- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് പിന്നാലെ നാഞ്ചിനാട്ടിലും മഴക്കെടുതി; ഒരു ഗ്രാമം പൂർണമായും ഒറ്റപ്പെട്ടു; കൊല്ലംകോട്- കുളച്ചൽ റോഡ് പൂർണമായും വെള്ളത്തിൽ; തൃപ്പരപ്പ് കര കവിഞ്ഞൊഴുകി; രണ്ടുദിവസമായി ഇരുട്ടിലായി കന്യാകുമാരി ജില്ല; കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും
തിരുവനന്തപുരം: കേരളത്തിന് പിന്നാലെ തമിഴ്നാടിന്റെ തെക്കൻപ്രദേശങ്ങളിലും കനത്തമഴ നാശനഷ്ടങ്ങൾ വിതയ്ക്കുന്നു. കന്യാകുമാരി ജില്ലയിലെ കേരളത്തോട് ചേർന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിലായി. താമരഭരണി ആറ് കരവകവിഞ്ഞൊഴുകി റോഡ് മാർഗം പൂർണമായും തടസപ്പെട്ടു. ആയിരക്കണക്കിന് വീടുകളും പൂർണമായും വെള്ളത്തിനടിയിലായി. ചില വീടുകൾ പൂർണമായും തകരുകയും ചെയ്തിട്ടുണ്ട്.
കൊല്ലംകോട്- കുളച്ചൽ റോഡ് പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. മുഞ്ചിറ, മങ്കാട്. കുഴിത്തുറ തുടങ്ങിയ സ്ഥലങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. വൈക്കല്ലൂർ ഗ്രാമം ഒറ്റപ്പെട്ടിരിക്കുകയാണ്. വൈദ്യുതി, വെള്ളം, ഭക്ഷണം, ഇന്റെർനെറ്റ് എന്നിവ പൂർണമായും തട
സപ്പെട്ടിരിക്കുകയാണ്. അവിടേയ്ക്കുള്ള എല്ലാ വാർത്താവിനിമയ മാർഗങ്ങളും തടസപ്പെട്ടതായി അധികൃതർ അറിയിച്ചു. അവിടത്തെ ജനജീവിതം പൂർണമായും സ്തംഭിച്ചു. മഴ ഇപ്പോഴും തുടരുകയാണ്. എന്നാൽ വലിയതോതിലുള്ള രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. മുഞ്ചിറയിൽ ചില വീടുകൾ ഒറ്റപ്പെട്ടെങ്കിലും നാട്ടുകാർ മാത്രമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. എയർഫോഴ്സുമായി ബന്ധപ്പെട്ടെങ്കിലും അവർക്ക് അനുമതി കിട്ടിയിട്ടില്ലാത്തതിനാൽ എത്താനാവില്ലെന്നാണ് അറിയിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ തൃപ്പരപ്പ് കരകവിഞ്ഞൊഴുകി പരിസരത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടുകൾക്ക് ഉള്ളിലേയ്ക്കും വെള്ളം കയറിയിട്ടുണ്ട്. ക്ഷേത്രത്തോട് ചേർന്നുള്ള ബലിപീഠങ്ങളടക്കം ഒഴുക്കിൽ തകർന്നുപോയെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മിനങ്ങാന്ന് രാത്രി മുതൽ ഈ പ്രദേശങ്ങളിൽ വൈദ്യുതി ലഭിക്കുന്നില്ല. വെള്ളവും വൈദ്യുതിയും പൂർണമായും സ്തംഭിച്ച് വീടുകളിൽ കുടുങ്ങി കിടക്കുകയാണ് ജനങ്ങൾ.
താമരഭരണി പുഴയുടെ ഇരുകരകളിലുമുള്ള വീടുകളിലടക്കം വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വീടുകളുടെ രണ്ടാംനിലകളിൽ അഭയംതേടിയിരിക്കുകയാണ് പ്രദേശവാസികൾ. കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങളടക്കം ഒഴുകിപോയിട്ടുണ്ട്. വെള്ളം ഇറങ്ങിയാൽ മാത്രമേ നാശനഷ്ടത്തിന്റെ കൃത്യമായ കണക്കെടുക്കാൻ സാധിക്കുകയുള്ളു.
രക്ഷാപ്രവർത്തനത്തിനായി ബന്ധപ്പെട്ട ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. കളക്ടറോ മറ്റ് അധികാരികളോ ഈ പ്രദേശം സന്ദർശിച്ചിട്ട് പോലുമില്ലെന്നും അവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