- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീന്തിച്ചെന്നത് കുട്ടികളുടെ അലർച്ച കേട്ട്; ചെന്നപ്പോൾ കണ്ട കാഴ്ച്ച വീടിന്റെ ടെറസിൽ പോലും അരയോളം വെള്ളത്തിൽ നിൽക്കുന്ന കുട്ടികൾ ഉൾപ്പെടുന്ന കുടുംബം; മരണക്കയത്തിൽ നിന്ന് രണ്ട് കുടുംബങ്ങളെ രക്ഷിച്ചെടുത്ത ചെറുപ്പക്കാർ ആ കഥ പറയുന്നു
മുണ്ടക്കയം: മുണ്ടക്കയത്തെ ഇപ്പോഴത്തെ താരങ്ങളാണ് ഷംസീറും ഷെബീറും. പുത്തൻചന്തയിൽ പ്രളയത്തിൽ മുങ്ങിത്താഴാൻ പോയ രണ്ടു കുടുംബങ്ങളെ വായു നിറച്ച ട്യൂബുകളിൽ കയറ്റിയിരുത്തി രക്ഷപ്പെടുത്തിയത് ഈ സുഹൃത്തുക്കളായിരുന്നു.മുണ്ടക്കയം മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ബെന്നി നെയ്യൂരിന്റെ നേതൃത്വത്തിലാണ് ഇരുവരും രക്ഷപ്രവർത്തനത്തിന് ഇറങ്ങിയത്.
സംഘത്തിലെ ബാക്കിയുള്ളവർ പുത്തൻചന്തയിൽ പുഴയോടു ചേർന്ന ഭാഗത്ത് ബെന്നിയുടെ നേതൃത്വത്തിൽ സുഹൈൽ, ആസിഫ്, എപിക് എന്നിവരും വീടിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്ന തിരക്കിലായിരുന്നു.ഈ സമയത്താണ് സ്ത്രീകളുടെ കുട്ടികളുടെയും അലർച്ച ഇവർ കേട്ടത്.പിന്നെ ഒന്നും നോക്കാതെ നീന്തി അങ്ങോട്ട് പോയി.എത്തിയപ്പോൾ കണ്ടത് സ്ത്രീകളും കുട്ടികളും വീടിന്റെ ടെറസിൽ അരയോളം വെള്ളത്തിൽ നിന്നു നിലവിളിക്കുന്നതാണ്.
മറ്റു വീടുകളിൽ നിന്ന് ആളുകളെ നീക്കുന്നതിനിടയിൽ ഷെബീറാണ് ആദ്യം വിളിച്ചത്.പ്ലാസ്റ്റിക് ജാറുമായി പോയി രക്ഷപ്പെടുത്താമെന്നാണ് ആദ്യം വിചാരിച്ചത്. അതു പ്രായോഗികമല്ലെന്നു കണ്ടാണ് തൊട്ടടുത്തുള്ള ടയർ കടയിൽനിന്ന് ട്യൂബുകൾ എടുത്ത് അതിൽ ചാക്കു കെട്ടി സീറ്റ് ഉണ്ടാക്കിയത്. പ്രായമുള്ള സ്ത്രീകളെ ട്യൂബിൽ ഇരുത്താൻ പാടുപെട്ടു. ഒരു വീടിന്റെ ടെറസിലുള്ളവരെ രക്ഷപ്പെടുത്തി മടങ്ങുമ്പോൾ അടുത്ത വീട്ടിൽ നിന്ന് നിലവിളി. അവരെയും രക്ഷപ്പെടുത്തി ഷംസീർ പറഞ്ഞു.
ജീവൻ രക്ഷിച്ചതിന് പേരും പെരുമയും വേണ്ടെന്ന നിലപാടിലായിരുന്നു ഈ സുഹൃത്തുക്കൾ. എന്നാൽ, സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി അവർ പേരുകൾ വെളിപ്പെടുത്തുകയായിരുന്നു. ജോസ്, മുംതാസ്, സിജോ, ബിജു, റഷി, രാജു എന്നിവരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