ലാസ്‌വെഗസ്സ്: ഇടിക്കൂട്ടിൽ തന്നെ വെല്ലാൻ ആളില്ലെന്ന് ഫ്‌ലോയ്ഡ് മെയ്‌വതർ വീണ്ടും തെളിയിച്ചു. ബോക്‌സിങ് റിങ്ങിലെ നൂറ്റാണ്ടിലെ പോരാട്ടത്തിൽ മെയ് വെതർ ചാമ്പ്യൻ. ലോക ചാംപ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിൽ അമേരിക്കയുടെ ഫ്‌ളോയ്ഡ് മെയ്‌വെതർ ഫിലിപ്പീൻസിന്റെ മാനി പക്വിയോവോയുമാണ് തോൽപ്പിച്ചത്. അമേരിക്കയിലെ ലാസ് വെഗസ്സിൽ നടന്ന പോരാട്ടത്തിൽ 12 റൗണ്ടാണ് ഉണ്ടായത്. 112ന് എതിരെ 116 പോയന്റിനാണ് മെയ് വെതറിന്റെ വിജയം.

ലാസ് വെഗസ്സിലെ എം.ജി.എം ഗ്രാൻഡ് ഗാർഡൻ അരീനയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ബോക്‌സിങ്ങിലെ മഹാരഥന്മാരും ഹോളിവുഡ് താരങ്ങളും അടങ്ങുന്ന വി.ഐ.പികളെ സാക്ഷി നിർത്തിയാണ് മെയ്‌വതർ താൻ അജയ്യനാണെന്ന് തെളിയിച്ചത്. അഞ്ചുവ്യത്യസ്ത വിഭാഗങ്ങളിൽ ചാമ്പ്യനായിട്ടുള്ള മെയ്‌വതർ നാളിതുവരെ കളിച്ച 48 പ്രഫഷണൽ കളികളിലും തോൽവി അറിഞ്ഞിട്ടില്ല. ബാക്‌സിങ് ചരിത്രത്തിലെ ഏറ്റവും പണമൊഴുകിയ പോരാട്ടത്തിൽ പങ്കെടുത്ത മെയ്‌വതറർക്ക് രൂപ കണക്കിൽ ഏകദേശം 900 കോടി രൂപയും പാക്വിയാവോയ്ക്ക് 600 കോടി രൂപയുമാണ് പ്രതിഫലമായി ലഭിക്കുന്നത്.

മൂന്നു വിധികർത്താക്കളുടെയും തീരുമാനം മെയ്‌വതറിന് അനുകൂലമായി. 118-110, 116-112, 116-112 എന്നിങ്ങനെയാണ് വിധികർത്താക്കൾ പോയിന്റ് നൽകിയത്. മൂവായിരം മരതകങ്ങൾ പതിച്ച ബെൽറ്റാണ് സമ്മാനമായി മെയ് വതറിന് ലഭിച്ചത്. നാലാം റൗണ്ടിൽ ഒഴികെ പിഴവില്ലാത്ത പ്രതിരോധം തന്നെയാണ് പാക്വിയാവോയെ മറികടക്കാൻ മെയ്‌വതറിന് സഹായകമായത്. ഏകപക്ഷീയമാകുമെന്ന് പലരും വിലയിരുത്തിയ മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ചവച്ചാണ് പാക്വിയാവോ കീഴടങ്ങിയത്.കരിയറിൽ ആദ്യമായാണ് മെയ്‌വതറും പാക്വിയാവോയും ഏറ്റുമുട്ടിയത്. എം.ജി.എം ഗ്രാൻഡ് ഗാർഡൻ അരീനയിലെ തുടർച്ചയായ 11 ാം മത്സരമായിരുന്നു മെയ്‌വതറുടേത്. താൻ വിജയിച്ചുവെന്നാണ് കരുതിയതെന്നാണ് പാക്വിയാവോ മത്സരശേഷം പ്രതികരിച്ചത്.

പ്രൊഫഷൽ ബോക്‌സിംഗിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ലാത്ത മെയ്‌വെതറും അഞ്ചെണ്ണത്തിൽ മാത്രം തോറ്റ പക്വിയാവോയും നേർക്കുനേർ വന്ന മത്സരം വളരെ ആവേശകരമായിരുന്നു. ലാസ് വെഗസ്സിലെ എംജിഎം ഗ്രാൻഡ് ഗാർഡൻ അരീനയിലെ മത്സരത്തിൽ കാണുവാൻ 16,800 ഇരിപ്പിടങ്ങളും നിറഞ്ഞിരുന്നു. കായികമത്സര ലോകത്തെ ഏറ്റവും വലിയ പ്രതിഫല ത്തുകയാണ് ഈ പോരാട്ടത്തിലൂടെ ഇരുവർക്കും ലഭിക്കുക. 2,500 കോടിയോളം രൂപ ഈ പോരാട്ടത്തിലൂടെ പിരിഞ്ഞുവെന്നാണ് ഏകദേശ കണക്ക്.

