ഡബ്ലിൻ: മെറ്റ് ഐറീൻ പ്രവചിച്ചതു പോലെ കനത്ത മഴയും കാറ്റും രാജ്യത്തെ മിക്ക ഭാഗങ്ങളിലേയും ജീവിതം ദുരിതമാക്കി. ശക്തമായ പേമാരിയെ തുടർന്ന് അയർലണ്ടിന്റെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ മേഖലയെയാണ് മോശം കാലാവസ്ഥ പ്രതികൂലമായി ഏറെ ബാധിച്ചിട്ടുള്ളത്.

ടൈറോൺ, ഡെറി, സ്ലൈഗോ, ഡൊണീഗൽ മേഖലകൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. റോഡുകളിൽ വെള്ളം കയറിയതിനാൽ ഇവിടങ്ങളിൽ ഗതാഗതവും താറുമാറായി. സൗത്ത് കോർക്കിലും മിന്നൽ പ്രളയം ബാധിച്ചിട്ടുണ്ട്. ഡബ്ലിൻ മേഖലകളിൽ ശക്തമായി കാറ്റുവീശിയതിനെ തുടർന്ന് പരക്കെ വൈദ്യുതി തടസവും നേരിട്ടു. വെക്‌സ്‌ഫോർഡ്, ഡൊണീഗൽ, ഗാൽവേ, ക്ലെയർ മേഖലകൾ രണ്ടുദിവസമായി ഇരുട്ടിൽ തപ്പുകയാണ്.

നോർത്തേൺ അയർലണ്ടിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈയാഴ്ച മൊത്തം മോശമായ കാലാവസ്ഥയുടെ പിടിയിലായിരിക്കും രാജ്യം. പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലകൾ. വാഹനവുമായി പുറത്തിറങ്ങുന്നവർക്ക് ജാഗ്രതാ നിർദേശമാണ് മെറ്റ് ഐറീൻ പുറപ്പെടുവിച്ചിരിക്കുന്നത്. റോഡുകളിൽ വെള്ളക്കെട്ടും അതുമൂലം അപകടവും സംഭവിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

നിർത്താതെ പെയ്യുന്ന മഴയിൽ കോ ഡൊണീഗൽ ആകെ മുങ്ങിയിരിക്കുകയാണ്. ഫയർ ആൻഡ് റെസ്‌ക്യൂ ടീം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഫിൻ നദി കരികവിഞ്ഞ് ഒഴുകിയതിനാൽ കാസിൽഫിൻ മേഖല ആകെ പ്രളയത്തിൽ മുങ്ങി. ബാലിഷാനോൻ, ബൺഡോറാൻ, ഡൊണീഗൽ ടൗൺ, ലെറ്റർകെന്നി തുടങ്ങിയ മേഖലകളിൽ ഒട്ടേറെ കാറുകൾ വെള്ളത്തിനടിയിൽ അകപ്പെട്ടു. കോ മയോയിൽ ഡീൽ നദിയും കരകവിഞ്ഞിട്ടുണ്ട്. മിക്ക വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.