താമ്പ (ഫ്ളോറിഡ): അനധികൃത കുടിയേറ്റക്കാരെ പൊലീസിന് പിടിച്ചു കൊടുത്താൽ നൂറുഡോളർ പ്രതിഫലം നൽകുമെന്ന് എഴുതിയ പോസ്റ്ററുകൾ വ്യാപകമായി റ്റാമ്പ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതായി പരാതി. ഹോംലാന്റ് സെക്യൂരിറ്റി ലോഗൊയും, ക്രൈം സ്റ്റോപ്പേഴ്സിന്റെ നമ്പറും ഈ പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.

ഇത്തരം വ്യാജ പ്രചരണങ്ങൾ അനേകരുടെ ഉറക്കം കെടുത്തുന്നതായി അറ്റോർണി ജമീല ലിറ്റിൽ പറഞ്ഞു.ഐ.സി.ഇ. ഇത്തരം പോസ്റ്ററുകൾ ഇറക്കിയിട്ടില്ലെന്നും, ഇതിൽ ചൂണ്ടികാണിച്ച ക്രൈം സ്റ്റോപ്പേഴ്സിന്റെ നമ്പർ ശരിയാണെന്നും, അധികൃതർ പറഞ്ഞു.

ഫ്ളോറിഡായിൽ മാത്രമല്ല ടെക്സസ്സിലും ഇത്തരം ഫൽയറുകൾ ഇറങ്ങിയിട്ടുണ്ടെന്നും, ഇതിന്റെ പുറകിൽ ആരാണെന്ന് കണ്ടുപിടിക്കാനായിട്ടില്ലെന്നും അധികൃതർ പറഞ്ഞു.ഔദ്യോഗിക ലോഗൊ അനധികൃതമായി ഉപയോഗിച്ചവർക്ക് 5 വർഷം വരെ തടവു ശിക്ഷ ലഭിക്കുമെന്ന് ഫെഡറൽ അറ്റോർണി പറഞ്ഞു.