സ്‌റ്റോക്ക് ഓണ് ട്രെന്റ്: നവംബർ 8. എങ്ങനെ ആയിരിക്കും ഈ ദിവസം യുകെ മലയാളികളുടെ ചരിത്രത്തിൽ കുറിക്കപ്പെടുക. ആദ്യ ഫോബ്മ കലോത്സവം നീണ്ട 12 മണിക്കൂർ ഇരമ്പിയാർത്ത പേമാരി പോലെ പെയ്തിറങ്ങിയപ്പോൾ പിറന്നു വീണത് പുതുയുഗം തന്നെ. പരിപാടികൾ തുടങ്ങിയതിലെ കൃത്യനിഷ്ട, നൃത്ത നൃത്തേതര ഇനങ്ങളുടെ ഉയർന്ന നിലവാരം, നിറഞ്ഞ സദസ്, നിലയ്ക്കാത്ത കയ്യടി, ജയിച്ചവർക്കും തോറ്റവർക്കും നല്ലതെന്നു പറയാൻ തോന്നിയ മാനസികാവസ്ഥ.. അങ്ങനെ എണ്ണിയാൽ തീരാത്ത നന്മകളുടെ കഥയാണ് സ്‌റ്റോക്ക് ഓൺ ട്രന്റിലെ കോപറേറ്റീവ് ഓഡിറ്റോറിയത്തിൽ നിന്നും പറയാനുള്ളത്. സ്‌റ്റോക്ക് ഓൺ ട്രെന്റ് കോ ഓപ്പറേറ്റീവ് ഓടിറ്റൊറിയത്തിൽ തിങ്ങി നിറഞ്ഞ കാണികളും കേരള നിയമ സഭയിലെ അംഗങ്ങളും ഒരു പോലെ അംഗീകാരത്തിന്റെയും ആശിർവാദത്തിന്റെയും കയ്യൊപ്പ് ചാർത്തി നൽകിയപ്പോൾ ഇനിയാർക്കും വെറും വാക്കിന് പോലും ഈ സംഘടനയെ, പ്രസംഗകരുടെ വാക്കുകൾ കടം എടുത്താൽ, ഈ പ്രസ്ഥാനത്തെ തള്ളിപ്പറയാൻ കഴിയില്ല എന്ന് കൂടി തെളിയിച്ചാണ് നവംബർ 8 ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് വിടവാങ്ങിയിരിക്കുന്നത്.

വർണ വിസ്മയങ്ങൾ വാരി വിതറി കൊച്ച് കലാകാരികളും കലാകാരന്മാരും ചിലങ്ക അണിഞ്ഞ് അരങ്ങിൽ എത്തിയപ്പോൾ കലയുടെ ഒരിക്കലും വിസ്മരിക്കാനാവാത്ത ഒരു പകലാണ് സ്‌റ്റോക്കിൽ പിറന്നു വീണത്. വാശിയേറിയ മത്സരത്തിനൊടുവിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി കലാതിലകമായി ബ്രിട്ടിഷ് മലയാളി നല്കിയ ഒരു പവന്റെ സ്വർണ്ണ പതക്കം ഏറ്റ് വാങ്ങിയത് യു കെ യിലെ ഒട്ടേറെ മത്സര വേദികളിൽ പ്രതിഭ തെളിയിച്ച സ്‌റോക്ക് ഓൺ ട്രെന്റിലെ ജെനിറ്റ് റോസ് തോമസ് ആയിരുന്നു. ബ്രിട്ടിഷ് മലയാളി കൊടുത്ത ഒരു പവന്റെ രണ്ടാമത്തെ സ്വർണ്ണ പതക്കം ഏറ്റുവാങ്ങി കലാപ്രതിഭ പട്ടം ചൂടിയത് മലയാളി അസോസിയേഷൻ ഓഫ് പ്രസ്റ്റൺ പ്രതിനിധിയായി എത്തിയ നവനന്ദൻ ആയിരുന്നു. ഇരുവരും ബ്രിട്ടീഷ് മലയാളി നല്കിയ സുവർണ പതക്കം ഏറ്റു വാങ്ങിയപ്പോൾ ആദരവോടെ സദസ്സ് മുഴുവൻ എഴുന്നെറ്റു നിന്ന് ഇരു കൗമാര പ്രതിഭകളെയും നമിച്ചു. ആർപ്പു വിളികളും ഹർഷാരവങ്ങളും മുദ്രാവാക്യവും അന്തരീക്ഷത്തിൽ ഉയരവേ കലോത്സവത്തിലെ മികച്ച അസോസിയേഷനുള്ള ബ്രിട്ടീഷ് മലയാളി ട്രോഫി ഇപ്‌സ്വിച് കേരള കൾച്ചറൽ അസോസിയേഷന്റെ കൈകളിൽ സുഭദ്രമായി.

