ക്രിസതുമസും ന്യൂഇയറും അവധിക്കാലവും ഒക്കെ കഴിഞ്ഞതോടെ വിമാനക്കമ്പനികളുടെ കൊയത്തുകാലം കഴിഞ്ഞു. ഇതോടെ കമ്പനികൾ നിരക്ക് കുത്തനെ കുറച്ച് മികച്ച ഓഫറുകളുമായി ആളെപിടിക്കാൻ രംഗത്തെത്തി കഴിഞ്ഞു.

ഫ്‌ലൈ എമിറേറ്റ്‌സ്, എത്തിഹാദ്, ഖത്തർ എയർ, എയർ അറേബ്യ, എയർ ഫ്രാൻസ്, കെഎൽഎം തുടങ്ങിയ വിമാനക്കമ്പനികളാണ് വൻ ഓഫറുകൾ മുന്നോട്ട് വയ്ക്കുന്നത്. ഹോളീഡേ സീസൺ അല്ലാത്തതിനാൽ ദുബായിൽ ഇപ്പോൾ ടിക്കറ്റുകൾക്ക് വലിയ ഡിമാന്റുമില്ല. ജനുവരി ആദ്യ ആഴ്ചയിൽ ദുബായിലെ എല്ലാ സ്‌കൂളുകളും തുറക്കും.

ഈ മാസം മുതൽ മാർച്ച് വരെ അനേകം എയർലൈനുകൾ ഡിസ്‌കൗണ്ട് നിരക്കിലാണ് ടിക്കറ്റുകൾ അനുവദിക്കുന്നത്. എമിറേറ്റ്‌സും ഇത്തിഹാദും അവരുടെ സെയിൽ പിരീഡായി ഈ മാസമാണ് കണക്കാക്കുന്നത്. ഹോളീഡേ ആഘോഷിക്കാൻ പറ്റിയ ഇടങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിലുള്ള യാത്രയാണ് ഈ കമ്പനികൾ പ്രദാനം ചെയ്യുന്നത്. ജനുവരി 18 വരെ വാങ്ങുന്ന ടിക്കറ്റുകൾക്ക് 2016 നവംബർ 30 വരെ യാത്ര ചെയ്യാം.

ഖത്തർ എയർവെയ്‌സ് ടിക്കറ്റുകൾ ഈ മാസം 7 ന് വാങ്ങിയത് വച്ച് ജനുവരി 19 മുതൽ ഡിസംബർ 15 വരെ യാത്ര ചെയ്യാം. ജനുവരിയിൽ 35 ശതമാനം ഓഫറാണ് ഈ എയർലൈൻ നൽകുന്നത്. ഈ മാസം ടിക്കറ്റ് എടുക്കുന്നവർക്ക് മാർച്ച് 15 വരെ യാത്ര ചെയ്യാവുന്ന ഓഫറാണ് എയർ അറേബ്യ നൽകുന്നത്. യുഎഇയിൽ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും എയർ ഫ്രാൻസും കെഎൽഎമ്മും പ്രമോഷണൽ ഓഫറുകൾ അനുവദിക്കുന്നുണ്ട്.

ഗൾഫ് യാത്രക്കാർക്ക് ജനുവരി 12 നും ഫെബ്രുവരി 2 നും ഇടയ്ക്ക് ബുക്ക് ചെയ്യാം. ജൂൺ 30 വരെ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുകയുമാകാം.