സിഡ്‌നി: ന്യൂസൗത്ത് വേൽസിൽ ശക്തമായ തോതിൽ ഫ്‌ലൂ ബാധ. കഴിഞ്ഞ ഒരാഴ്ചയിൽ രണ്ടായിരത്തിലധികം പേർക്കാണ് ഫ്‌ലൂ ഉണ്ടായതായി റിപ്പോർട്ടുള്ളത്. ഈ വർഷം ഇൻഫ്‌ലുവൻസ എ (H3N2) എന്ന ഗണത്തിൽ പെടുന്ന ഫ്‌ലൂ ആണ് ന്യൂസൗത്ത് വേൽസിൽ വ്യാപകമായിട്ടുള്ളത്. പ്രായമായവരേയും തീരെ ചെറിയ കുട്ടികളേയും സാരമായി ബാധിക്കുന്നതാണ് ഇൻഫ്‌ലുവൻസ എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ 22 ഏജ്ഡ് കെയർ സെന്ററുകളിലാണ് ഇൻഫ്‌ലുവൻസ എ ശക്തമായ തോതിൽ ബാധിച്ചത്. പ്രായമായവരിൽ വാക്‌സിനേഷൻ ഏറെ ഫലപ്രദമല്ലാത്തതിനാൽ ഏജ്ഡ് കെയർ സെന്ററുകളുടെ പരിസരത്തുനിന്ന് ഈ രോഗബാധയുള്ളവർ മാറി നിൽക്കണമെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഈ വർഷം 79 ഏജ്ഡ് കെയർ സെന്ററിൽ ഫ്‌ലൂബാധ ഉണ്ടായിട്ടുണ്ടെന്നും ഇവിടെയുണ്ടായിരുന്ന സ്റ്റാഫുകളും അന്തേവാസികളും ഉൾപ്പെടെ 942 പേർക്ക് ഇതു മൂലം ബുദ്ധിമുട്ട് ഉണ്ടായെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ ഫ്‌ലൂ ബാധ 45 മരണത്തിനും ഇടയാക്കി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫ്‌ലൂ ബാധിതരുടെ എണ്ണത്തിൽ ഇരട്ടി വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് ന്യൂ സൗത്ത് വേൽസ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിലെ വിക്കി ഷെപ്പേർഡ് വെളിപ്പെടുത്തുന്നു. കൂടുതലും പേർക്ക് ടൈപ്പ് ബി ഇൻഫ്‌ലുവൻസയാണ് പിടിപെട്ടത്. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് ന്യൂ സൗത്ത് വേൽസിൽ 2341 പേർ കഴിഞ്ഞാഴ്ച ഇൻഫ്‌ലുവൻസ് ബാധിതരാണ്. ഇതിൽ 141 പേർ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ ചികിത്സ തേടിയെത്തുകയും ചെയ്തു. ഈ വർഷം ഇതാദ്യമായാണ് ഇത്തരത്തിൽ ഇത്രയധികം ഫ്‌ലൂ ബാധിതർ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ ചികിത്സ തേടിയെത്തുന്നത്.

സിഡ്‌നിയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഫ്‌ലൂ ബാധിച്ചിട്ടുള്ളത്. ഒരുൂ ലക്ഷത്തിൽ 18.46 ആൾക്കാർ എന്ന തോതിലാണ് ഫ്‌ലൂ ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.