രാവിലെ പത്തു മണിക്ക് ഭരത നാട്യം ജൂനിയർ മത്സരം തുടങ്ങിയപ്പോൾ തന്നെ വിദൂര ദേശത്തുള്ളവർ ഒക്കെ എത്തിക്കഴിഞ്ഞിരുന്നു. ബ്ലാക്പൂൾ, നോട്ടിങ്ങ്ഹാം, ഇപ്‌സ്വിച്, പ്രസ്റ്റൻ, തുടങ്ങി അനേകം സ്ഥലങ്ങളിൽ നിന്നും ബസുകളിൽ പുലർച്ചെ തന്നെ എത്തിയവരെ കൊണ്ട് ഹാളും പരിസരവും ഉത്സവ ചായയിൽ ആയി. ഇത് കൂടുതൽ വ്യക്തമായത് കാറ്ററിങ് ചുമതല ഏറ്റ ഷെഫ് വിജയുടെ മുഖത്ത് പരന്ന പുഞ്ചിരിയിലൂടെയയിരുന്നു. ഹാൾ തുറന്ന 9 മണി മുതൽ ചായയും പലഹാരവും മസാല ദോശയും ഒക്കെ ചൂടെടെ നല്കിയ ഷെഫ് വിജയ്ക്ക് ഉഗ്രൻ ലോട്ടറി തന്നെയായി ഇന്നലത്തെ കച്ചവടം. രാവിലെ മുതൽ കേറ്ററിങ് സ്റ്റാളിൽ അനുഭവപെട്ട തിരക്ക് കലോത്സവം കൊടിയിറങ്ങിയ രാത്രി 10 നു ശേഷവും തുടർന്നു.
 
ഇരു വേദികളിലും ഒരു തടസ്സും ഇല്ലാതെ നിർബാധം പരിപാടികൾ മുന്നെരിക്കൊണ്ടിരിക്കെ ഫോബ്മ കലോത്സവത്തിൽ സാഹിത്യ മത്സരങ്ങൾക്കും അനേകം കാഴ്‌ച്ചക്കരുണ്ടായി എന്നത് പ്രത്യേകതയായി. യു കെ യിൽ നടക്കുന്ന ഒട്ടെല്ലാ മത്സര വേദിയിലും പ്രധാന സ്‌റെജിൽ മാത്രം കാണികൾ താല്പര്യം കാണിക്കുമ്പോൾ കലയുമായി കൂടുതൽ അടുപ്പമുള്ളവരാണ് ഫോബ്മയുടെ അംഗങ്ങൾ എന്നതാകാം രണ്ടാം വേദിയും സമ്പുഷ്ടം ആകാൻ കാരണം .
 
ഒരു മത്സരത്തിൽ പങ്കെടുക്കുന്ന വീറും വാശിയും പ്രകടിപ്പിക്കുന്നതിന് പകരം ഒരു കാർണിവൽ ആഘോഷത്തിന്റെ രസ ഭാവങ്ങളാണ് കലോത്സവ വേദിയിൽ ലഭ്യമായത്. ഫോബ്മ കലോത്സവത്തിന്റെ മുഖ്യാതിഥികളും ഫോബ്മയുടെ ഔദ്യോഗിക ഉദ്ഘാടകരുമായി എത്തിയ ചെങ്ങന്നൂർ - അരൂർ എംഎൽഎമാരുടെ പ്രതികരണം മാത്രം മതിയായിരുന്നു ഈ ആഘോഷത്തിന്റെ വിജയം തെളിയിക്കാൻ. എംഎൽഎമാരുടെ സൗകര്യാർത്ഥം മത്സരങ്ങൾ പൂർത്തിയാക്കും മുമ്പ് സാംസ്‌കാരിക സമ്മേളനം തുടങ്ങിയത് എല്ലാവർക്കും ആവേശമായി മാറി. ഫോബ്മയുടെ പരിപാടിയിൽ പങ്കെടുക്കാതിരിക്കാൻ വൻ സമ്മർദ്ദം നേരിട്ടിട്ടും അതൊന്നും കാര്യമാക്കാതെ എത്തിയ എംഎൽഎമാർ ചിലർ പറഞ്ഞുകേൾപ്പിച്ച നുണക്കഥ വിശ്വസിക്കാതിരുന്നതിന്റെ ആവേശത്തിലായിരുന്നു.  ഫോബ്മയുടെ പരിപാടിയിൽ പങ്കെടുക്കരുത് എന്ന് ചിലർ  ഇവരോട് ആവശ്യപ്പെട്ടപ്പോൾ, മറ്റു പരിപാടികളിൽ കൂടി പങ്കെടുത്തെ മടങ്ങാവൂ എന്ന ഫോബ്മ നേതാക്കളുടെ നിലപാട് തന്നെ കാര്യങ്ങളുടെ സുവ്യക്തത ബോധ്യപ്പെടുതുന്നതായി ഇരുവരും സൂചിപ്പിച്ചു. ഫോബ്മ ഉത്സവത്തിന് ശേഷം ലെസ്റ്ററിൽ നടന്ന യുക്മ കലാമേള സ്ഥലവും സന്ദർശിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.

