ചൊവ്വാഴ്ച ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ഉണ്ടായതോടെ പതിനായിരക്കണക്കിന് സിഡ്നി നിവാസികൾ ആണ് ഒറ്റരാത്രികൊണ്ട് തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴ ഇതുവരെ തോരാതായതോടെ കനത്ത ദുരിതമാണ് ന്യൂസൗത്ത് വെയ്ൽസിൽ ഉണ്ടാക്കിയിരിക്കുന്നത്.

സിഡ്നിയിൽ ഇനിയും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഇതോടെഅമ്പത്തിനാല് പ്രദേശങ്ങൾ അടിയന്തര ഒഴിപ്പിക്കൽ ഉത്തരവിന് കീഴിലാണ്.സിഡ്നിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ താമസിക്കുന്നവരോട് വീടൊഴിയാൻ നിർദ്ദേശം നൽകി. രാത്രിയിൽ ഹണ്ടർ മേഖലയിൽ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. റോഡിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

50 മില്ലീമീറ്ററിനും 150 മില്ലീമീറ്ററിനും ഇടയിൽ മഴ പെയ്യാനാണു സാധ്യത. ചില പ്രദേശങ്ങളിൽ കഴിഞ്ഞ ആഴ്ചയേക്കാൾ വെള്ളപ്പൊക്കം രൂക്ഷമാകുമെന്നും പ്രവചനമുണ്ട്.സിഡ്നി സി.ബി.ഡിക്കു സമീപമുള്ള കാംഡെനിലെ മൂന്ന് സ്ട്രീറ്റുകളിൽ താമസിക്കുന്നവർക്ക് വീടൊഴിയാൻ സ്റ്റേറ്റ് എമർജൻസി സർവീസ് (എസ്ഇഎസ്) നിർദ്ദേശം നൽകി. പടിഞ്ഞാറൻ സിഡ്‌നിയിലെ പെന്റിത്തിന് സമീപമുള്ള പ്രദേശങ്ങളിലുള്ളവർക്കും ഒഴിയാനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇല്ലവാര വരെയുള്ള ഹണ്ടർ മേഖല വരെ താമസിക്കുന്നവർ പ്രത്യേകിച്ച് ഹോക്‌സ്ബറി നദിക്ക് സമീപമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം വെന്റ്വർത്ത്വില്ലെയിലെ കൂപ്പർ ക്രീക്കിൽ നിന്ന് കണ്ടെത്തിയ കാറിനുള്ളിൽ ഉണ്ടായിരുന്ന അമ്മയ്ക്കും മകനും വേണ്ടിയുള്ള തിരച്ചിലിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ചെറിയ തിരച്ചിലിനൊടുവിൽ കനാലിന് സമീപം ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹം പൊലീസ് കണ്ടെത്തിയത്. സച്ചിതാനന്ദം അവരുടെ മകൻ ബ്രഹ്‌മൂത്ത് എന്നിവരുടെ മൃതേദേഹം ആണ് ഇതെന്നാണ് സൂചന. ഇരുവരും ഇന്ത്യക്കാരാണെന്ന സൂചനകളാണ് പൊലീസ് നല്കുന്നത്.

വെള്ളപ്പൊക്കത്തിലൂടെ വാഹനം ഓടിക്കരുതെന്നും അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യണമെന്നും NSW SES കമ്മീഷണർ കാർലിൻ യോർക്ക് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാനും നഗരത്തിന്റെ റെയിൽവേ ശൃംഖല പൂർണ്ണമായും ഉപേക്ഷിക്കാനും സിഡ്‌നി യാത്രക്കാരോട് പറഞ്ഞിട്ടുണ്ട്.സിഡ്നി മെട്രോപൊളിറ്റൻ ഏരിയ, ഇല്ലവാര, തീരത്ത് താമസിക്കുന്നവർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നലകിയിട്ടുണ്ട്.