തിരുവനന്തപുരം: മലയാള ചാനലിലെ വിനോദ വ്യവസായ രംഗത്തെ തലതൊട്ടപ്പനെരെന്ന് ചോദിച്ചാൽ നിസ്സംശയം പറയാവുന്ന പേരാണ് ശ്രീകണ്ഠൻ നായർ എന്ന്. ഏഷ്യാനെറ്റ് എന്ന ചാനലിനെ കോടികൾ വരുമാനമുള്ള ചാനലാക്കി മാറ്റിയതിന് പിന്നിലെ ബുദ്ധി അദ്ദേഹത്തിന്റേതാണെന്ന് എല്ലാവർക്കും അറിയാം. അതിന് ശേഷം മനോരമ കുടുംബം തുടങ്ങിയ വിനോദ ചാനൽ മഴവില്ലിന്റെ മുഖ്യ പിന്നണിക്കാരനും ശ്രീകണ്ഠൻ നായരാണ്. വ്യത്യസ്തമായ പരിപാടികളുമായി ചാനൽ ഹിറ്റാക്കിയ ശേഷം അവിടെ നിന്നും പടിയിറങ്ങിയ ശ്രീകണ്ഠൻ നായർ ഇപ്പോൾ പുതിയ വിനോദ ചാനലുമായി വിഷുക്കാലത്ത് മലയാളികളെ തേടിയെത്തുകയാണ്. വാർത്താചാനലുകൾ നിലനിൽപ്പിനായി ചക്രശ്വാസം വലിക്കുന്ന വേളയിലാണ് വിനോദ ചാനൽ രംഗത്തെ നിലവിലുള്ള വമ്പന്മാർക്ക് ഭീഷണിയാണ് ശ്രീകണ്ഠൻ നായരുടെ കടന്നുവരവ്. ഗോകുലം ഗോപാലൻ ചെയർമാനായ ഫ്ളവേഴ്‌സ എന്ന ചാനലിന്റെ എല്ലാമെല്ലാമായി ശ്രീകണ്ഠൻ നായരുടെ കടന്നുവരവ്.

ചാനലിന്റെ ഔപചാരിക ഉദ്ഘാടനം കൊച്ചിയിൽ നടന്ന മെഗാ ഇവന്റോടെ ഏപ്രിൽ നാലിന് നടന്നിരുന്നു. ഇന്ന് മുതലാണ് പരിപാടികളുടെ സംപ്രേഷണം ആരംഭിച്ചത്. വിനോദ വ്യവസായ രംഗത്തെ സ്ഥിരം ചേരുവകൾ എല്ലാം ചേർത്തുതന്നെയാണ് ശ്രീകണ്ഠൻ നായരുടെ കടന്നുവരവും. സിനിമാ രംഗത്തെയും സംഗീത രംഗത്തെയും പ്രമുഖരെയും ഒരുമിപ്പിച്ചുകൊണ്ടും സീരിയൽ, സിനിമ, കോമഡി, റിയാലിറ്റി ഷോകളുമായാണ് ഫ് ളവേഴ്‌സിന്റെ കടന്നുവരവ്. ചാനലിന്റെ പരീക്ഷണ സംപ്രേഷണം മാസങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നു.

ഇന്ന് പ്രമുഖ പത്രങ്ങളുടെ മുൻപേജിൽ തന്നെ പരസ്യം നൽകി ഗംഭീരമായി തന്നെയാണ് ശ്രീകണ്ഠൻ നായരുടെ ചാനലിന്റെ വരവും. ക്രിക്കറ്റ് താരം ശ്രീശാന്ത് അവതാരകനായി പ്രത്യക്ഷപ്പെടുന്ന പരിപാടിയും ഫ് ളവേഴ്‌സിലുണ്ട്. സിനിമാതാരങ്ങളുടെ ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടിയെന്ന വിധത്തിലാണ് അണിയറക്കാർ ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. സ്റ്റാർ ചലഞ്ച് എന്നാണ് പരിപാടിയുടെ പേര്. ശ്വേതാ മേനോൻ, ബാബാരാജ്, റിയാസ് ഖാൻ എന്നിവരും ഈ പരിപാടിയുടെ ഭാഗമാകുന്നുണ്ട്.

