തിരുവനന്തപുരം: മദ്യനയത്തിൽ സർക്കാർ തീരുമാനങ്ങളിൽ ഇടപെട്ട കോടതി നിലപാട് മൂലം ബിവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകൾ പലതും പൂട്ടി. പാതയോരത്ത് നിന്ന് അവ അപ്രത്യക്ഷമായി. ദേശീയ പാതിയിൽ നിന്ന് ബാറുകൾ മാറ്റണമെന്ന നിർദ്ദേശവും വന്നു. അങ്ങനെ ആ മേഖലയിൽ സമ്പൂർണ്ണ മാറ്റങ്ങൾ കോടതി ഇടപെടലുകൾ സാധ്യമാക്കി. ഇപ്പോൾ ഗതാഗത പ്രശ്‌നങ്ങളിലേക്കും കോടതിയുടെ കണ്ണ് എത്തുകയാണ്. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാൻ സർക്കാർ മറക്കുന്നതിനാൽ കൂടിയാണ് ഈ ഇടപെടൽ വേണ്ടി വരുന്നത്.

ഗതാഗത നിയമങ്ങൾ ലംഘിച്ചവരും അപകടങ്ങൾക്കു കാരണക്കാരുമായ ഒന്നരലക്ഷത്തിലേറെ പേരുടെ ഡ്രൈവിങ് ലൈസൻസ് ഇന്നു മുതൽ സസ്‌പെൻഡ് ചെയ്യാനാണ് തീരുമാനം. ഒക്ടോബർ മുതൽ കേസുകളിൽപ്പെട്ടവരുടെ ലൈസൻസാണു സസ്‌പെൻഡ് ചെയ്യുന്നത്. മോട്ടോർ വാഹനവകുപ്പിനു പുറമെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലെ ലൈസൻസും സസ്‌പെൻഡ് ചെയ്യും. റോഡുസുരക്ഷ സംബന്ധിച്ച സുപ്രീംകോടതി സമിതിയുടെ നിർദ്ദേശത്തെത്തുടർന്നാണ് കർശനനടപടി സ്വീകരിക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. ഇതു മൂലം ആയിരങ്ങൾക്ക് ലൈസൻസ് റദ്ദാകുന്ന സ്ഥിതി വരും.

വാഹന ഉടമയ്ക്കാണ് നോട്ടീസ് അയയ്ക്കുന്നത്. കുറ്റകൃത്യംനടന്ന സമയത്ത് വാഹനമോടിച്ചയാളെ ഹാജരാക്കേണ്ട ചുമതല ഉടമയ്ക്കുണ്ട്. ഇതിന് കഴിഞ്ഞില്ലെങ്കിൽ ഉടമയ്ക്കെതിരേ നടപടി സ്വീകരിക്കും. വാഹനാപകടങ്ങളിൽ ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകട പരിശോധനാറിപ്പോർട്ട് തയ്യാറാക്കുന്ന ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച് പ്രത്യേകനിർദ്ദേശം നൽകി. ജീവഹാനിയുണ്ടാക്കുന്ന അപകടങ്ങൾക്ക് മാത്രമാണ് മുമ്പ് ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നത്. ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി സമിതി നിർദ്ദേശിച്ചിരുന്നു.

നടപ്പാക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സമിതി കർശനനടപടി സ്വീകരിക്കാൻ സംസ്ഥാനസർക്കാരിന് കഴിഞ്ഞ 22-ന് നിർദ്ദേശം നൽകി. മൂന്നുമാസം കൂടുമ്പോൾ ഇതുസംബന്ധിച്ച വിശദറിപ്പോർട്ട് സുപ്രീംകോടതി സമിതിക്ക് സമർപ്പിക്കണം. ഈ സാഹചര്യത്തിലാണ് ഇടപെടൽ. ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ സാന്നിധ്യത്തിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗമാണു തീരുമാനം എടുത്തത്. സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ നിർദ്ദേശപ്രകാരം ഇതുവരെ മോട്ടോർവാഹന വകുപ്പ് മൂവായിരത്തിലേറെ ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ഇന്നലത്തെ യോഗം ഇതുവരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു. അപകടത്തിൽ മരണം സംഭവിച്ചുവെങ്കിൽ ഒരു വർഷത്തേക്കാണു ലൈസൻസ് സസ്‌പെൻഡ് ചെയ്യുക. മദ്യപിച്ചു വാഹനം ഓടിച്ചാൽ ആറു മാസവും അമിതവേഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു മൂന്നുമാസവുമാണു ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത്. മൂന്നു പ്രാവശ്യം സസ്‌പെൻഡ് ചെയ്താൽ ലൈസൻസ് റദ്ദാക്കും.

സസ്‌പെൻഡ് ചെയ്യുന്ന ലൈസൻസിൽ അതു രേഖപ്പെടുത്തും. കുറ്റക്കാർക്കു ക്ലാസ് നൽകിയശേഷമേ ലൈസൻസ് നൽകുകയുള്ളൂ. ജനുവരി മുതൽ മാർച്ചുവരെ മുൻവർഷങ്ങളേക്കാൾ അപകടങ്ങൾ 20% കുറഞ്ഞു. ഇത് കോടതി ഇടപടെലുണ്ടാക്കിയ മാറ്റമാണ്. ഈ ഉത്തരവ് കൂടുതൽ കർനമാക്കുമ്പോൾ റോഡുകൾ കൂടുതൽ സുരക്ഷിതമാകുമെന്നാണ് വിലയിരുത്തൽ.