ജക്കാർത്ത: ഭൂകമ്പവും സുനാമിയും സംഹാര താണ്ഡവമാടിയതിന് പിന്നാലെ പ്രളയക്കെടുതിയുടെ ഭീഷണിയിലാണ് ഇന്തോനേഷ്യ. സുമാത്ര ദ്വീപിൽ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും കുട്ടികൾ അടക്കം 22 പേരാണ് മരിച്ചത്. മാത്രമല്ല 15ൽ അധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ഒട്ടേറെ പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവർക്കായി ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.

സുമാത്ര ദ്വീപിന്റെ വടക്ക്, പടിഞ്ഞാറ് മേഖലകളെയാണ് പ്രളയം ഗുരുതരമായി ബാധിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മരിച്ചവരിൽ 11 കുട്ടികൾ ഒരു ഇസ്ലാമിക് സ്‌കൂളിലെ വിദ്യാർത്ഥികളാണ്. പ്രളയത്തിൽ കെട്ടിടം തകർന്നാണ് ഇവർ അപകടത്തിൽ പെട്ടത്. നിരവധി കെട്ടിടങ്ങൾ പൂർണമായും നശിച്ച അവസ്ഥയിലാണ്.രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനിടെ വടക്കൻ സുമാത്രയിലെ സിബോൾഗാ നഗരത്തിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയായിരുന്നു.

പലയിടങ്ങളിലും റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയുന്നില്ല. പല പ്രദേശങ്ങളും പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.സെപ്റ്റംബർ 28 മുതൽ പ്രകൃതിദുരന്തങ്ങൾ തുടരുന്ന ഇന്തൊനീഷ്യയിൽ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം രണ്ടായിരത്തിനും മേലെയാണ്. അയ്യായിരത്തോളം ആളുകളെ കാണാതായതായാണ് ഔദ്യോഗിക വിവരം.