തിരുവനന്തപുരം: മറ്റ് വിനോദ ചാനലുകളെ പിന്നിലാക്കി ജനപ്രീതിയിൽ മുന്നോട്ടു നീങ്ങുന്ന ഫ്ളവേഴ്സ് ടിവിയുടെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു തിലകം ചാർത്തി ഇന്ത്യൻ ഫിലിം അവാർഡ് നിശ ഇന്നലെ തിരുവനന്തപുരത്ത് നടന്നു. പതിറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യൻ അഭിനേതാവിനുള്ള പുരസ്‌ക്കാരം മോഹൻലാലിന് ഇന്നലെ ചാനൽ അധികൃതർ സമ്മാനിച്ചു.

മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നെടുമുടി വേണുവിന് ലഭിച്ചപ്പോൾ ഹിന്ദിയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ബോളിവുഡ് നടൻ ജാക്കി ഷെറഫിന് ലഭിച്ചു. മലയാളത്തിലെ മികച്ച നടൻ ഇന്ദ്രൻസ്. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസിനു പുരസ്‌കാരം ലഭിച്ചത്. മോഹൻലാൽ ഇന്ദ്രൻസിനു പുരസ്‌കാരം നൽകി. മികച്ച നടിക്കുള്ള പുരസ്‌കാരം മഞ്ജു വാര്യർക്ക് ശ്രീകുമാരൻ തമ്പി സമ്മാനിച്ചു. ഈ വർഷത്തെ ജെ സി ഡാനിയൽ പുരസ്‌കാരം നേടിയ ശ്രീകുമാരൻ തമ്പിയെ ചടങ്ങിൽ ആദരിച്ചു.

വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനുള്ള പ്രത്യേക പുരസ്‌കാരം നടൻ സിദ്ദിഖ് ഏറ്റുവാങ്ങി. 'സ്റ്റാർ ഓഫി ദി ഇയർ' പുരസ്‌കാരം ടോവിനോ തോമസിന് ലഭിച്ചപ്പോൾ സുരാജ് വെഞ്ഞാറമ്മൂടിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു .'ടേക്ക് ഓഫി'ലൂടെ മഹേഷ് നാരായണൻ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു പ്രധാന പുരസ്‌കാരങ്ങൾ : മികച്ച സഹനടൻ-അലൻസിയർ,മികച്ച സഹനടി-ശാന്തി കൃഷ്ണ, ികച്ച നവാഗത സംവിധായകൻ- പ്രജേഷ് സെൻ, മികിച്ച സംഗീത സംവിധായകൻ- ബിജിബാൽ,മികച്ച പശ്ചാത്തല സംഗീതം- ഗോപി സുന്ദർ, മികച്ച തിരക്കഥാകൃത്ത്-സജീവ് പാഴൂർ. ഇരുപത്തിയാറ് വ്യത്യസ്ത വിഭാഗങ്ങളിലായിട്ടാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

മോഹൻലാൽ തന്നെയായിരുന്നു ഷോയുടെ മുഖ്യ ആകർഷണം. ഒടിയൻ ലുക്കിൽ മോഹൻലാൽ വേദിയിൽ എത്തിയപ്പോൾ ആരാധകർ ആർപ്പുവിളികൾ മുഴക്കി. നെഞ്ചിനകത്ത് ലാലേട്ടൻ.. എന്ന ഗാനത്തിന്റെ അകമ്പടിയോടയാണ് മോഹൻലാൽ വേദിയിലെത്തിയത്. ശ്രീകുമാരൻ തമ്പിക്ക് ആദരവറിയിച്ച് ഗായകനാകും അദ്ദേഹം മികച്ചു നിന്നും. 'ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു' എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ 'ചന്ദനത്തിൽ കടഞ്ഞെടുത്തൊരു' എന്ന ഗാനമാണ് മോഹൻലാൽ പാടിയത്. മലയാള സിനിമയ്ക്ക് ശ്രീകുമാരൻ തമ്പി നൽകിയ സംഭാവനകൾ വിശദമായി പറഞ്ഞാണ് മോഹൻലാൽ പാട്ടിലേക്ക് കടന്നത്.

നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് മോഹൻലാലിന്റെ പാട്ടിനെ സ്വീകരിച്ചത്. ശ്രീകുമാരൻ തമ്പിയുടെ സാന്നിധ്യമാണ് പാട്ടു പാടാൻ പ്രചോദനമായതെന്ന് പ്രേക്ഷകരോട് പറഞ്ഞായിരുന്നു ലാലിന്റെ ഗാനാലാപനം. മഞ്ജു വാര്യരും വേദിയിൽ ശ്രദ്ധാകേന്ദ്രമായിരന്നു. മോഹൻലാൽ എന്ന സിനിമയിലെ നായികയായ മഞ്ജു വേദിയിൽ മോഹൻലാലിനെ അനുകരിക്കാനും മറന്നില്ല. നിറഞ്ഞ കൈയടികളോടെയാണ് മഞ്ജുവിന്റെ അനുകരണത്തെ ആരാധകർ സ്വീകരിച്ചത്.