യുകെയിലെ പല വേദികളിലും നേതാക്കളുടെ വാചകമടി കസർത്തുകൾ കണ്ടു മടുത്ത ജനം ഒറ്റവരിയിൽ കാര്യങ്ങൾ പറഞ്ഞു പോകുന്ന ഫോബ്മ പ്രസിഡന്റ് അജിത് പാലിയത്തിന് കരഘോഷം മുഴക്കിയപ്പോൾ വിശിഷ്ട അതിഥി ആയ എം എൽഎ എം എ ആരിഫിൽ നിന്നും അജിത്തിന് ഒരു അപ്രതീക്ഷിത സമ്മാനം കിട്ടി. കോളേജ് പഠന കാലത്ത് സതീർത്ഥ്യൻ ആയിരുന്ന അജിത് പല വേദികളിലും ഉപദേശകന്റെ റോളിൽ ആയിരുന്നെങ്കിലും, ഇത്ര ദൂരെ, അതും യുകെയിൽ ഒരു സംഘടനയുടെ തലപ്പത്ത് കാണുവാൻ സാധിക്കും എന്ന് സ്വപ്നത്തിൽ പ്രതീക്ഷിച്ചില്ല എന്ന് ആരിഫിന് പറഞ്ഞു മുഴുമിപ്പിക്കാൻ സദസ്സ് അനുവദിച്ചില്ല, അതിന് മുന്നേ കരഘോഷം ഉച്ചസ്ഥായിയിൽ ആയി. ഏതായാലും അജിത്തിനെ പോലെ ഒരാൾക്ക് ഫോബ്മയെ നയിച്ച് യുകെ മലയാളികളുടെ പ്രതീക്ഷയും സ്വപ്നവും സഫലമാക്കാൻ സാധിക്കും എന്നതിൽ തനിക്ക് ഒരു സന്ദേഹവും കൂടിയില്ലെന്നു എംഎൽഎ പറഞ്ഞപ്പോൾ തങ്ങൾക്കും അത് തന്നെയാണ് പറയാനുള്ളതെന്ന് സദസ്സിന്റെ പിൻനിരയിൽ നിന്ന് വന്ന കമന്റും ജനകീയ സംഘടകൻ എന്ന പരിവേഷം അജിത്തിന് നൽകി.
 
മറ്റൊരു പരിപാടിയിൽ സാന്നിധ്യം അറിയിക്കുക എന്ന കടമ ഉള്ളതിനാൽ നീന കുറുപ്പും, കിഷോർ വർമ്മയും ഷെയ്ക്കയും അടങ്ങുന്ന താരപരിവേഷം ഉള്ള വേദി വിട്ടു പോകുന്നത് വേദനയോടെ ആണെന്നാണ് വിഷ്ണുനാഥ് കൂട്ടി ചേർത്തത്. ഈ പാട്ടുകാരെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞു സദസ്സിന്റെ മൂഡ് മനസ്സിലാക്കിയ അദ്ദേഹം താനൊരു പാട്ട് പാടാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിയത് സദസ്സ്യരാണ്. പാടാൻ ഉള്ള തയ്യാറെടുപ്പെന്നു പറഞ്ഞു തൊട്ടു താഴെ ഇരുന്നു സൗണ്ട് സിസ്റ്റം നിയന്ത്രിച്ചിരുന്ന സാലിസ്‌ബറിയിലെ രാജേഷ് ടോംസിന്റെ കുപ്പി വെള്ളം വാങ്ങി എംഎൽഎ കുടിച്ചപ്പോൾ ഇനി എന്ത് സംഭവിക്കും എന്ന ആകാക്ഷയിലായി സദസ്സ്.

