിഇഡികൾ ചെക്കിൻ ബാഗിൽ അനുവദിക്കണോ എന്നത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ പരിശോധിച്ചുവരികയാണ്. അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ ഇതുസംബന്ധിച്ച് അവർ നടത്തിയ പരിശോധനാ ഫലങ്ങൾ ഐക്യരാഷ്ട്രസഭാ സമിതിക്ക് സമർപ്പിച്ചിട്ടുണ്ട്.