റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. അതേസമയം മുൻ മുഖ്യമന്ത്രിയായ ജഗന്നാഥ് മിശ്രയെ കുറ്റവിമുക്തനാക്കി കൊണ്ടാണ് കോടതി ഉത്തരവ് പുറത്തുവന്നത്. റാഞ്ചി പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. കാലിതീറ്റ കുംഭകോണകവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് വിധി. ജനുവരി മൂന്നിന് ശിക്ഷ വിധിക്കും. അതേസമയം ബീഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയടക്കം ആറു പേരെ വെറുതെവിട്ടു.

ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ വിധി പ്രസ്താവിക്കും വരെ അദ്ദേഹത്തെ ജയിലിൽ പ്രവേശിപ്പിക്കും. അതിനായി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നു തന്നെ അദ്ദേഹത്തെ ജയിലിൽ പാർപ്പിക്കും. കേസിൽ ലാലു പ്രസാദ് യാദവ് അടക്കം 16 പേർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ബിഹാർ മുഖ്യമന്ത്രിയായിരിക്കെ 1990-97 കാലയളവിൽ കാലിത്തീറ്റ കുംഭകോണത്തിൽ 89 ലക്ഷം രൂപ വെട്ടിച്ച കേസിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. അഴിമതി നടന്ന 1990 മുതലുള്ള ലാലുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും സിബിഐ കോടതി ഉത്തരവിട്ടു. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലാലുവിനെ റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലേക്ക് മാറ്റും.

മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് 900 കോടിയോളം രൂപ തട്ടിയ കേസുകളാണ് ലാലുവിനും കൂട്ടർക്കുമെതിരെ രജിസ്റ്റർ ചെയ്തത്. ട്രഷറികളിൽ നിന്ന് പലപ്പോഴായി പല തുകയാണ് പിൻവലിച്ചത്. ഇതിൽ ദിയോഗർ ട്രഷറിയിൽ നിന്നും പണം വെട്ടിച്ച കേസിലാണ് സിബിഐ കോടതി വിധി പറഞ്ഞത്. ലാലു അടക്കം 20 പേർ കേസിൽ പ്രതികളായ കേസിൽ ഡിസംബർ 13നാണ് വാദം പൂർത്തിയായത്.

2013ൽ ആദ്യ കേസിൽ വിധി പറഞ്ഞ കോടതി ലാലുവിന് അഞ്ച് വർഷം തടവുശിക്ഷ വിധിക്കുകയും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ജയിലിൽ കിടന്ന ലാലുവിന് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത് നാലു കേസുകളിലും ലാലു പ്രസാദ് യാദവ് വെവ്വേറെ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

ഒരു കേസിൽ അഞ്ചു വർഷം തടവിന് ശിക്ഷിച്ചതിനാൽ അനുബന്ധ കേസുകളിൽ പ്രത്യേകം ഗൂഢാലോചന ചുമത്തി വിചാരണ വേണ്ടെന്ന ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ഗൂഢാലോചനക്കുറ്റം പുനഃ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഡിസംബർ 13 ന് കേസിൽ വാദം കേൾക്കൽ പൂർത്തിയായിരുന്നു. വിധി കേൾക്കാൻ കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. വിധി എന്തു തന്നെയായാലും പ്രവർത്തകർ സംയമനം പാലിക്കണെന്നായിരുന്നു ലാലു പ്രസാദ് യാദവ് നേരത്തെ ആവശ്യപ്പെട്ടത്.