ഹൂസ്റ്റൺ: ഹുസ്റ്റന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പേമാരിയിൽ മുങ്ങി നിവാസികൾ. കനത്ത പേമാരിയെ തുടർന്ന് ഹുസ്റ്റണെ പ്രളയം മുക്കിയ കാഴ്ചയാണ് എങ്ങും. പ്രളയത്തിൽ അഞ്ചു ജീവനുകൾ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. നദികൾ നിറഞ്ഞു കവിയുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തതോടെ ജനജീവിതം അക്ഷരാർഥത്തിൽ സ്തംഭിച്ചിരിക്കുകയാണ്.

ബസ് റെയിൽ സർവീസുകൾ എല്ലാം നിർത്തലാക്കി. സ്‌കൂൾ, ഗവൺമെന്റ് ഓഫീസുകൾ എന്നിവയ്‌ക്കെല്ലാം അവധി നൽകിയിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായതോടെ ആയിരക്കണക്കിന് ആൾക്കാരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. 70,000 ആൾക്കാർക്ക് വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. ആയിരത്തിലധികം വീടുകളിൽ വെള്ളം കയറി.

വെള്ളപ്പൊക്കം ശക്തമായതോടെ വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുട്ടികളെ വെള്ളത്തിൽ കളിക്കാൻ അനുവദിക്കുകയുമരുത്. പാമ്പുകളും മറ്റു ക്ഷുദ്ര ജീവികളും ഒഴുകി വരാൻ സാധ്യതയുള്ളതിനാലാണിത്.
ഹൂസ്റ്റണിന്റെ എല്ലാ ഭാഗത്തും വെള്ളപ്പൊക്കത്തിന്റെ ഭീഷണിയുണ്ടെന്ന് മേയർ സിൽവസ്റ്റർ ടേണർ പറഞ്ഞു. ഹാരിസ് കൗണ്ടിയിൽ ആയിരത്തോളം വീടുകളിൽ വെള്ളം കയറി. പലയിടത്തും ബോട്ടുകളും മറ്റും ഉപയോഗിച്ചാണ് ആളുകളെ രക്ഷപ്പെടുത്തിയത്. മേഖലയിലെ ഒമ്പത് ഹോസ്പിറ്റലുകൾ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് കൂടുതൽ രോഗികൾ എത്തിയതിനെ തുടർന്ന് അടച്ചു.

ചില മേഖലകളിൽ 40 അടിയോളമാണ് വെള്ളം കയറിയിരിക്കുന്നത്. പാർക്ക് ചെയ്തിരുന്ന കാറുകൾ ഭൂരിഭാഗവും വെള്ളത്തിലായി. ഇതിനു മുമ്പുള്ള റെക്കോഡുകൾ തകർത്താണ് ഇത്തവണ വെള്ളം കയറിയിരിക്കുന്നത്. ഹൂസ്റ്റൺ കണ്ട ഏറ്റവും വലിയ പേമാരിയാണ് ഇപ്പോൾ തകർത്തു പെയ്തുകൊണ്ടിരിക്കുന്നത്.