കൊച്ചി: മലയാളത്തിലെ പത്രങ്ങളിൽ ഒന്നാം സ്ഥാനത്താണ് മനോരമ. ചാനൽ രംഗത്തേക്ക് മനോരമ എത്തിയതും ഒന്നാം നമ്പർ ലക്ഷ്യമിട്ട്. എന്നാൽ ഈ ലക്ഷ്യത്തിലേക്ക എത്താൻ ഇനിയും മനോരമയ്ക്ക് ആയില്ല. ന്യൂസ് ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നിൽ. വിനോദ ചാനലിലും കുത്തക ഏഷ്യാനെറ്റിന് തന്നെ. അതിനിടെ ഇത്തവണ കൂടുതൽ ഞെട്ടിക്കുന്ന ബാർക് റേറ്റിംഗാണ് മനോരമയെ സംബന്ധിച്ച്. വിനോദ ചാനലുകളിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് മനോരമയുടെ മഴവിൽ മനോരമ ചാനൽ. നേട്ടമുണ്ടാക്കുന്നത് ശ്രീകണ്ഠൻ നായരുടെ ഫ്‌ളവേഴ്‌സും. പോയിന്റ് നിലയിൽ നല്ല മുൻതൂക്കമുണ്ടാക്കാൻ ഏഷ്യാനെറ്റിന് കഴിയുന്നുണ്ട്.

ഏഷ്യാനെറ്റിന് കഴിഞ്ഞ ആഴ്ചത്തെ ബാർക്കിൽ 303022 പോയിന്റാണുള്ളത്. രണ്ടാമതുള്ള സൂര്യയ്ക്ക് 102687ഉം. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റ് വിനോദ ചാനൽ രംഗത്തും ഏറെ മുന്നിലാണ്. ന്യൂസ് ചാനൽ വിഭാഗത്തിലേതിനേക്കാൾ മുൻതൂക്കം ഏഷ്യാനെറ്റിന് എന്റർടെയിന്റ്‌മെന്റിലുണ്ട്. മൂന്നാമതുള്ള ഫ്‌ളവേഴ്‌സിന് 98710 പോയിന്റുണ്ട്. മനോരമയെ പിന്തള്ളിയാണ് ഫ്‌ളവേഴ്‌സ് മൂന്നാമത് എത്തുന്നത്. റിയാലിന്റെ ഷോകുളുടെ കരുത്തിലാണ് ഈ മുന്നേറ്റം. രണ്ടാമതുള്ള സൂര്യയുമായും പോയിന്റ് നിലയിൽ വലിയ വ്യത്യാസം ഫ്‌ളവേഴ്‌സിനില്ല. അതുകൊണ്ട് തന്നെ രണ്ടാം സ്ഥാനത്തിന് വലിയ മത്സരമാണ് നടക്കുന്നത്.

മലയാള വിനോദ ചാനലുകളിൽ മത്സരം കടുപ്പിക്കുന്നത് ഫ്‌ളവേഴ്‌സിന്റെ സാന്നിധ്യം തന്നെയാണ്. നേരത്തെ ഏഷ്യാനെറ്റും സൂര്യയും മനോരമയുമായിരുന്നു ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. വല്ലപ്പോഴും മനോരമയും രണ്ടാത് എത്തും. ഐപിഎല്ലു പോലുള്ള കായിക ഇനങ്ങൾ തൽസമയം ഏഷ്യാനെറ്റ് മൂവീസിൽ വരാറുണ്ട്. അപ്പോൾ അതിനും മുൻതൂക്കം കിട്ടും. ഇടയ്‌ക്കൊരിക്കൽ ഫ്‌ളവേഴ്‌സ് രണ്ടാം സ്ഥാനത്തും എത്തി. അതിന് ശേഷം പലവിധ പ്രശ്‌നങ്ങൾ ഫ്‌ളവേഴ്‌സിനെ പിന്നിലേക്കാക്കി. ഈ പ്രതിസന്ധികളെ മറികടന്നാണ് ഫ്‌ളവേഴ്‌സ് വീണ്ടും മനോരമയുടെ മഴവില്ലിനെ പിന്നിലാക്കി മൂന്നാമത് എത്തുന്നത്.

