ഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ കേരളം കണ്ടിട്ടില്ലാത്ത ഭീകരമായ പ്രളയക്കെടുതിയിൽ പെട്ടു പോയവരെ ചേർത്ത് പിടിച്ചു കൊണ്ട് ഒഴുകി പോയ അവരുടെ ജീവിതങ്ങൾ തിരികെ യെത്തിക്കാൻ മെൽബണിലെ എല്ലാ മലയാളി സംഘടനകളും കൈകോർക്കുന്നു.

മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ, മെൽബൺ മലയാളി ഫെഡറേഷൻ, കെ എച്ച് എസ് എം, എസ് എൻ എൻ എം, തൂലിക, വിപഞ്ചിക, ഡാന്റിനോംഗ് ആർട്‌സ് ക്ലബ്, ഗ്രാന്മ, നവോദയ, ഓ ഐ സി സി, കേസി മലയാളി, ബെറിക്ക് അയൽക്കൂട്ടം, നാദം, എന്റെ കേരളം, പാൻ തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയിൽ രൂപീകൃതമായ 'മലയാളീസ് ഓഫ് മെൽബൺ (എം. ഓ. എം)' എന്ന പേരിൽ ഒരു കുടക്കീഴിലാണ് ഇത് യാഥാർഥ്യമാകുന്നത്. ഓഗസ്റ്റ് 25 ന് ബഹു. ഫെഡറൽ എംപി ആന്റണി ബെയ്നിന്റെ സാന്നിധ്യത്തിൽ മലയാളി സംഘടനാ പ്രതിനിധികൾ പങ്കെടുത്ത പ്രഥമ ആലോചനാ യോഗത്തിൽ വെച്ച് ദുരിതാശ്വാസഫണ്ട് പിരിവിനായി ഒരു മെഗാ ഷോ, 'ദി എവൈകനിങ്' ആസൂത്രണം ചെയ്യുകയായിരുന്നു.

മലയാള സിനിമാസംഗീത രംഗത്തെ മാസ്മരിക സാന്നിധ്യം ഔസേപ്പച്ചന്റെ നേതൃത്വത്തിൽ നടക്കുന്ന ലൈവ് ഓർക്കസ്ട്രയാണ് പരിപാടിയുടെ പ്രധാന ആകർഷണം. അതോടൊപ്പം മെൽബണിലെ പ്രഗത്ഭരായ കലാകാരന്മാരുടെ നൃത്ത സംഗീത കലാപരിപാടികളും ഉണ്ടായിരിക്കും. പിരിച്ചു കിട്ടുന്ന തുകയിൽ ഒരു ചെറിയ ഭാഗം കനത്ത വരൾച്ചയിൽ പെട്ട ഓസ്ട്രേലിയൻ കർഷകർക്കും ബാക്കി മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്യുമെന്ന് സംഘാടകർക്ക് വേണ്ടി ഡോ. ആഷാ മുഹമ്മദ് അറിയിച്ചു. കൂടാതെ, ഉദാരമതികൾക്കു എം. ഓ. എമ്മിന്റെ അക്കൗണ്ടിലേക്ക് ഒക്ടോബർ 7 വരെ സംഭാവനയായും പണമയക്കാവുന്നതാണ് (BSB: 033341, Acc: 711792).

ഓസ്ട്രേലിയയിലെ മികച്ച തിയേറ്ററുകളോട് കിടപിടിക്കുന്ന അത്യാധുനിക അക്കൂസ്റ്റിക് സംവിധാനങ്ങളുള്ള 'ബഞ്ചിൽ പ്ലേയ്‌സ്' ആണ് വേദി. ടിക്കറ്റുകൾ എല്ലാ സംഘടനാ ഭാരവാഹികളിൽ നിന്നും ലഭ്യമാണ്. ഒക്ടോബർ 5 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ വിക്ടോറിയൻ സ്റ്റേറ്റ്, ഫെഡറൽ പാർലമെന്റ് പ്രതിനിധികൾ അടക്കം പല പ്രമുഖരും സംബന്ധിക്കും.