മസ്‌ക്കറ്റ്: ഇന്ത്യൻ പ്രവാസികളെ ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ നിരക്ക്കുറച്ചു. സെപ്റ്റബർ ആദ്യവാരമെത്തുന്ന ഓണം, ഈദ് അൽ അധ, വിപണി ലക്ഷ്യമിട്ടാണ് നടപടി. കേരളത്തി ലേക്കും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും സെപ്റ്റംബറിലേക്കുള്ള ടിക്കറ്റുകൾ ഏതാണ്ട് പൂർണമായും ബുക്ക് ചെയ്ത് കഴിഞ്ഞു.

ഇക്കോണി ക്ലാസിൽ ഒമാൻ എയർ നേരത്തെ തന്നെ ഇളവു പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടു ക്കപ്പെട്ട സ്ഥലങ്ങളിലേക്ക് പരിമിതമായ സമയത്തേക്ക് മാത്രമാണ് ഈ ഇളവുകൾ പ്രഖ്യാപിച്ചിരുന്നത്. 80 ഒമാൻ റിയാൽ മുതൽ ആരംഭിക്കുന്ന ഓഫറുകളാണ് കമ്പനി മുന്നോട്ട് വച്ചത്. അടുത്തമാസം പതിനഞ്ചിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വേണ്ടിയാണിത്. മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗങ്ങളിലേക്ക് 75 ഒമാൻ റിയാലിനും 85റിയാലിനും യാത്ര ചെയ്യാം. മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്ക് 150 റിയാലിൽ കുറയാത്ത നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

ഖത്തർ എയർവെയ്സും ഫ്ളൈ ദുബായിയും ഉടൻ തന്നെ നിരക്കിളവുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. ജെറ്റ് എയർവെയ്സ് പത്ത് ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈമാസം 28ന് തുടങ്ങിയ ഇളവുകൾ ഇന്ന് അവസാനിക്കും. ഡിസംബർ 31 വരെയുള്ള യാത്രകൾക്ക് ഈ ഇളവ് പ്രയോജനപ്പെടുത്താവുന്നതാണ്. കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡൽഹി, അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് ഈ ഇളവ് ലഭ്യമാകും.

സെപ്റ്റംബറിൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ജെറ്റ് എയർവെയ്സ് നിരക്ക് 140 ഒമാൻ റിയാലിൽ താഴെ ആയിരിക്കും. ധാക്ക, കാഠ്മണ്ഡു ബാങ്കോക്ക്, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രത്യേക നിരക്കുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് ഇളവ് ഉറപ്പാക്കണമെന്നും കമ്പനികൾ നിർദേശിക്കുന്നു. തിരക്ക് വർദ്ധിക്കുമ്പോൾ നിരക്ക് കൂടാനിടയുണ്ട്. പരിമിത കാലത്തേക്ക് മാത്രമായിരിക്കും ആനുകൂല്യം നിലനിൽക്കുക. ഓഗസ്റ്റ് 15ന് മുൻപ് ദ്വിവശ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് 80 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്.