ഫ്ളോറിഡ: അർബുദത്തിന്റെ പിടിയിലായ രണ്ടു വയസുകാരിക്കു ചേരുന്ന രക്തഗ്രൂപ്പിനായുള്ള നെട്ടോട്ടത്തിലാണ് ലോകത്തിലെ എല്ലാ രക്തദാന സംഘടനകളും. അത്യപൂർവ രക്തഗ്രൂപ്പായ ഇന്ത്യൻ ബി രക്തം ലഭിക്കാത്തതിനാൽ മകളുടെ ചികിത്സ പാതി വഴിയിൽ നിർത്തിയിരിക്കുകയാണ് ഫ്ളോറിഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ റഹീൽ മുഗൾ. രണ്ടു വയസുള്ള സൈനബ് മുഗളിനെ ബാധിച്ചിരിക്കുന്ന ന്യൂറോബ്ലാസ്റ്റോമ എന്ന അർബുദ ചികിത്സയ്ക്കാണ് ഇന്ത്യൻ ബി എന്ന രക്തഗ്രൂപ്പുള്ളവർക്കായി ലോകമെമ്പാടും തിരച്ചിൽ നടത്തുന്നത്.

കുട്ടികളിൽ മാത്രം കണ്ടുവരുന്ന ഈ അർബുദം നാഡീഅറകളെയാണ് പ്രധാനമായും ബാധിക്കുക. കീമോ തെറാപ്പിക്കും മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും മാത്രമേ സൈനബിനെ രക്ഷിക്കാൻ സാധിക്കൂ. ഇതിന് സൈനബിന്റെ രക്തഗ്രൂപ്പിനോടു ചേരുന്ന രക്തഗ്രൂപ്പ് തന്നെ ലഭിക്കുകയും ചെയ്യണം. ജനിതക പ്രത്യേകതയാൽ ലോകത്തിലെ നാലു ശതമാനം പേർക്കു മാത്രമുള്ള പ്രത്യേക ഗ്രൂപ്പായ ഇന്ത്യൻ ബി രക്തഗ്രൂപ്പാണ് സൈനബിനും ഉള്ളത്. പാക്കിസ്ഥാനി, ഇന്ത്യൻ, ഇറാനിയൻ പാരമ്പര്യമുള്ളവരിൽ മാത്രമേ ഇത്തരം രക്തഗ്രൂപ്പുകൾ കണ്ടുവരുന്നുള്ളൂ.

സാധാരണയായി രക്തത്തിൽ പൊതുവേ കാണപ്പെടുന്ന ആന്റിജനുകളുടെ അഭാവമാണ് ഇന്ത്യൻ ബി രക്തഗ്രൂപ്പിനെ വേറിട്ടു നിർത്തുന്നത്. എ അല്ലെങ്കിൽ ഒ ഗ്രൂപ്പിൽ പെട്ടവർക്കു മാത്രമേ ഇന്ത്യൻ ബി രക്തഗ്രൂപ്പിൽ പെട്ടവർക്ക് രക്തം ദാനം ചെയ്യാൻ സാധിക്കുകയുള്ളൂ. മാത്രമല്ല, സൈനബിന്റെ ശരീരം ഈ ഗ്രൂപ്പിൽ പെട്ട എല്ലാവരുടേയും രക്തം സ്വീകരിക്കണമെന്നുമില്ല. രക്തത്തിലെ എല്ലാ ഘടകങ്ങളും യോജിച്ചാൽ മാത്രമേ രക്തം മാറ്റിവയ്ക്കൽ വിജയകരമാകൂ. ഇതെല്ലാം ഈ രണ്ടുവയസുകാരിയുടെ ചികിത്സയ്ക്ക് തടസമായി മുന്നിൽ നിൽക്കുകയാണ്.

അത്യപൂർവ രക്തഗ്രൂപ്പാണ് സൈനബിന്റെതേന്ന് കണ്ടെത്തിയ ഉടൻ തന്നെ മാതാപിതാക്കൾ രക്തം നൽകാൻ മുന്നോട്ടുവന്നെങ്കിലും ഇവരുടെ രക്തവുമായി മകളുടെ രക്തഗ്രൂപ്പ് ചേരില്ലെന്ന് ആദ്യമേ കണ്ടെത്തി. കൂടാതെ ഒട്ടേറെ ബന്ധുക്കളുടെയും കുടുംബസുഹൃത്തുക്കളുടേയും രക്തഗ്രൂപ്പ് ചേരുമോയെന്ന് പരിശോധിച്ചുവെങ്കിലും അതൊന്നും ഫലപ്രാപ്തിയണിഞ്ഞില്ല.

ഒക്ടോബറിലാണ് സൈനബിന്റെ വയറിൽ ഒരു ട്യൂമർ വളർച്ച ഡോക്ടർമാർ കണ്ടെത്തിയത്. പത്ത് മാസത്തോളം വളർച്ചയെത്തിയതിനു ശേഷം മാത്രമാണ് രോഗം കണ്ടെത്താനായതെന്നും ഇത് രോഗം മൂർച്ഛിക്കുന്നതിന് കാരണമായി, ഇനിയും ചികിത്സ വൈകിയാൽ കുഞ്ഞിന്റെ ജീവന് ഉറപ്പ് നൽകാനാവില്ലെന്നും ഡോക്ടർമാർ പറയുന്നു. അഡ്രീനൽ ഗ്രന്ഥികളിലാണ് ന്യൂറോബ്ലാസ്റ്റോമ സാധാരണയായി കാണപ്പെടുന്നത്. രോഗം മൂർച്ഛിച്ചാൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തേയും മെറ്റബോളിസത്തേയും ഇത് മാരകമായി ബാധിക്കും

യുഎസിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് ആശുപത്രിയിൽ കഴിയുന്ന സൈനബിന് രക്തം കണ്ടെത്താൻ അന്താരാഷ്ട്ര എൻജിഒ ആയ വൺ ബ്ലഡ് തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. സൈനബിനു ചേരുന്ന മൂന്നു രക്തദാതാക്കളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ലണ്ടനിൽ നിന്നും ഒരാളും യുഎസിൽ തന്നെയുള്ള മറ്റു രണ്ടുപേരുമാണ് സൈനബിന്റെ രക്തദാതാക്കൾ. അതേസമയം സൈനബിനു വേണ്ടി പാക്കിസ്ഥാൻ, ഇന്ത്യൻ, ഇറാനിയൻ പാരമ്പര്യമുള്ള ആയിരത്തിലധികം പേർ രക്തം ദാനം ചെയ്തു കഴിഞ്ഞു.

ഇതിൽ നിന്നാണ് മൂന്നു ദാതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്. ചികിത്സ മുന്നോട്ടുപോകണമെങ്കിൽ കൂടുതൽ ദാതാക്കളെ വേണ്ടിവരും. ഈ പ്രതിസന്ധിക്കു മുന്നിൽ പകച്ചിരിക്കുകയാണ് സൈനബിന്റെ മാതാപിതാക്കൾ. തങ്ങളുടെ മകളുടെ ജീവൻ രക്ഷിക്കണമെന്ന് സൈനബിന്റെ അമ്മയുടെ യാചന ലോകം ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.