മനോരമയിൽ നിന്ന് മാറിയ ശേഷമാണ് ശ്രീകണ്ഠൻ നായർ ഫ്‌ളവേഴ്‌സുമായെത്തുന്നത്. ഗോകുലം ഗോപാലനാണ് ചെയർമാൻ. സോഷ്യൽ മീഡിയയിലും ഫ്‌ളവേഴ്‌സിന്റെ കോമഡി പ്രോഗ്രാമുകൾ വൈറലാണ്. സോഷ്യൽ മീഡിയയിൽ നേടിയ മുൻതൂക്കം ബാർക് റേറ്റിംഗിലും പ്രതിഫലിക്കുന്നതാണ് ഈ ആഴ്ചത്തെ റേറ്റിങ് വ്യക്തമാക്കുന്നത്. കോടികൾ മുടക്കി പരിപാടികൾ എടുക്കുന്ന അമൃതയും ഏറെ പിന്നിലാണ്. അവർക്ക് തിരിച്ചുവരാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. മോഹൻലാലിനെ കൊണ്ട് ചെയ്ത ടോക് ഷോയും പൊളിഞ്ഞു. ഏഷ്യാനെറ്റ് മൂവീസും ഏഷ്യാനെറ്റ് പ്ലസും സൂര്യാ മ്യൂസിക്കും സൂര്യ മൂവീസും പ്രേക്ഷകരെ ആകർഷിക്കുന്നുമുണ്ട്.

ബാർക് റേറ്റിംഗിലെ പ്രോഗ്രാമുകളിൽ നിറയുന്നത് ഏഷ്യാനെറ്റിലെ സ്ത്രീ സീരിയലുകളാണ്. ഭാര്യയും വാനമ്പാടിയും കറുത്ത മുത്തും നീലക്കുയിലും കസ്തൂരി മാനുമാണ് മലയാളി പ്രേക്ഷരെ പിടിച്ചിരുത്തുന്ന പരിപാടികൾ. ഇവയെല്ലാം ഏഷ്യാനെറ്റിലെ പ്രൈംടൈം സീരിയലുകളാണ്. അതായത് രാത്രിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ മറ്റ് ചാനലുകൾ ഏറെ പിന്നിലാണ്. സൂര്യാ ടിവിയുടേയും കരുത്ത് സീരിയലുകൾ തന്നെ. കോമഡിയും മറ്റ് റിയാലിറ്റി ഷോകളുമാണ് ഫ്‌ളവേഴ്‌സിനെ മൂന്നാമത് എത്തിക്കുന്നത്. ആര്യയ്ക്ക് പരിണയം എന്ന വിവാഹ റിയാലിറ്റിയുടെ മൊഴിമാറ്റം പരിപാടിയും ഫ്‌ളവേഴ്‌സിന് കരുത്താവുകയാണ്.

മലയാളിയുടെ സ്വീകരണമുറിയിൽ കാഴ്ചയുടെ ഒരു പുതിയ വസന്തം തീർക്കുമെന്ന വാഗ്ദാനവുമായാണ് 'ഫ്ളവേഴ്സ് ' ടിവി എത്തിയത്. നാടിന്റെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങളെ ഇന്ന് നിലവിലുള്ള ടെലിവിഷൻ ചാനലുകൾ അവഗണിക്കുന്നുവെന്ന ഗവേഷണഫലങ്ങളുടെ പശ്ചാത്തലത്തിലാണ് യുവാക്കൾക്കുകൂടി നിരവധി അവസരങ്ങൾ തുറന്നിടുന്ന പരിപാടികൾ ഫ്ളവേഴ്സ് അവതരിപ്പിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതക്കൊപ്പം, യുവതലമുറയുടെ ആശയാഭിലാഷങ്ങൾക്ക് പിന്തുണയേകാനും 'ഫ്ളവേഴ്സ് 'എന്നും മുന്നിലാകുമെന്ന് ചാനൽ എംഡി ആർ ശ്രീകണ്ഠൻ നായർ വ്യക്തമാക്കിയിരുന്നു.

മലയാള ടെലിവിഷനിൽ ഇന്നേവരെ കിട്ടില്ലാത്തത്ര വലുപ്പത്തിൽ വൈവിധ്യപൂർണമായ പരിപാടികളാണ് 'ഫ്ളവേഴ്സ് 'പ്രേക്ഷകർക്കായി ഒരുക്കിയതും. ഇതാണ് ചുരുങ്ങിയ നാളുകൾ കൊണ്ട് ഫ്‌ളവേഴ്‌സിനെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുന്നത്.