ദോഹ: പ്രവാസികൾക്ക് കൈത്താങ്ങാകേണ്ട എയർഇന്ത്യ കനത്ത ടിക്കറ്റ് നിരക്കുമായി പ്രവാസികളെ പിഴിയുമ്പോൾ പ്രതീക്ഷയേകി ഖത്തർ എയർവേയ്‌സ വിമാനയാത്രാ നിരക്കു കുറയ്ക്കാൻ ആലോചിക്കുന്നു. എണ്ണവില കുറഞ്ഞതിനാൽ വിമാന ടിക്കറ്റിലുള്ള ഇന്ധന സർചാർജ് കുറയ്ക്കാൻ ആലോചിക്കുന്നതായി ഖത്തർ എയർവേയ്‌സ് സിഇഒ അക്‌ബർ അൽ ബേക്കർ പറഞ്ഞു.

എന്നാൽ സർചാർജ് എത്രശതമാനം വരെ കുറയ്ക്കും എന്നതു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. അടിസ്ഥാന നിരക്ക് കുറയ്ക്കില്ലെന്നും ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ധന സർചാർജാണ് ഒഴിവാക്കുകയെന്നും അദ്ദേഹം അറിയിച്ചു.അടിസ്ഥാന നിരക്കിൽ മാറ്റമുണ്ടാകില്ല. നിലവിൽ 20 ശതമാനത്തിനു മുകളിലാണ് ഒരോ ടിക്കറ്റിലും ഇന്ധന സർചാർജ്. ഇതിൽ എത്ര കുറവുവരുത്തിയാലും പ്രവാസികൾക്കു വലിയ ആശ്വാസമാകും.

അടുത്തയാഴ്ച ദോഹയിൽനിന്നു കൊച്ചിയിലേക്കുള്ള ഇക്കോണമി ക്ലാസ് ടിക്കറ്റിന് 1200 റിയാലാണു ഖത്തർ എയർവേയ്‌സിലെ നിരക്ക്. ഇതിൽ 830 റിയാലാണു യഥാർഥ യാത്രക്കൂലി. 370 റിയാലും വിവിധ നികുതികളാണ്. 320 റിയാലാണ് ഇന്ധന സർചാർജ് (26 %). 40 റിയാൽ എയർപോർട്ട് ഫീസും 10 റിയാൽ പാസഞ്ചർ സർവീസ് ചാർജുമാണ്. ഇന്ധന സർചാർജ് പകുതിയാക്കി കുറച്ചാൽപോലും ഓരോ ടിക്കറ്റിലും നല്ല വ്യത്യാസമുണ്ടാകും.