ലാസ് വെഗസ്സിൽ 40 വർഷം മുമ്പുനടന്ന ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയും റോൺ ലൈലും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഓർമകളുണർത്തിയാണ് ഈ പോരാട്ടം നടന്നത്. അലി, ജോർജ് ഫോർമാൻ, മർവിൻ ഹാഗ്ലർ, ഓസ്‌കാർ ഡി ലാ ഹോയ തുടങ്ങിയവർ പങ്കാളികളായ ലോക പ്രശസ്ത പോരാട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച 83കാരൻ ബോബ് ആരുമിന്റെ കൗശലമാണ് ബോക്‌സിങ് ചരിത്രത്തിലെ ഏറ്റവും വലിയ മത്സരമെന്ന നിലയിലേക്ക് ഈ മാറ്റുരയ്ക്കലിനെ വളർത്തിയതും.

അമേരിക്കയിൽ നിന്നുള്ള 38കാരൻ മെയ്വെതർക്ക് റിങ്ങിൽ അതുല്യമായ റെക്കോഡാണുള്ളത്. 48 പോരാട്ടങ്ങളിൽ 48ലും ജയം. 1950കളിൽ 49 പോരാട്ടങ്ങളിൽ 43 നോക്കൗട്ട് വിജയങ്ങളോടെ 49ഉം ജയിച്ച റോക്കി മാർസിയാനോയുടെ റെക്കോഡാണ് മെയ്വെതർ ലക്ഷ്യമിടുന്നത്. അതേസമയം രണ്ടു വയസ്സ് ഇളപ്പമുള്ള ഫിലിപ്പീൻസുകാരനായ പാക്വിയാവോ(36) റിങ്ങിലെ മികവിൽ ഒട്ടും പിന്നിലല്ല. 67 മത്സരങ്ങളിൽ 57ഉം ജയിച്ച അദ്ദേഹം അഞ്ച് തോൽവി വഴങ്ങിയിട്ടുണ്ട്. ഇടയ്ക്ക് റിങ് വിട്ട് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയെങ്കിലും വീണ്ടും തിരിച്ചുവരികയായിരുന്നു. ഇന്ന് ഏറെ ആത്മവിശ്വാസത്തോടെയാണ് റിങ്ങിലെത്തിയത്. എന്നാൽ മെയ് വെതറിന്റെ വഴക്കത്തിന് മുന്നിൽ വീണു.

തെരുവിൽ വളർന്ന് ഫിലിപ്പീൻസുകാരുടെ ദേശീയ ഹീറോ ആയി വളർന്നയാളാണ് പാക്വിയാവോ. പ്രചാരണം കൊഴുപ്പിക്കാൻ പാക്വിയാവോയെ നന്മയുടെ പ്രതീകമായും മെയ്വെതറെ തിന്മയുടെ പ്രതീകമായുമാണ് ചിത്രീകരിച്ചിത്. 2010ൽ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിന് ശ്രമം നടന്നെങ്കിലും അന്നത് യാഥാർഥ്യമായില്ല. മുൻകാമുകിയെ അവരുടെ രണ്ടു മക്കളുടെ കൺമുന്നിൽവച്ച് തല്ലിച്ചതച്ചതിന് 2012ൽ രണ്ടുമാസം ജയിലിൽ കിടന്നയാളാണ് മെയ്വെതർ. ബോക്‌സിങ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണെങ്കിലും ശിഥിലമായ കുടുംബ ബന്ധം കാരണം ചെറുപ്പത്തിലേ ദാരിദ്ര്യമനുഭവിക്കേണ്ടി വന്നു. മയക്കുമരുന്നിനടിമയായി ജീവിതം നഷ്ടപ്പെട്ടുപോകുമായിരുന്ന മെയ്വെതറിന് ക്രൂരനായ അച്ഛനൊപ്പം ജിമ്മിൽ പോയ അനുഭവമാണ് ബോക്‌സിങ്ങിലേക്ക് ശ്രദ്ധതിരിക്കാൻ പ്രേരണയായത്.