ദുബായ്: വാർഷികാഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക നിരക്കിളവുകൾ പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്. ദുബായിയിൽ നിന്ന് കൊച്ചി, കോഴിക്കോട്, മുംബൈ സെക്ടറുകളിലേക്ക് വൺവേ ടിക്കറ്റിന് 244 ദിർഹവും ഡൽഹി, അഹമ്മദാബാദ്, അമൃത്സർ, മധുര, പൂണെ എന്നിവിടങ്ങളിലേക്ക് 344 ദിർഹവും പ്രത്യേക യാത്രാ നിരക്കുകൾ ലഭ്യമാകുമെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. ദുബായിയിൽ നിന്ന് ഒരു ദിശയിലേക്ക് യാത്ര ചെയ്യുമ്പോൾ മാത്രമായിരിക്കും ഈ ഇളവുകൾ ലഭ്യമാകുകയെന്നാണ് ചെയർമാൻ അജയ് സിങ് പ്രഖ്യാപിച്ചത്. ഡിസംബർ മൂന്ന് അർധരാത്രി വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും.

ടിക്കറ്റ് ചാർജുകൾക്കൊപ്പം നികുതിയും നൽകേണ്ടി വരും. ഫെബ്രുവരി ഒന്നു മുതൽ ഒക്ടോബർ 29 വരെയാണ് ഈ പ്രത്യേക നിരക്കിലുള്ള ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നത്. ടിക്കറ്റുകൾ സ്‌പൈസ് ജെറ്റ് വെബ് സൈറ്റിലൂടെയോ ട്രാവൽ ഏജന്റു മുഖേനയോ ബുക്ക് ചെയ്യും. ഓരോ വിമാനത്തിലും പരിമിതമായ ടിക്കറ്റുകൾ മാത്രമേ ഈ നിരക്കിൽ ലഭ്യമാകൂ. അതിനാൽ ആദ്യം ബുക്ക് ചെയ്യുന്നവർക്കായിരിക്കും മുൻഗണന ലഭിക്കുക.

അതേസമയം പ്രത്യേക നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് റദ്ദാക്കിയാൽ തുക തിരിച്ചു നൽകുന്നതല്ല. എന്നാൽ യാത്രാ തിയതി മാറ്റണമെന്നുള്ളവർക്ക് 130 ദിർഹം കൂടുതൽ നൽകി ഡേറ്റ് മാറ്റിയെടുക്കാം. എട്ടു പേരിൽ കൂടുതലുണ്ടെങ്കിലും ഒരുമിച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഗൾഫിലെ വേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഈ നിരക്ക് ലഭ്യമെല്ലെന്നും അജയ് സിങ് വ്യക്തമാക്കി. യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചും സ്‌പൈസ് ജെറ്റ് പത്താം വാർഷികാഘോഷങ്ങളോടനുബന്ധിച്ചുമാണ് കമ്പനി നിരക്കിളവുകൾ പ്രഖ്യാപിച്ചത്.