തിരുവനന്തപുരം: രക്തദാതാക്കളുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ഷെയർമൈബ്ലഡ്.ഓർഗിന്റെ ആഭിമുഖ്യത്തിൽ 2015 പുതുവത്സര ദിനത്തിൽ 1001 ടീമുകളെ പങ്കെടുപ്പിച്ച് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ഷെയർമൈബ്ലഡ്.ഓർഗ് 'പൂക്കള മാമാങ്കം' ഒരുക്കുന്നത്.

'രക്തദാനം മഹാദാനം' എന്ന മഹത്തായ സന്ദേശം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും ഷെയർമൈബ്ലഡ്.ഓർഗിൽ കൂടുതൽ രക്തദാതാക്കളെ പങ്കാളിയാക്കുന്നതിനും വേണ്ടിയാണ് പൂക്കള മാമാങ്കം സംഘടിപ്പിക്കുന്നത്. പുതുവത്സരദിനത്തിൽ 1001 പേർ രക്തം ദാനം ചെയ്യും.

പൂക്കള മത്സരത്തിന് മുന്നോടിയായി വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും. പ്രസ്തുത പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പൂക്കള മാമാങ്കത്തിന് ലോഗോയും ക്ഷണിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 5001 രൂപ സമ്മാനം നൽകും. ലോഗോ അയയ്‌ക്കേണ്ട വിലാസം: ഷെയർമൈബ്ലഡ്.ഓർഗ്, പിഎൽആർഎ എ-4, പണിക്കേഴ്‌സ് ലൈൻ, ശാസ്തമംഗലം പിഒ, തിരുവനന്തപുരം-10. ഇ-മെയിൽ: pookkalamamangam@sharemyblood.org, ഫോൺ: 0471 2317121, 98471 34700.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള ജനപ്രതിനിധികളാണ് സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരികൾ.