രാജ്യം മെകുനു ചുഴലികാറ്റിന്റെ ഭീതിയിൽ. കനത്ത പേമാരിയുടെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെ മെകുനു ചുഴലിക്കാറ്റ് ഒമാന്റെ തെക്കൻ ഭാഗമായ ദോഫാർ, അൽ വുസ്ത തീരങ്ങളിൽ ആഞ്ഞടിച്ചു.

കാറ്റിലും മഴയിലും ഐൻ സഹൽനൂത്തിൽ മതിലിടിഞ്ഞ് വീണ് 12 വയസുകാരി മരിച്ചു.മിർബാത്തിലെ വ്യവസായ മേഖലയിലെ താമസ സ്ഥലത്തിന് വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപ്പെട്ട 16 വിദേശികളെ സുരക്ഷാ സേന രക്ഷാകേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്.മോശം കാലാവസ്ഥയെ തുടർന്ന് അപകടത്തിൽ പെട്ട മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ നില തൃപ്തികരമാണെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. വീടിന് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച അർധരാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് കാറ്റിന്റെ കേന്ദ്രഭാഗം ദോഫാർ തീരത്ത് എത്തിയത്. ഗവർണറേറ്റിലെ റായ്‌സൂത്തിനും റഖിയൂത്തിനുമിടയിലുള്ള ഭാഗത്തിലൂടെയാണ് കാറ്റ് തീരം കടന്ന് പോയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റഗറി രണ്ടിൽ നിന്ന് ശക്തി കുറഞ്ഞ് ഒന്നിലേക്ക് മാറിയ കാറ്റ് 126 കിലോമീറ്റർ മുതൽ 144 കിലോമീറ്റർ വരെ വേഗത്തിലാണ് തീരത്ത് ആഞ്ഞടിച്ചത്.

സലാലയുടെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് സലാല നഗരത്തിൽ മഴ ശക്തിയാർജിച്ചത്. വൈകുന്നേരത്തോടെ ഇടറോഡുകളും താഴ്ന്ന പ്രദേശങ്ങളും പൂർണമായി വെള്ളത്തിനടിയിലായി. ഇവിടെയെല്ലാം താമസിക്കുന്നവരെ ഒഴിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചക്കുള്ളിൽ സ്വദേശികളും വിദേശികളുമടക്കം ഏതാണ്ട് പതിനായിരത്തോളം പേരെയാണ് ഒഴിപ്പിച്ചത്.