സ്വന്തം ചാനലിലെ പരിപാടികൾക്കു മാത്രം പുരസ്‌കാരം നൽകുന്ന പതിവു തെറ്റിച്ച് ഫ്ലവേഴ്‌സ് ടിവിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള ടെലിവിഷൻ ചരിത്രത്തിലാദ്യമായാണ് ചാനൽ ഭേദമില്ലാതെ അർഹതയ്ക്ക് അംഗീകാരം നൽകുന്ന പുരസ്‌കാരങ്ങൾ.

പുരസ്‌കാരങ്ങൾക്ക് മൂല്യം നഷ്ടപ്പെടുന്ന ഈ പുതിയ കാലത്ത് പ്രേക്ഷകർ ഒന്നടങ്കം ആദരവോടെ നോക്കിക്കാണുന്ന ഒരു പുരസ്‌കാരമേള സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്ലവേഴ്‌സ് എല്ലാ ചാനലുകളിലെയും മികച്ച പരിപാടികൾക്ക് പുരസ്‌കാരം നൽകുന്നത്.

മലയാള ടെലിവിഷൻ പ്രവർത്തകർ ഒരു കുടുംബമായ് ഒരു കുടക്കീഴിൽ ഒന്നിക്കുന്ന ചരിത്രമുഹൂർത്തം കൂടിയാവും ഇത്. നടൻ മധു ചെയർമാനും ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ, സിനിമാ സീരിയൽ സംവിധായകൻ സജി സുരേന്ദ്രൻ, വാർത്താ അവതാരക രാജേശ്വരി മോഹൻ, ടെലിവിഷൻ നിരൂപക ഉഷ എസ് നായർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് വിവിധ ചാനലുകളിൽ നിന്ന് ലഭിച്ച എൻട്രികളിൽ പരിശോധിച്ച് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. മെറിറ്റിന് മാത്രം പ്രാധാന്യം നല്കി മാനേജ്‌മെന്റിന്റെ യാതൊരു ഇടപെടലുമില്ലാതെ സുതാര്യമായ രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്.

അവാർഡുകൾ കാറ്റഗറി തിരിച്ച്:

  • മികച്ച പരമ്പര ഈശ്വരൻ സാക്ഷിയായി (ഫ്ലവേഴ്‌സ്)
  • മികച്ച നടൻ കിഷോർ സത്യ (കറുത്തമുത്ത്,ഏഷ്യാനെറ്റ്)
  • മികച്ച നടി ശ്രീലയ (മൂന്നുമണി,ഫ്ലവേഴ്‌സ്)
  • മികച്ച ഹാസ്യതാരം സുരഭിലക്ഷ്മി (എം80 മൂസ, മീഡിയാ വൺ)
  • മികച്ച അവതാരകൻ രമേഷ് പിഷാരടി (ബഡായി ബംഗ്ലാവ്,ഏഷ്യാനെറ്റ്)
  • മികച്ച സ്വഭാവനടൻ മേഘനാദൻ (സ്ത്രീത്വം,സൂര്യാ ടിവി)
  • മികച്ച സ്വഭാവനടി വിജയകുമാരി(മാനസമൈന,കൈരളി)
  • ജനപ്രിയപരമ്പര മഞ്ഞുരുകുംകാലം(മഴവിൽമനോരമ)
  • പുതുമയാർന്ന ടെലിവിഷൻ പരിപാടി നല്ലവാർത്ത (മാതൃഭൂമിന്യൂസ്)
  • ദൃശ്യമാദ്ധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം കെ.ശശികുമാർ
  • മികച്ച വാർത്താ അവതരണം ഷാനി പ്രഭാകർ(മനോരമ ന്യൂസ്)
  • മികച്ച റിപ്പോർട്ടർ എസ്.വിജയകുമാർ(റിപ്പോർട്ടർ ടിവി)
  • മികച്ച ഡോക്യുമെന്ററി എന്റെ പുഴ (ഏഷ്യാനെറ്റ് ന്യൂസ്)
  • വാർത്താ മാദ്ധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ടി.എൻ.ഗോപകുമാർ
  • പ്രത്യേക ജൂറി പുരസ്‌കാരം ബൈജു വി.കെ (ഈശ്വരൻ സാക്ഷിയായി,ഫ്ലവേഴ്‌സ്)

ഈ മാസം 23ന് വൈകുന്നേരം 6.30ന് കൊച്ചി കിഴക്കമ്പലം കിറ്റക്‌സ് ഗാർമെന്റ്‌സ് അങ്കണത്തിൽ ഒരു ലക്ഷത്തോളം വരുന്ന സദസ്സിനെ സാക്ഷി നിർത്തി പുരസ്‌കാരങ്ങൾ സമ്മാനിക്കും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. പരിപാടികൾ കാണുന്നതിന് പൊതുജനങ്ങൾക്കും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.