ന്യൂയോർക്ക്: അമേരിക്കയിലെ 43 സംസ്ഥാനങ്ങളിലും പകർച്ചവ്യാധിയായിക്കൊണ്ട് പകർച്ചപ്പനി പടരുന്നു. ആറു കുട്ടികളുടെ കൂടി ജീവനെടുത്ത പകർച്ചപ്പനിക്കെതിരേ അതീവജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഇതോടെ ഈ സീസണിൽ ഫ്‌ലൂ ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 21 ആയി ഉയർന്നിരിക്കുകയാണ്.

മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി പടരുന്ന ഇൻഫ്‌ലുവൻസ് എ (H3N2) വൈറസ് ആണ് ഈവർഷത്തെ പകർച്ചപ്പനിക്കു കാരണം. മറ്റു വൈറസിൽ നിന്ന് ഏറെ അപകടകാരിയാണ് H3N2 വൈറസ്. അതുകൊണ്ടു തന്നെ സാധാരണ ഫ്‌ലൂവിനെതിരേയുള്ള വാക്‌സിന് ഇതിന് ഫലപ്രദമാകുന്നുമില്ല. എന്നിരുന്നാലും ഫ്‌ലൂവിനെതിരേയുള്ള വാക്‌സിൻ മുടക്കരുതെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നിർദേശിക്കുന്നു. വാക്‌സിനേഷൻ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും രോഗബാധയുടെ തീവ്രത കുറയ്ക്കുകയും ചെയ്യുമെന്ന് സിഡിസി അധികൃതർ പറയുന്നു.

ഡിസംബറിലെ രണ്ടാമത്തെ ആഴ്ച ഫ്‌ലൂ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് അല്പം ശമനം കണ്ടിരുന്നുവെങ്കിലും ഇപ്പോൾ 43 സംസ്ഥാനങ്ങളിലും പടർന്നിരിക്കുകയാണിത്. മുൻ വർഷങ്ങളിലെ മരണനിരക്കുകമായി താരതമ്യപ്പെടുത്തിയാണ് ഫ്‌ലൂ പകർച്ചവ്യാധിയായി സിഡിസി പ്രഖ്യാപിക്കുന്നത്. ഒക്ടോബർ ഒന്നു മുതൽ 13 സംസ്ഥാനങ്ങളിലായി 3,441 കേസുകൾ ഫ്‌ലൂവുമായിബന്ധപ്പെട്ട് ആശുപത്രികളിലെത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ യഥാർഥ കണക്ക് ഇതിനെക്കാൾ എത്രയോ ശതമാനം ഏറെയാണെന്നാണ് പറയപ്പെടുന്നത്.

ചെറിയ കുട്ടികൾക്കും പ്രായമായവർക്കുമാണ്  ഫ്‌ലൂ മൂലം ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നത്. മിക്കവരേയും ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടി വരും. ചിലർക്ക് ഫ്‌ലൂ ബാധ ജീവൻ തന്നെ അപകടത്തിലാക്കും. വാക്‌സിൻ എടുത്താൽ തന്നെ അതിന്റെ പ്രയോജനം ലഭ്യമാകാൻ രണ്ടാഴ്ചയോളം എടുക്കും. ചെറിയ കുട്ടികളും ആസ്ത്മ, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ള പ്രായമായവരും രോഗലക്ഷണം കാണുമ്പോൾ തന്നെ ആന്റിവൈറൽ മരുന്നുകൾ കഴിച്ചുതുടങ്ങണമെന്നാണ് സിഡിസി നിർദേശിക്കുന്നത്. ഫ്‌ലൂ ബാധിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ മരുന്നുകൾ കഴിക്കുന്നതാണ് അഭികാമ്യം. എന്നാൽ 24 മണിക്കൂറിനുള്ളിൽ മരുന്ന് കഴിക്കുന്നത് ആരംഭിച്ചാൽ ഏറ്റവും മെച്ചം ലഭിക്കുമെന്നും സിഡിസി വക്താവ് മൈക്കിൾ ജുംഗ് പറയുന്നു.