മെഗാ ഷോയിലെ പരിപാടികൾക്കൊപ്പം സുരാജ് വെഞ്ഞാറംമൂടിന്റെ കോമഡി ഷോയും പരിപാടിയും ഫ്ളവേഴ്‌സിലുണ്ട്. കസിൻസ് എന്ന സിനിമയാണ് സംപ്രേഷണം ആരംഭിക്കുന്ന ദിവസം ചാനൽ സംപ്രേഷണം ചെയ്യുന്ന സിനിമ. ചിത്രയുടെ നേതൃത്വത്തിൽ ഇന്ത്യൻ മ്യൂസിക് ലീഗെന്ന സംഗീത റിയാലിറ്റി ഷോയും ചാനലിലുണ്ട്. വിഷു പരിപാടികളോടെ ചാനലിന് പ്രേക്ഷകരുടെ മനസിൽ ഇടംപിടിക്കാം എന്നതാണ് അണിയറക്കാരുടെ പ്രതീക്ഷ. ഇൻസൈറ്റ് മീഡിയ സിറ്റിയുടെ മീഡിയ സിറ്റിയുടെ ഭാഗമായാണ് വിനോദ ചാനൽ എന്ന നിലയിൽ ഫ് ളവേഴ്‌സ് സംപ്രേഷണം ആരംഭിച്ചത്. കൊച്ചിയിൽ നിന്നാണ് ചാനലിന്റെ സംപ്രേഷണം. മുഴുവൻസമയ വാർത്താ ചാനൽ തിരുവനന്തപുരത്തുനിന്നാണ് പ്രവർത്തനം ആരംഭിക്കുക. ഏതാനും മാസങ്ങൾക്ക് ശേഷം വാർത്താചാനലും സംപ്രേഷണം ആരംഭിക്കും.

മലയാളത്തിലെ വിനോദ വ്യവസായത്തിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഏഷ്യാനെറ്റാണ്. രണ്ടാം സ്ഥാനത്തായിരുന്ന സൂര്യ ടിവിടെ കടത്തിവെട്ടിയാണ് അടുത്തിടെ മഴവിൽ മനോരമ ഈ സ്ഥാനത്തെത്തിയത്. വ്യത്യസ്തമായ പിരിപാടികളാണ ് മഴവിൽ മനോരമയെ പ്രേക്ഷകരുടെ ഇഷ്ട ചാനലായത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന മലയാളം വിനോദ ചാനൽ വ്യവസായത്തിന്റെ അതേ പാതയിൽ തന്നെയാണ് ഫ്ളവേഴ്‌സിന്റെയും കടന്നുവരവ്. അമൃത, കൈരളി, തുടങ്ങിയ ചാനലുകളും ഇപ്പോഴും ലാഭകരമായി തന്നെയാണ് നടത്തിപ്പോകുന്നത്. അതുകൊണ്ട് തന്നെ ഇനിയും മലയാളത്തിൽ ഒരു വിനോദ ചാനലിന് അവസരമുണ്ടെന്ന തിരിച്ചറിവിലാണ് ശ്രീകണ്ഠൻ നായർ പുതിയ പ്രസ്ഥാനവുമായി എത്തിയത്.

ഫ്ളവേഴ്‌സിന്റെ കടന്നുവരവോടെ വരും ദിവസങ്ങളിൽ ചാനലുകൾ തമ്മിലുള്ള കിടമത്സരം കൂടുതൽ മുറുകുമെന്ന കാര്യം ഉറപ്പാണ്. മിഡിൽ ഈസ്റ്റ് മേഖലയെ ലക്ഷ്യമിട്ട് മീഡിയാ വൺ ചാനലിന്റെ പുതിയ ചാനലും ഈ മാസം തന്നെ സംപ്രേഷണം ആരംഭിക്കും. ഇതോടെ മലയാളം ചാനൽ രംഗത്ത് മത്സരം കടുക്കുമെന്ന കാര്യം ഉറപ്പാണ്.