എന്നാൽ സകലരെയും ശരിക്കും അമ്പരപ്പിച്ചു ഉണ്ണി മേനോൻ പാടിയ പ്രഭ വർമ്മ എഴുതിയ ശരത് സംവിധാനം ചെയ്ത സിനിമയിലെ ''ചെമ്പനീർ പൂവിറുത്തു ഞാനോമലേ, ഒരു വേള നിൻ നേർക്ക് നീട്ടിയില്ല, എങ്കിലും എങ്ങനെ നീ അറിഞ്ഞു, എന്റെ ചെമ്പനീർ പൂക്കുന്നതാ നിനക്കായി, സുഗന്ധം പരക്കുന്നതാ നിനക്കായി, പറയൂ, നീ പറയൂ...'' എന്ന വരികൾ ആലപിച്ചപ്പോൾ തുടക്കം മുതൽ നല്ല ഈണത്തിൽ കയ്യടിമയി സദസ്സ്യരും കൂടി. തന്റെ പാട്ട് കേട്ട് കഴിഞ്ഞാലും തന്നെ ഇഷ്ട്ടപ്പെടണം എന്ന് എംഎൽഎ മുൻകൂട്ടി പറഞ്ഞില്ലായിരുന്നെങ്കിലും, സത്യത്തിൽ അത് തന്നെ സംഭവിച്ചു. കരഘോഷവും വൺസ് മോർ വിളികളും നിറഞ്ഞ സദസ് ശാന്തമാകാൻ അഞ്ച് നിമിഷം സമയമെടുത്തു. എംഎൽഎയുടെ പ്രകടനത്തിൽ അവതരകാരായ രഷ്മിയും ജോഷി വള്ളൂരും നിഷ്പ്രഭരായി.  
പിസി വിഷ്ണുനാഥ് ഫോബ്മ കലോത്സവത്തിൽ പാടിയ പാട്ടാണ് ചുവടെ ചേർത്തിരിക്കുന്നത്.

താരങ്ങളായ നീന കുറുപ്പ്, കിഷോർ വർമ്മ, ഷൈക്ക, ഹിന്ദു ഐക്യ വേദി നേതാക്കളായ ടി. ഹരിദാസ്, എ. പി. രാധാകൃഷ്ണൻ, യുകെകെസിഎ സെക്രടറി റോയ് സ്റ്റീഫൻ, ബ്രിട്ടീഷ് മലയാളി റസിഡന്റ് എഡിറ്റർ കെ ആർ ഷൈജുമോൻ, ഫിലിം നിർമ്മാതാവ് ജേക്കബ് കോയിപ്പുറം, പ്രധാന സ്‌പോൺസർമാരായ അലൈഡ് ഫിനാൻഷ്യൽ സർവിസസ് സാരഥികളായ ജോയ് തോമസ്, ബിജോ ടോം തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് സാംസ്‌കാരിക സമ്മേളനം അരങ്ങേറിയത്. ഫേബ്മ സെക്രട്ടറി അജിമോന് ഇടക്കര സ്വാഗതം ആശംസിച്ച ചടങ്ങിൽ ജനപ്രിയ നേതാക്കളായ വിഷ്ണു നാഥും ആരിഫും യുകെ മലയാളികളുടെ പ്രിയ സാമൂഹിക സാംസ്‌കാരിക നായകരും ചേർന്ന് ഫോബ്മയുടെ ഔദ്യോഗിക ഉദ്ഘാടനവും നിർവ്വഹിച്ചു.

സാംസ്‌കാരിക പരിപടികൾക്ക് ശേഷം വീണ്ടും മത്സര ചൂടിലേക്ക് കടന്ന കലോസവ വേദി നിശ്ചിത സമയത്തിലും ഒരു മണിക്കൂറോളം വൈകി തിരശീല വീഴുമ്പോൾ, എങ്ങും എവിടെയും ഒരു പരാതിയും ഇല്ല. എല്ലാ മുഖങ്ങളിലും പുഞ്ചിരിയുടെ സാന്നിധ്യം. പലരും കെട്ടിപ്പിടിച്ചു ആശംസകൾ കൈമാറുന്നു. വിജയിച്ചവരും സമ്മാനം കിട്ടാതെ പോയവരും പരസ്പ്പരം സ്‌നേഹം പങ്കിടുന്നു. ഒടുവിലായി ആരോ മുഴക്കിയ ഒരു കമന്റ് ഉച്ചഭാഷിണിയിലൂടെ ഒഴുകി എത്തി, വീണ്ടും കാണാം, അടുത്ത വർഷം, അതെവിടെ ആയാലും.