- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധ്യപ്രദേശിൽ കനത്തമഴ തുടരുന്നു; ഗ്വാളിയോർ-ചംബൽ മേഖലയിൽ 1,171 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി; രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടി മുഖ്യമന്ത്രി
ഭോപ്പാൽ: അപ്രതീക്ഷിതമായി പെയ്ത കനത്തമഴയിൽ മധ്യപ്രദേശിലെ ആയിരത്തിലധികം ഗ്രാമങ്ങൾ വെള്ളത്തിനിടയിലായി. ഗ്വാളിയോർ-ചംബൽ മേഖലയിൽ മാത്രം 1,171 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന മഴയിൽ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശിവപുരി ജില്ലയിലാണ് മഴ ഏറ്റവും കൂടുതൽ നാശം വരുത്തിയത്.
1600-ൽ പരം ആളുകളെ ദേശീയ, സംസ്ഥാന ദുരന്തപ്രതികരണ സേനാംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ശിവപുരി ജില്ലയിലെ അടൽ സാഗർ ഡാമിന്റെ പത്ത് ഷട്ടറുകൽ തുറന്നു.ശിവപുരിയിലെ ബീച്ചി ഗ്രാമത്തിൽ മരത്തിൽ കുടുങ്ങിയ മൂന്നുപേരെ സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങൾ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ സ്ഥിതി വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ധരിപ്പിച്ചു. സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി അദ്ദേഹത്തിന് ഉറപ്പുനൽകി. പ്രളയബാധിത മേഖലകളിൽ മുഖ്യമന്ത്രി ഹെലികോപ്ടറിൽ സന്ദർശനം നടത്തും.
ശിവപുരി, ഷിയോപുർ, ഗ്വാളിയോർ, ദതിയ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിനു സംസ്ഥാന സർക്കാർ സേനയുടെ സഹായം തേടി. വെള്ളപ്പൊക്കം ബാധിച്ച മേഖലകളിലെ ജില്ലാ കളക്ടർമാരുമായി മുഖ്യമന്ത്രി സ്ഥിതിവിവരങ്ങൾ ആരാഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