ഡാളസ്: ഡാളസ് ഫോർട്ട് വർത്തിൽ ആരംഭിച്ച കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്നു പേർ മരിച്ചതായി ഫോർട്ട് വർത്ത് പൊലീസ് അറിയിച്ചു.

രണ്ടു വാഹനങ്ങൾ വെള്ളപ്പാച്ചിലിൽ അരുവിയേക്കു ഒഴുകിപ്പോയാണ് മാതാവും കുഞ്ഞും, അറുപതു വയസുകാരനും മുങ്ങിമരിച്ചത്. വീൽബർഗറിനു സമീപം ലൂപ് 820 സർവീസ് റോഡിൽ ശനിയാഴ്ച വൈകിട്ടായിരുന്നു മാതാവും കുഞ്ഞും സഞ്ചരിച്ച വാഹനം പെട്ടെന്നുള്ള വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. സ്ഥലത്തെത്തിയ പൊലീസ് ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരുടേയും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിൽ പിന്നീട് രണ്ടുപേരും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ഫോർട്ട് വർത്ത് ഓക് ഡെയ്ലിനും, സൗത്ത് ക്രാവൽസിനും സമീപം മറ്റൊരു വാഹനം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയാണ് അറുപതുകാരൻ മരിച്ചത്. മരിച്ച മൂന്നുപേരുടേയും വിശദ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയ്ക്ക് വൈകുന്നേരത്തോടെ അല്പം ശമനമുണ്ടായി. ശനിയാഴ്ച കനത്ത മഴയുണ്ടാകുമെന്നു വെള്ളിയാഴ്ച തന്നെ നാഷണൽ വെതർ സർവീസ് മുന്നറിയിപ്പ് നൽകിയിരുന്നു. മഴയെ തുടർന്നു പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്.