കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് ഈ വർഷം ആയിരം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുമെന്ന് കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സുനിൽ ജയിൻ. നഴ്‌സ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം ആയെന്നും ഈ രംഗത്തെ ചൂഷണം ഒഴിവാക്കുന്നതിനും നിയമനം സുതാര്യമാക്കുന്നതിനുമുള്ള പ്രവർത്തനമാണ് നടത്തിയതെന്നും ഇന്ത്യൻ സ്ഥാനപതി വെളിപ്പെടുത്തി. ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) സംഘടിപ്പിച്ച ഫ്‌ലോറൻസ് ഫിയസ്റ്റ 2016 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിലവിൻ കുവൈറ്റിൽ 10,000 ത്തിലധികം ഇന്ത്യൻ നഴ്‌സുമാരാണുള്ളത്. ഇതിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്. ഇനിയും ഈ വർഷം ഇന്ത്യയിൽ നിന്ന് ആയിരം നഴ്‌സുമാരെ കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്യും. അടുത്ത വർഷമാകുമ്പോഴേയ്ക്കും നഴ്‌സ് റിക്രൂട്ട്‌മെന്റ് സുതാര്യവും ഉചിതവുമായ മാർഗത്തിലൂടെ തന്നെയായിരിക്കുമെന്നും ഇന്ത്യൻ സ്ഥാനപതി ഉറപ്പു നൽകി.

നൂറുകണക്കിനു നഴ്സുമാർ കത്തിച്ച മെഴുകുതിരികളുമേന്തി നഴ്സസ്ദിന പ്രതിജ്ഞ പുതുക്കി. ഇൻഫോക് പ്രസിഡന്റ് പ്രവീൺ പ്രഭാകരൻ അധ്യക്ഷനായിരുന്നു. ഫർവാനിയ ഗവർണരുടെ പ്രതിനിധി ഫാഹദ് സലേം സഅദ് അൽ ഫജ്ജി, കേണൽ ഇബ്രാഹിം അൽ ദാഹി എന്നിവർ സംബന്ധിച്ചു. ഐഡിഎഫ് പ്രതിനിധി ഡോക്ടർ വിവേക് വാണി, തോമസ് മാത്യു കടവിൽ, ഷൈജു കൃഷ്ണൻ അനീഷ് പൗലോസ്, ആർ നാഗനാഥൻ തുടങ്ങിയവർ സംസാരിച്ചു. മാജിക് ഷോ പോസ്റ്റർ പ്രദർശനം എന്നിവയും സംഘടിപ്പിച്ചിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.