- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏപ്രിൽ മുതൽ വിമാന സർവീസ് : പ്രവാസികൾ ആഹ്‌ളാദത്തിൽ
ജിദ്ദ: കോവിഡ് കാരണം നിറുത്തി വെച്ച ഇന്ത്യ- സൗദി വിമാന സർവീസ് ഏപ്രിൽ മുതൽ പുനഃരാരംഭിക്കും എന്ന വാർത്ത വന്നത് മുതൽ സൗദിയിലെ ഇന്ത്യൻ പ്രവാസികൾ ആഹ്‌ളാദത്തിൽ. കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി കഴിഞ്ഞ വർഷം മാർച്ച് മുതൽ സൗദി അറേബ്യ ഏർപ്പെടുത്തിയ അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് അടുത്ത മാർച്ച് അവസാനത്തോടെ നീക്കിയത് കാരണമാണ് ഇന്ത്യയിൽ നിന്നും വിമാന സർവീസ് ആരംഭിക്കാൻ സാധ്യത തെളിഞ്ഞത്.
നിലവിൽ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വിമാന സർവീസ് ഇല്ലാത്തതിനാൽ മലയാളികൾ ഉൾപ്പെടെ പതിനായിരങ്ങളാണ് അവധിക്ക് പോയി തിരിച്ചു വരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. അത് പോലെ തിരിച്ചു വരാൻ വിമാന സർവീസ് ഇല്ലാത്തതിനാൽ അവധിക്കു പോലും നാട്ടിൽ പോവാതെ കാത്തിരിക്കുന്ന പതിനായിരങ്ങൾക്കും പ്രസ്തുത വാർത്ത ഏറെ സന്തോഷവും ആശ്വാസവും നൽകുന്നതാണ്.
ഇന്ത്യയിൽ കൊറോണ കേസ് കൂടുതൽ ആയതിനാൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് വരണമെങ്കിൽ പതിനാല് ദിവസം മറ്റൊരു രാജ്യത്ത് താമസിച്ചു കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് വേണം . ഇക്കാരണത്താൽ മലയാളികൾ ഉൾപ്പെടെ പലരും ദുബായ് വഴിയാണ് വരുന്നത്. നാട്ടിലെ പല ട്രാവൽ ഏജൻസികളും ദുബായ് വഴി സൗദിയിലേക്ക് വരാൻ വിവിധ പാക്കേജുകൾ ഓഫർ ചെയ്യുന്നുണ്ട്. ഇങ്ങനെ പലരും ഇതിനകം സൗദിയിൽ എത്തിക്കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ഡിസംബർ അവസാനം സൗദി അറേബ്യ അതിർത്തികളെല്ലാം അടച്ചപ്പോൾ നിരവധി പേരാണ് ദുബായിയിൽ വന്ന് കുടുങ്ങിയത്. ഇങ്ങനെ കുടുങ്ങിയവർക്ക് കെഎംസിസി, ഐ സി എഫ് സംഘടനകൾ സൗജന്യ താമസം, ഭക്ഷണം തുടങ്ങി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു.
ഏപ്രിൽ മുതൽ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കുമെന്ന വാർത്ത വന്നിട്ടുണ്ടെങ്കിലും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ലെന്ന് ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.