- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന വിമാനങ്ങളിൽ സീറ്റില്ല; വിദേശ എയർലൈനിൽ പരിമിത സീറ്റ് ലഭ്യമാണെങ്കിലും ആറിരട്ടി തുക നൽകണം; വിമാനക്കമ്പനികൾ മത്സരിച്ച് നിരക്ക് ഉയർത്തിയതോടെ നാട്ടിൽ പോകാനാവാതെ പ്രവാസികൾ
അബുദാബി: വിമാനക്കമ്പനികൾ മത്സരിച്ച് നിരക്ക് ഉയർത്തിയതോടെ നാട്ടിലേക്ക് പോകാൻ കഴിയാതെ സാധാരണക്കാരായ പ്രവാസികൾ. നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് കിട്ടാനില്ല. കണക്ഷൻ വിമാനങ്ങളിലാകട്ടെ ആറിരട്ടി നിരക്കും. കോവിഡ് മൂലം നാട്ടിലേക്ക് പോകാൻ കഴിയാതെ വിഷമിച്ച പലരും ഈദ് ആഘോഷിക്കാനെങ്കിലും നാട്ടിൽ പോകാമെന്ന് കരുതിയെങ്കിലും അതിനും കഴിയാതെ വിഷമിക്കുകയാണ്.
യുഎഇയിൽനിന്ന് കേരളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന വിമാനങ്ങളിൽ സീറ്റില്ല. ചില വിദേശ എയർലൈനിൽ പരിമിത സീറ്റ് ലഭ്യമാണെങ്കിലും ആറിരട്ടി തുക നൽകണം. മറ്റു രാജ്യങ്ങൾ വഴി കണക്ഷൻ വിമാനത്തിൽ പോകുകയാണെങ്കിലും ഏതാണ്ട് ഇതേ നിരക്ക് നൽകേണ്ടിവരും. യുഎഇയിൽ പെരുന്നാളിന് ഒൻപത് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ നാട്ടിലേക്കു പോകാനായി ടിക്കറ്റ് ബുക്ക് ചെയ്ത് പലരുടെയും കൈ പൊള്ളി. അഞ്ചിരട്ടി വരെയായിരുന്നു കഴിഞ്ഞ ആഴ്ചത്തെ വർധന.
ഇന്നലെ ടിക്കറ്റിനായി സമീപിച്ചവരോട് 2550 ദിർഹം (53126 രൂപ) മുടക്കാനുണ്ടെങ്കിൽ ഒരു വൺവേ ടിക്കറ്റ് ഒപ്പിക്കാമെന്നായിരുന്നു ട്രാവൽ ഏജന്റുമാരുടെ മറുപടി. പത്തു ദിവസം മുൻപ് 350 ദിർഹത്തിന് (7291 രൂപ) ലഭിച്ചിരുന്നു. മുംബൈ, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊളംബൊ തുടങ്ങി സ്ഥലങ്ങൾ വഴി കണക്ഷൻ വിമാനത്തിന് 2100 ദിർഹത്തിനു (43751 രൂപ) മുകളിലാണ് ശരാശരി നിരക്ക്.
ഖത്തറിലും സർക്കാർ മേഖലയിൽ 9 ദിവസമാണ് ഇത്തവണ ഈദ് അവധി. കോവിഡ് യാത്രാ നിയന്ത്രണങ്ങളെ തുടർന്നുള്ള രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നാട്ടിലെ കുടുംബത്തിനും ബന്ധുക്കൾക്കും ഒപ്പം ഈദ് ആഘോഷിക്കാൻ മിക്ക പ്രവാസികളും തയ്യാറെടുക്കുന്നത്. ഇന്ത്യയും ഖത്തറും കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്കുള്ള ക്വാറന്റീൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് കൂടുതൽ പേരും ഇത്തവണ ഈദ് ആഘോഷത്തിനായി നാട്ടിലേക്ക് പോകുന്നതും.
ദോഹയിൽ നിന്ന് കേരളം, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ ബുക്കിങ്ങുകളാണ് കൂടുതലും. നേരത്തെ ടിക്കറ്റ് എടുത്തവർക്ക് നിരക്ക് വർധനയിൽ നിന്ന് ചെറിയ തോതിൽ രക്ഷനേടാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ബജറ്റ് എയർലൈൻ ആയ ഇൻഡിഗോയും ഖത്തർ എയർവേയ്സും തമ്മിലുള്ള കോഡ് ഷെയറിങ് കരാർ ഒരു പരിധി വരെ യാത്രക്കാർക്ക് ഗുണകരമായി. ദോഹയിൽ നിന്ന് കേരളത്തിലേക്ക് ഇൻഡിഗോ, എയർഇന്ത്യ എക്സ്പ്രസ് എന്നിവയ്ക്ക് പുറമെ ഖത്തർ എയർവേയ്സ് മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. നിരക്ക് വർധന താങ്ങാനാകാതെ ഷാർജ വഴി കേരളത്തിലേക്ക് കണക്ഷൻ വിമാനങ്ങളിൽ പോകുന്നവരും കുറവല്ല. ഈദ് സീസൺ കഴിഞ്ഞാൽ ജൂലൈ-ഓഗസ്റ്റിൽ സ്‌കൂളുകൾക്ക് മധ്യ വേനൽ അവധി തുടങ്ങുന്നതോടെ ടിക്കറ്റ് നിരക്ക് നിലവിലതിന്റെ ഇരട്ടിയാകും. ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നതിനാൽ ഈ വർഷം ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന നിരക്ക് വർധിക്കുമെന്നതല്ലാതെ കുറയുമെന്ന പ്രതീക്ഷയില്ലെന്നാണ് പ്രവാസികൾ പറയുന്നത്.
ബജറ്റ് എയർലൈൻ നിരക്കുകൾ
ഒരാൾക്ക് ഇക്കോണമി ക്ലാസിൽ വരുന്ന ഏകദേശ നിരക്ക് (ഏപ്രിൽ 30ലേത്)
ദോഹ-കൊച്ചി: 29,000-34,500 രൂപ (നേരിട്ട് )
ദോഹ-കോഴിക്കോട്: 29,446-32,000 രൂപ (നേരിട്ട്)
ദോഹ-കണ്ണൂർ : 34,000 -35,272 രൂപ (കണക്ഷൻ), 35,293 രൂപ (നേരിട്ട്)
ദോഹ-തിരുവനന്തപുരം: 28,613-39,374 രൂപ (കണക്ഷൻ)
മെയ് മാസത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ദോഹയിലേക്കുള്ള നിരക്കിലും വലിയ മാറ്റമില്ല. അവധി കഴിഞ്ഞ് പ്രവാസികൾ തിരികെ ദോഹയിലേക്ക് എത്തുമ്പോഴും ടിക്കറ്റിനായി നല്ലൊരു തുക ചെലവാകും. അങ്ങോട്ടുമിങ്ങോട്ടുമുള്ള ടിക്കറ്റുകൾ ഒരുമിച്ചെടുക്കുമ്പോൾ ചെറിയ നിരക്കു വ്യത്യാസം ഉണ്ടെന്നു മാത്രം.
മറുനാടന് ഡെസ്ക്