തിരുവനന്തപുരം: വൈകല്യങ്ങളെ മറികടന്ന് ജീവിതവിജയം നേടിയ നിരവധി പേരുടെ കഥകൾ കേട്ടിട്ടുണ്ട്. അക്കൂട്ടത്തിലാണ് മലയാളത്തിന്റെ പ്രിയ ഗായികയായി മാറിയ വൈക്കം വിജയലക്ഷ്മിയുടെ ജീവിതാനുഭവവും. മലയാളം ഗാനശാഖയ്ക്ക് നഷ്ടമായിപ്പോയ മലയാളത്തനിമയും ഈണവും താളവും സ്വരമാധുരിയും വൈക്കം വിജയലക്ഷ്മി എന്ന ഗായികയിലൂടെ നമുക്ക് തിരിച്ചു കിട്ടിയിരുന്നു. കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന സിനിമയിൽ കാറ്റേ.. കാറ്റേ.. എന്ന ഗാനത്തിലൂടെയാണ് വൈക്കം വിജയലക്ഷ്മി എന്ന അന്ധയായ ഗായിക സിനിമയിൽ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമകളിൽ നിരവധി അവസരങ്ങൾ ഇവരെ തേടിയെത്തി. തൊട്ടതെല്ലാം പൊന്നാക്കി അവർ വിജയക്കുതിപ്പ് തുടരുകയും ചെയ്യുന്നു.

സോഷ്യൽ മീഡിയയുടെ പ്രോത്സാഹനം ആവോളം ലഭിച്ച വൈക്കം വിജയലക്ഷ്മിയുടെ ഗായികയ്ക്ക് ഇന്ന് വേദികൾ ഇഷ്ടം പോലെയാണ്. ഗാനമേളയുടെയും റിയാലിറ്റി ഷോയുടെയും വേദികളിൽ താരമാണ് വൈക്കം വിജയലക്ഷ്മി ഇന്ന്. ഇങ്ങനെ മലയാളി മനസിനെ കീഴടക്കിയ ഗായിക എന്ന നിലയിൽ ശ്രദ്ധേയ ആയ വിജയലക്ഷ്മിയുടെ മറ്റുചില കഴിവുകൾ കൂടി മലയാളികൾ ഈ ഓണക്കാലത്ത് കണ്ടു. താനൊരു നല്ല ഗായിക എന്നതിൽ ഉപരിയായി മികച്ച മിമിക്രി താരം കൂടിയാണെന്ന് തെളിയിക്കുകയായിരുന്നു വൈക്കം വിജയലക്ഷ്മി.

ഓണത്തോടനുബന്ധിച്ച് ഫ്ളാവഴ്‌സ് ടി വിയിലെ കോമഡി പരിപാടിയായ കോമഡി സൂപ്പർ നൈറ്റിന്റെ ഉട്ടോപ്യ സ്‌പെഷ്യൽ എപ്പിസോഡിലാണ് വിജയലക്ഷ്മി തന്റെ അനുകരണ പാടവം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചത്. മിമിക്രിയിലൂടെ സിനിമയിലെത്തിയ സുരാജ് വെഞ്ഞാറമൂട് പോലും വിജയലക്ഷ്മിയുടെ കോമഡി പ്രകടനത്തിൽ അത്ഭുതപ്പെട്ടുപോയി. അത്രയ്ക്ക് മികച്ച പ്രകടനമായിരുന്നു ഉൾക്കാഴ്‌ച്ചയുടെ ഈ കലാകാരിയിൽ നിന്നുമുണ്ടായത്.

പരിപാടിയിൽ മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിനെയും എം ജി ശ്രീകുമാറിനെയും അനുകരിച്ചപ്പോഴാണ് വിജയലക്ഷ്മിയിലെ മിമിക്രിക്കാരി പുറത്തുചാടിയത്. ഇരുവരുടെയും ശബ്ദം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച് വിജയലക്ഷ്മി പ്രേക്ഷകരുടേയും മറ്റ് താരങ്ങളുടേയും കൈയടി നേടി. അവിടം കൊണ്ട് മാത്രം നിർത്തിയില്ല അവർ. സിനിമാ താരങ്ങളായ കലാഭവന്മണിയുടെയും ഉമ്മറിന്റെയും ശബ്ദം അനുകരിച്ചും ഈ കലാകാരി എല്ലാവരെയും ഞെട്ടിച്ചു.

മലയാളത്തിലെ വില്ലത്തരത്തിന്റെ ചിരിയായ ജോസ് പ്രകാശിനെയും ഹാസ്യത്തിന്റെ ശബ്ദമായ മാളാ അരവിന്ദന്റെ ചിരിയെയും വൈക്കം വിജയലക്ഷ്മി തന്റെ അനുകരണ പാടവത്തിലൂടെ അവിസ്മരണീയമാക്കി. ഹരിമുരളീരവം ഭജനപ്പാട്ടിന്റെ രൂപത്തിൽ പാടിയും പലഗാനങ്ങളും കോമഡി കലർന്ന രീതിയിൽ പാടിയും അവർ ശരിക്കും കോമഡി സൂപ്പർ നൈറ്റിലെ സൂപ്പർ താരമായി.

ബാഹുബലിയിൽ അവർ തന്നെ മൂന്നു ഭാഷകളിൽ പാടിയ ഗാനം വേദിയിൽ പാടിയും അവർ വിസ്മയം തീർത്തു. യൂട്യൂബിലൂടെ വിജയലക്ഷ്മി പ്രകടനം കണ്ടത് മുപ്പതിനായിരത്തിലധികം പേരാണ്. വിജയലക്ഷ്മിക്കൊപ്പം ഉട്ടോപ്യയിലെ രാജാവിലെ മറ്റ് താരങ്ങളും പരിപാടിയിൽ പങ്കടുത്തിരുന്നു. ഉട്ടോപ്യയിലെ രാജാവിൽ വിജയലക്ഷ്മി പാടിയ 'ഉപ്പിനു പോണ വഴിയേത്' എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു.