അബുദാബി: യുഎഇയിലുണ്ടായ കനത്ത മഴയിലും തുടർന്നുണ്ടായ പ്രളയത്തിലും ഏഴു പ്രവാസികൾ മരിച്ചു. ഏഷ്യൻ വംശജരാണ് മരിച്ചതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു.

റാസൽഖൈമ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലായാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽപ്പെട്ടവരുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. വീടുകളിലും മറ്റും വെള്ളം കയറിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസം യുഎഇയിൽ രേഖപ്പെടുത്തിയത് 27 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴ. രാജ്യത്തെ ദേശീയ കാലവസ്ഥാ നീരിക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഫുജൈറയിൽ ബുധനാഴ്ച പെയ്ത അതിശക്തമായ മഴയെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ വെള്ളം കയറിയിരുന്നു. യുഎഇ സൈന്യത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വൻതോതിലുള്ള രക്ഷാപ്രവർത്തനങ്ങളാണ് പിന്നീട് നടന്നത്.

ഫുജൈറ പോർട്ട് സ്റ്റേഷനിലാണ് രാജ്യത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. 255.2 മില്ലീമീറ്റർ മഴ ഇവിടെ ലഭിച്ചുവെന്നാണ് കണക്ക്. ഇത് ജൂലൈ മാസത്തിൽ യുഎഇയിൽ ഇതുവരെ വരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ മഴയാണ്. 209.7 മില്ലീമീറ്റർ മഴ ലഭിച്ച മസാഫിയാണ് മഴയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. ഫുജൈറ വിമാനത്താവളത്തിൽ 197.9 മില്ലീമീറ്റർ മഴ ലഭിച്ചു. ശക്തമായ മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ച ഫുജൈറയിൽ റെഡ് അലെർട്ടും റാസൽഖൈമയിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിരുന്നു. കിഴക്കൻ മേഖലയിലാകെ യെല്ലാം അലെർട്ടും നിലവിലുണ്ടായിരുന്നു.