തായ്‌പേയ്: മണിക്കൂറിൽ 112 മൈൽ വേഗത്തിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ തായ്‌വാനിലെ ജനജീവിതം സ്തംഭിച്ചു. വെള്ളപ്പൊക്കവും പേമാരിയും മൂലം ലക്ഷക്കണക്കിനാളുകളുടെ ജീവിതം ദുസ്സഹമായി. രണ്ടരലക്ഷത്തോളം വീടുകളിലാണ് വെള്ളം കയറിയത്. വൈദ്യുതിയും വാർത്താവിനിമയ സൗകര്യങ്ങളുമില്ലാതെയാണ് ഇവരുടെ ജീവിതമിപ്പോൾ.

നെസാറ്റ് കൊടുങ്കാറ്റാണ് കനത്ത നാശം വിതച്ചത്. ഇക്കൊല്ലം തായ്‌വാനിലെത്തുന്ന ആദ്യ കൊടുങ്കാറ്റുകൂടിയാണിത്. കിഴക്കൻ യിലാൻ കൗണ്ടിയിൽ രാവിലെ 11 മണിയോടെയെത്തിയ കൊടുങ്കാറ്റിൽ തിരകൾ കരയിലേക്ക് ശക്തമായി അടിച്ചുകയറി. അമ്പതടിയോളം ഉയരത്തിൽ തിരയുയർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും തെക്കൻ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് തായ്‌വാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ചില സ്ഥലങ്ങളിൽ 34.5 അടിയോളം വെള്ളം കയറിയതായും റിപ്പോർട്ടുണ്ട്. ശക്തമായ കാറ്റിൽ വാഹനങ്ങളും ആളുകളും തെറിച്ചുവീണതായും റിപ്പോർട്ടുണ്ട്.

കൊടുങ്കാറ്റിനെയും പേമാരിയെയും തുടർന്ന് 10,000-ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. സ്ഥിതിഗതികൾ നേരിടാൻ 4500 പട്ടാളക്കാരെയും നിയോഗിച്ചു. തെക്കേയറ്റതേതുള്ള പിങ്ടുങ് കൗണ്ടിയിലാണ് കൊടുങ്കാറ്റ് ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയത്. ഇവിടെ, നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി.

വ്യോമഗതാഗതത്തെയും മോശം കാലാവസ്ഥ ബാധിച്ചു. ആഭ്യന്തര-വിദേശ റൂട്ടുകളിലെ 312 വിമാനങ്ങൾ റദ്ദാക്കി. ഇപ്പോഴത്തെ ദുരന്തം മാറുന്നതിനുമുന്നെ മറ്റൊരു കൊടുങ്കാറ്റുകൂടി തായ്‌വാനിൽ അടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഹെയ്താങ് കൊടുങ്കാറ്റ് ഇപ്പോൾ തായ്‌വാന് 420 കിലോമീറ്റർ അകലെയാണുള്ളത്. ജൂണിൽ കനത്തതോതിൽ വെള്ളപ്പൊക്കം രാജ്യത്തുണ്ടായിരുന്നു. വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചു. 600 മില്ലീമീറ്റർ മഴയാണ് രാജ്യത്ത് പെയ്തത്. ചില സ്ഥലങ്ങൾ ഒരുദിവസത്തിലേറെ വെള്ളത്തിൽ മുങ്ങിക്കിടക്കുകയും ചെയ്തു.